സീറോ മലങ്കര ആഗസ്റ്റ് 15 യോഹ. 19: 25-27 പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണം

ഇന്നേ ദിവസം 15 നോമ്പിന്റെ പരിസമാപ്തിയിലേക്ക് നാം എത്തുന്നു. ലോകത്തിനു മുഴുവൻ അമ്മയായി യേശു നൽകിയ പരിശുദ്ധ ദൈവമാതാവ് സ്വർഗത്തിലേക്ക് ആരോപണം ചെയ്ത തിരുനാളാണ് നാം ഭക്തിപുരസ്സരം ആഘോഷിക്കുന്നത്.

പരിശുദ്ധ ദൈവമാതാവ് നമ്മുടെയൊക്കെ ക്രിസ്തീയജീവിതത്തിൽ വലിയ പങ്ക്  വഹിക്കുന്നുണ്ട്. ദൈവപുത്രനെ ലോകത്തിലേക്കു നൽകാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് മറിയം. അതുപോലെ തന്നെ എന്നേക്കും ലോകത്തിലായിരിക്കാനായി അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ ആഗമനത്തിലും പരിശുദ്ധ അമ്മയുടെ നിറസാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ പരിശുദ്ധ അമ്മ നമ്മുടെ ക്രിസ്തീയ വിശ്വാസവളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കുരിശിൻചുവട്ടിൽ യോഹന്നാൻ പരിശുദ്ധ അമ്മയെ യേശുവിന്റെ ആവശ്യപ്രകാരം സ്വന്തമായി സ്വീകരിക്കുന്നു.

പ്രിയ സഹോദരങ്ങളേ, പരിശുദ്ധ അമ്മയെ യോഹന്നാൻ ശ്ലീഹായ്ക്കു  നൽകുന്നതിലൂടെ നമുക്കേവർക്കും അമ്മയായി യേശു നൽകിയിരിക്കുന്നു. പരിശുദ്ധ അമ്മ നമ്മെ യേശുവിലുള്ള വിശ്വാസത്തിൽ വളരാൻ മാത്രമല്ല, പരിശുദ്ധാത്മാവിനെ സ്വീകരിക്കാനും നമ്മെ സഹായിക്കുന്നു. ഈ അമ്മ സമർപ്പിക്കുന്ന ഒരു അപേക്ഷയും തള്ളിക്കളയാൻ യേശുവിന് സാധിക്കുകയില്ല. അതിനുള്ള ഉദാഹരണമാണ് തന്റെ സമയം ആകാതിരുന്നിട്ടുപോലും (യോഹ. 2:4) പരിശുദ്ധ അമ്മയുടെ അപേക്ഷയെ സ്വീകരിച്ച് അവളുടെ അഭ്യർഥന യേശു നിവർത്തിക്കുന്നത്.

പ്രിയമുള്ളവരേ, ഈ പുണ്യദിനത്തിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിന് നമുക്ക് നമ്മെ ചേർത്തുവയ്ക്കാം. പരിശുദ്ധ അമ്മയിലൂടെ യേശുവിലേക്കു വളരാൻ നമുക്ക് പരിശ്രമിക്കാം. എല്ലാവർക്കും തിരുനാൾ പ്രാർഥനകൾ സമർപ്പിക്കുന്നു.

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.