വിധവകളുടെ ജീവിതത്തിന്റെ വന്‍കരങ്ങളിലേക്കുള്ള ധ്യാനാത്മക സഞ്ചാരം – വൈധവ്യം

“… അതുകൊണ്ട് നിങ്ങള്‍ കരയണം, അവന്റെ പാദാന്തികത്തിലിരുന്ന്… അവന്റെ കരം പിടിച്ച്… അവന്റെ മടിയില്‍ മുഖം ചേര്‍ത്ത്… അവന്‍ നിങ്ങളെ ആശ്വസിപ്പിക്കും. അവനറിയാം, പെരുങ്കടലില്‍ ഒറ്റപ്പെട്ടുപോയ ഒരുവളുടെ സങ്കടങ്ങളുടെ ആഴം. കാരണം അവന്റെ അമ്മയും ഒരു വിധവയായിരുന്നു.”

വൈധവ്യം എന്ന പുസ്തകത്തിലെ ഒരു അധ്യായം ഗ്രന്ഥകാരന്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ബൈബിളിലെ ഓരോ തിരുവചനങ്ങളും വിധവകളുടെ ജീവിതത്തോട് ചേര്‍ത്തുവച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ ഇവിടെ വിധവകളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ബൈബിളില്‍ നൂറോളം തവണ വിധവകളെക്കുറിച്ച് പരാമര്‍ശമുണ്ട്. അവരുടെ അവകാശങ്ങളെക്കുറിച്ചും അവരോട് കരുണ കാണിക്കേണ്ടതിനെ കുറിച്ചും.

ക്രിസ്തീയപരിപ്രേക്ഷ്യം ഈ കൃതിയില്‍ പലതരത്തില്‍ പ്രകടമാണെങ്കിലും മതാതീതമായ ഒരു മുഖമാണ് ഈ കൃതിക്കുള്ളത്. ഹൈന്ദവ – ഇസ്ലാം മതങ്ങള്‍ വിധവകളെ എങ്ങനെയാണ് കാണുന്നതെന്നും വൈധവ്യത്തിന്റെ ചരിത്രവുമൊക്കെ പരിശോധിക്കുന്നത് ഇതിന്റെ ഭാഗമാണ്.

പതിവുപോലെ, ലളിതമായ ഭാഷയിലാണ് വിനായക് ഇവിടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതെങ്കിലും കൈകാര്യം ചെയ്യുന്ന വിഷയത്തിലും അവതരിപ്പിക്കുന്ന പ്രശ്നങ്ങളിലും ആ ലാളിത്യം കാണാനില്ല. സമൂഹത്തിന്റെ അടിയന്തിരശ്രദ്ധ പതിയേണ്ട ഒരു വിഭാഗമാണ് വിധവകളെന്ന് ഈ കൃതി വായിച്ചവസാനിപ്പിക്കുമ്പോള്‍ ആരായാലും സമ്മതിക്കും.

സമൂഹത്തിലും സഭയിലും വിധവകളോടുള്ള സമീപനത്തില്‍ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ഗ്രന്ഥകാരന്‍ അതിനുള്ള പല പോംവഴികളും കൃതിയില്‍ നിര്‍ദ്ദേശിക്കുന്നുമുണ്ട്. ഇടവകയിലെ ഒരു പൊതുപ്രോഗ്രാം വിധവകള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുക, സണ്‍ഡേ സ്‌കൂളിലെ സമ്മാനങ്ങള്‍ വിധവകളെക്കൊണ്ട് വിതരണം ചെയ്യിക്കുക, സംഘടനകളുടെ തലപ്പത്തേക്ക് വിധവകളെ കൊണ്ടുവരിക, വാർഡ് തല കൂട്ടായ്മകള്‍ക്കായി സമ്പന്നരുടെയും സ്ഥലസൗകര്യങ്ങളുള്ളവരുടെയും വീടുകള്‍ മാത്രം പരിഗണിക്കാതെ വിധവകളുടെ വീടുകള്‍ തിരഞ്ഞെടുക്കുക… ഇങ്ങനെ പലതരത്തിലുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ അവയില്‍പെടും.

അതുകൊണ്ടു തന്നെ വിധവകളോ, സ്ത്രീകളോ മാത്രമല്ല ഈ കൃതി വായിക്കേണ്ടത്. മെത്രാന്മാരും വൈദികരും സന്യാസിനികളും അത്മായരും വിവിധ സംഘടനാ ഭാരവാഹികളുമെല്ലാം ഈ കൃതി വായിക്കേണ്ടതുണ്ട്. മറ്റൊന്നിനുമല്ല, വിധവകളെ പുതിയൊരു കാഴ്ചപ്പാടോടെ കാണാന്‍. അവരോടും അവരുടെ മക്കളോടും കുറച്ചു കൂടി കരുണയോടെ പെരുമാറേണ്ടിയിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍.

കഴിഞ്ഞ 33 വര്‍ഷമായി എഴുത്തുമായി വിനായക് നിര്‍മ്മല്‍ നമുക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇക്കാലത്തിനിടയില്‍ 82 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുമുണ്ട്. വിനായക് നിര്‍മ്മലിന്റെ ഈ എഴുത്തുജീവിതത്തിലെ ഒരു നാഴികക്കല്ലാണ് വൈധവ്യം. വിധവകളെക്കുറിച്ചുള്ള പുതിയൊരു ചര്‍ച്ചക്ക് ഈ കൃതി വഴിയൊരുക്കുമെന്ന് ഉറപ്പാണ്.

വൈധവ്യം
പഠനം
വിനായക് നിര്‍മ്മല്‍
വില. 250

കോപ്പികള്‍ക്ക് ആത്മബുക്‌സ്, കോഴിക്കോട്
ഫോണ്‍: 9746077500

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.