ലെയോ പാപ്പയുടെ ‘ഫ്രീഡം അണ്ടർ ഗ്രേസ്’ എന്ന പുസ്തകം ഇംഗ്ലീഷിൽ പുറത്തിറങ്ങി

ലെയോ പതിനാലാമൻ മാർപാപ്പ എഴുതിയ ‘ഫ്രീഡം അണ്ടർ ഗ്രേസ്: റിഫ്ലക്ഷൻസ് ഓൺ ദി സ്പിരിച്വൽ ട്രഡിഷൻ ദാറ്റ് ഫോംഡ് മീ’ (Freedom Under Grace: Reflections on the Spiritual Tradition That Formed Me) എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വിപണിയിലെത്തി. സെപ്റ്റംബർ 15 ചൊവ്വാഴ്ച മുതൽ അമേരിക്ക, യുകെ, ഓസ്ട്രേലിയ തുടങ്ങിയ കോമൺവെൽത്ത് രാജ്യങ്ങളിലാണ് പുസ്തകം വിൽപനയ്‌ക്കെത്തിയത്.

തന്റെ ആത്മീയകാഴ്ചപ്പാടുകളെയും ലോകവീക്ഷണത്തെയും സ്വാധീനിച്ച വി. അഗസ്റ്റിന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള മാർപാപ്പയുടെ ചിന്തകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ സന്ന്യാസ സമൂഹത്തിൽ നിന്നുള്ള ആദ്യ മാർപാപ്പ എന്ന പ്രത്യേകതയ്ക്കു പുറമെ, ഇംഗ്ലീഷ് മാതൃഭാഷയായുള്ള ആദ്യത്തെ അമേരിക്കൻ മാർപാപ്പയുടെ പുസ്തകം എന്ന നിലയിലും ഇംഗ്ലീഷ് വായനക്കാർക്കിടയിൽ ഇത് ഏറെ ശ്രദ്ധനേടുന്നു.

പെൻഗ്വിൻ റാൻഡം ഹൗസിന്റെ പത്രക്കുറിപ്പ് അനുസരിച്ച്, റോബർട്ട് പ്രെവോസ്റ്റ് അഗസ്റ്റീനിയൻ സന്ന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ ആയിരുന്ന കാലത്തെ പ്രസംഗങ്ങളും സന്ദേശങ്ങളും വ്യക്തിപരമായ കുറിപ്പുകളുമാണ് ഇതിലുള്ളത്. 9/11 ആക്രമണത്തിനു ശേഷമുള്ള സാഹചര്യങ്ങൾ, ഉയർന്നുവരുന്ന രാഷ്ട്രീയ ആശയങ്ങൾ, ദാരിദ്ര്യം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയോടുള്ള സഭയുടെ പ്രതികരണങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് നിരീക്ഷണങ്ങളുള്ളത്.

തന്റെ ആത്മീയപിതാവായി പാപ്പ വിശേഷിപ്പിക്കുന്ന വി. അഗസ്റ്റിന്റെ ചിന്തകളെ അടിസ്ഥാനമാക്കി, സമൂഹത്തിലും സാഹോദര്യത്തിലും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സേവനത്തിലും ഊന്നിയുള്ള ജീവിതകാഴ്ചപ്പാടാണ് ലെയോ മാർപാപ്പ ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.