മകന്റെ ജീവൻ രക്ഷിക്കാൻ ജീവൻ വെടിഞ്ഞ എട്ടു മക്കളുടെ പിതാവ്; വിശുദ്ധപദവി പ്രഖ്യാപന നടപടികൾ പുരോഗമിക്കുന്നു

തന്റെ ഏറ്റവും ഇളയ മകന്റെ ജീവൻ രക്ഷിക്കുന്നതിനിടയിൽ മരണമടഞ്ഞ ഏഴ് മക്കളുടെ പിതാവായ ടോം വാൻഡർ വൗഡ് (Tom Vander Woude) എന്ന അൽമായനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ വിവരശേഖരണ ഘട്ടത്തിലേക്ക് കടന്നു. അമേരിക്കയിലെ വിർജീനിയയിലുള്ള ആർലിംഗ്ടൺ രൂപതയാണ് ടോം വാൻഡർ വൗഡിന്റെ വിശുദ്ധപദവി നടപടികൾ പുരോഗമിക്കുന്നതായി അറിയിച്ചത്. ഡൗൺ സിൻഡ്രോം ബാധിതനായ തന്റെ ഇളയ മകൻ ജോസഫിന്റെ ജീവൻ രക്ഷിക്കുന്നതിനിടയിലാണ് അദ്ദേഹം മരണപ്പെടുന്നത്.

കത്തോലിക്കാ സഭയിൽ ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന പ്രക്രിയയിലെ പ്രധാനപ്പെട്ട ആദ്യഘട്ടമായ വിവരശേഖരണം രൂപത ഉടൻ ആരംഭിക്കും. സംഭവം നടക്കുമ്പോൾ കൗമാരക്കാരനായിരുന്ന ജോസഫ് അബദ്ധത്തിൽ ഒരു സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയായിരുന്നു. മകനെ രക്ഷിക്കാനായി ടോമും ടാങ്കിലേക്ക് ഇറങ്ങി. വിഷവാതകം ശ്വസിക്കാതിരിക്കാൻ മകനെ ഉപരിതലത്തിലേക്ക് ഉയർത്തിപ്പിടിച്ചുനിർത്തി അദ്ദേഹം അവന്റെ ജീവൻ രക്ഷിച്ചു. അതേസമയം 2008 സെപ്റ്റംബർ എട്ടിന് നടന്ന ഈ അപകടത്തിൽ 66-കാരനായ ടോം മരണപ്പെട്ടു. ഭാര്യയെയും ഏഴ് ആൺമക്കളെയും വേർപിരിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ മടക്കം.

എന്നാൽ അദ്ദേഹത്തിന്റെ ഓർമ്മകൾ അവിടെ അവസാനിച്ചില്ല. ജീവൻ ത്യജിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ സ്നേഹപ്രവർത്തി മുൻനിർത്തി, ടോം വാൻഡർ വൗഡ് ഗിൽഡ്’ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം കത്തോലിക്കാ വിശ്വാസികൾ അദ്ദേഹത്തിന് വിശുദ്ധപദവി നൽകണമെന്ന ആവശ്യവുമായി മുന്നോട്ട് വരികയായിരുന്നു.

“വിശ്വാസം, കാരുണ്യം, വിനയം, ധൈര്യം, മറ്റുള്ളവർക്കായുള്ള നിസ്വാർഥ സേവനം എന്നിവയാൽ സമ്പന്നമായ ഒരു ക്രൈസ്തവ ജീവിതത്തിന്റെ പൂർത്തീകരണമായിരുന്നു സ്വയം ബലിയർപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ അവസാന നിമിഷം,” ആർലിംഗ്ടൺ ബിഷപ്പ് മൈക്കിൾ ബർബിഡ്ജും രൂപതാ ചാൻസലർ മോൺസിഞ്ഞോർ പോൾ ഡി ലാഡുറന്റേയും ഒപ്പുവച്ച ഉത്തരവിൽ വ്യക്തമാക്കി.

ഈ ആവശ്യത്തിന്റെ പോസ്റ്റുലേറ്ററായ (Postulator) വാൾഡറി ഹിൽഗെമാനിൽ നിന്ന് ഔദ്യോഗിക ഹർജി ലഭിച്ചതിനെ തുടർന്ന്, ഈ വിഷയത്തെ സ്വാധീനിക്കുന്ന എല്ലാ വിവരങ്ങളും പങ്കുവയ്ക്കാൻ രൂപത പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ടോം വാൻഡർ വൗഡ് എഴുതിയ കുറിപ്പുകളും അദ്ദേഹത്തെക്കുറിച്ചുള്ള രേഖകളും ബിഷപ്പ് ശേഖരിക്കുന്നുണ്ട്.

ടോം വാൻഡർ വൗഡിന്റെ മകനും ഈ വിശുദ്ധപദവി നടപടികൾക്കായി പ്രവർത്തിക്കുന്ന ആളുമായ ക്രിസ് വാൻഡർ വൗഡ് വിശുദ്ധപദവി പ്രഖ്യാപന നടപടികളിലെ പുരോഗതിയിൽ സന്തോഷം പ്രകടിപ്പിച്ചു. “പിതാവിനെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ജീവിതകഥ ഇത്രയധികം ആളുകൾക്ക് പ്രചോദനമാകുന്നത് കാണുമ്പോൾ വലിയ ആശ്വാസം തോന്നുന്നു,” അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.