യേശുക്രിസ്തുവിന്റെ മാമോദീസയുടെ 2000-ാം വാർഷികം: മാമോദീസാ സ്ഥലം സന്ദർശിച്ച് ജോർദാൻ കിരീടാവകാശി

യേശുക്രിസ്തു സ്നാപക യോഹന്നാനിൽ നിന്ന് മാമോദീസ സ്വീകരിച്ചതിന്റെ 2,000-ാം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ ചരിത്രപ്രസിദ്ധമായ മാമോദീസാ സ്ഥലം സന്ദർശിച്ചു. ക്രിസ്തുവിന്റെ മാമോദീസാ സ്ഥലമായി കരുതപ്പെടുന്ന, നിലവിൽ ‘അൽ-മഗ്താസ്’ (Al-Maghtas) എന്നറിയപ്പെടുന്ന ‘ബെഥനി ബിയോണ്ട് ദി ജോർദാൻ’ ആണ് അദ്ദേഹം സെപ്റ്റംബർ 13-ന് സന്ദർശിച്ചത്. സന്ദർശന വേളയിൽ തീർഥാടകർക്കും സന്ദർശകർക്കുമായുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ അദ്ദേഹം നിർദേശം നൽകി.

യേശുക്രിസ്തുവിന്റെ മാമോദീസയുടെ രണ്ടായിരാമാണ്ട് തികയുന്ന 2030-ലെ മില്ലേനിയം ആഘോഷങ്ങൾ ഈ സ്ഥലത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്ന രീതിയിൽ സംഘടിപ്പിക്കണമെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. ആഗോള ക്രിസ്തീയ തീർഥാടന കേന്ദ്രമെന്ന നിലയിൽ ജോർദാന്റെ സ്ഥാനം ഉറപ്പിക്കുന്ന രീതിയിൽ കൃത്യമായ ആസൂത്രണം വേണമെന്ന് റോയൽ ഹാഷിമൈറ്റ് കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

മാർപാപ്പയുടെ ആത്മീയ-സാംസ്കാരിക കാര്യങ്ങൾക്കായുള്ള മുഖ്യ ഉപദേഷ്ടാവും പേഴ്സണൽ എൻവോയും മാമോദീസാ സൈറ്റ് കമ്മീഷൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ പ്രിൻസ് ഗാസി ബിൻ മുഹമ്മദ്, ടൂറിസം-പുരാവസ്തു മന്ത്രി ഇമാദ് ഹിജാസിൻ തുടങ്ങി പ്രമുഖരും കിരീടാവകാശിക്കൊപ്പമുണ്ടായിരുന്നു. ടൂറിസം മന്ത്രാലയം, ജോർദാൻ ടൂറിസം ബോർഡ് എന്നിവയുമായി സഹകരിച്ച് ഈ തീർഥാടന കേന്ദ്രത്തിന് കൂടുതൽ പ്രചാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഴയകാല പള്ളികൾ, ചാപ്പലുകൾ, സന്യാസിമാരുടെ ഗുഹകൾ, മാമോദീസാ തൊട്ടികൾ തുടങ്ങിയ പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെത്തിയ ഈ ചരിത്രഭൂമിയെ 2015-ൽ യുനെസ്കോ (UNESCO) ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് മാർപാപ്പ എന്നീ മൂന്ന് കത്തോലിക്കാ സഭാ തലവന്മാർ ഇതിനോടകം ഈ പുണ്യഭൂമി സന്ദർശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.