
രണ്ടാം ലോകമഹായുദ്ധകാലത്തെ അതിജീവിക്കുകയും അനേകം മനുഷ്യരെ രക്ഷിക്കുകയും നൂറുകണക്കിന് കേക്കുകൾ വിറ്റ് ആ പണം കൊണ്ട് ദൈവാലയം പണിയുകയും ചെയ്ത ഇറ്റാലിയൻ വൈദികൻ ഫാ. ഗ്വിഡോ ആവി അന്തരിച്ചു. 108 വയസ്സായിരുന്നു അദ്ദേഹത്തിന്. ഒക്ടോബർ 17 ന് വടക്കൻ ഇറ്റലിയിലെ വിഗൽസാനോയിലുള്ള അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. 84 വർഷത്തെ പൗരോഹിത്യ ജീവിതത്തിലുടനീളം സന്തോഷവും തമാശരൂപേണയുള്ള സംസാരവും വിശുദ്ധിയും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ഇറ്റലിയുടെ ആ പ്രദേശം ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന 1918 ലാണ് ഫാ. ഗ്വിഡോ ജനിച്ചത്. 15 മക്കളുള്ള ഒരു കുടുംബത്തിലെ അഞ്ചാമത്തെ കുട്ടിയായി ജനിച്ച അദ്ദേഹം, രണ്ടാം ലോകമഹായുദ്ധത്തിന്റെ കലുഷിതമായ സാഹചര്യങ്ങൾക്കിടയിൽ 1942 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. തന്റെ നൂറാം വയസ്സിലും കാറോടിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഫാ. ഗ്വിഡോയ്ക്ക് 106 വയസ്സുള്ളപ്പോൾ, ആരൊക്കെയോ അദ്ദേഹത്തിന് വയസ്സായെന്ന് സൂചിപ്പിച്ചപ്പോൾ, “എനിക്ക് പ്രായമായിട്ടില്ല!” എന്നാണ് തമാശരൂപേണ അദ്ദേഹം പറഞ്ഞത്.
പൗരോഹിത്യ സ്വീകരണത്തിനു ശേഷം അടുത്ത വർഷം നോറിഗ്ലിയോയിൽ (Noriglio) സേവനമനുഷ്ഠിക്കുമ്പോൾ, ജീവന് ഭീഷണിയുണ്ടായിട്ടും ജർമ്മൻ സേനയിൽ നിന്ന് ഓടിപ്പോന്ന ഇറ്റാലിയൻ, സഖ്യകക്ഷി സൈനികരെ അദ്ദേഹം ഒളിപ്പിച്ചു താമസിപ്പിച്ചു. തുടർന്ന് 1945 ൽ, സൈന്യത്തിൽ നിന്ന് ഒളിച്ചോടിയ ഒരു ജർമ്മൻ സൈനികനെ 13 മണിക്കൂർ കാൽനടയായി സഞ്ചരിച്ച്, പരിശോധനാകേന്ദ്രങ്ങൾ കടത്തി സ്വന്തം വീട്ടിൽ സുരക്ഷിതമായി എത്തിക്കാൻ അദ്ദേഹം സഹായിച്ചു.
യുദ്ധത്തിനു ശേഷം ഫാ. ഗ്വിഡോ ട്രെന്തോയിലെ പുതിയ ക്രിസ്റ്റോ റെ (Cristo Re) ഇടവകയിലേക്ക് അയയ്ക്കപ്പെട്ടു. വളർന്നുവരുന്ന ആ സമൂഹത്തിനായി ഒരു ദൈവാലയം പണിയുക എന്ന വലിയ ചുമതലയാണ് അദ്ദേഹത്തിന് അവിടെ ലഭിച്ചത്. അതിനുള്ള പരിഹാരം കേക്കുകളിലൂടെയാണ് അദ്ദേഹം കണ്ടെത്തിയത്!
“എനിക്ക് കേക്കുകൾ തരൂ, ഞാൻ നിങ്ങൾക്കൊരു പള്ളി പണിതു തരാം” എന്നായിരുന്നു പ്രദേശത്തെ കുടുംബങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭ്യർഥന. ഗ്രാമത്തിലെ സ്ത്രീകൾ നൂറുകണക്കിന് കേക്കുകൾ ഉണ്ടാക്കി നൽകുകയും അവ ലേലം വിളിച്ചും വിറ്റഴിച്ചും പുതിയ ദൈവാലയത്തിനായുള്ള പണം സമാഹരിക്കുകയും ചെയ്തു. വിശ്വാസത്തിന്റെയും സാമൂഹിക കൂട്ടായ്മയുടെയും ഈ ഒത്തുചേരലിനൊടുവിൽ 1952 ൽ ക്രിസ്റ്റോ റെ ദൈവാലയം ഉദ്ഘാടനം ചെയ്തു.
ഈ സംഭവം അദ്ദേഹത്തിന് പുതിയൊരു പേരു കൂടി നൽകി. അന്നുമുതൽ എല്ലാവരും അദ്ദേഹത്തെ സ്നേഹത്തോടെ ‘ഡോൺ ടോർത്ത’ (Don Torta) അഥവാ ‘കേക്ക് ഫാദർ’ എന്ന് വിളിക്കാൻ തുടങ്ങി.
തനിക്ക് ലഭിച്ച ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കണം എന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ തന്റെ 108-ാം ജന്മദിനം ആഘോഷിച്ചപ്പോൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാദേശിക സ്കൂളിലെ കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൃത്യം ഒരു നൂറ്റാണ്ട് കഴിഞ്ഞ് ജനിച്ച ആ എട്ടു വയസ്സുകാരായ കുട്ടികൾക്ക് പറയാൻ ഒരു നൂറ്റാണ്ടിലെ അനുഭവസമ്പത്തുമായി ഫാ. ഗ്വിഡോയും തയ്യാറായിരുന്നു.
തന്റെ കേൾവിശക്തി കുറഞ്ഞുതുടങ്ങിയപ്പോൾ, “ദൈവം എന്നെ വിളിച്ചാലും കേൾക്കാൻ എനിക്ക് കഴിയില്ല” എന്ന് അദ്ദേഹം തമാശരൂപേണ പറയുമായിരുന്നു. 108-ാം വയസ്സിൽ, 109-ാം ജന്മദിനത്തിന് കാണാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകി: “ഒന്ന് നോക്കട്ടെ, ചിലപ്പോൾ ഞാൻ തിരക്കിലായിരിക്കും! നമുക്ക് രണ്ടു വർഷം കഴിഞ്ഞ് 110-ാം വയസ്സിൽ കാണാം!”




