വി. ഓസ്കാർ റൊമേറോയോട് അഗാധമായ ഭക്തി; തിരുശേഷിപ്പും ചിത്രവും ഒപ്പം കരുതുന്ന ലെയോ പാപ്പ

എൽ സാൽവദോറിലെ രക്തസാക്ഷിയായ വിശുദ്ധ ഓസ്കാർ റൊമേറോയോട് ലെയോ പതിനാലാമൻ പാപ്പയ്ക്ക് അഗാധമായ ഭക്തിയുള്ളതായി സാൽവദോറൻ ബിഷപ്പുമാരുടെ കോൺഫറൻസ് പ്രസിഡന്റും സാൻ സാൽവദോർ ആർച്ചുബിഷപ്പുമായ ജോസ് ലൂയിസ് എസ്കോബാർ വെളിപ്പെടുത്തി. സെപ്റ്റംബർ 11 ന് വത്തിക്കാനിൽ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിശുദ്ധന്റെ തിരുശേഷിപ്പും പ്രത്യേക പ്രാർഥനാചിത്രവും മാർപാപ്പ തന്നോടൊപ്പം ദിവസവും കരുതുന്നുണ്ടെന്ന് ആർച്ചുബിഷപ്പ് ജോസ് ലൂയിസ് എസ്കോബാർ വ്യക്തമാക്കി. വി. ഓസ്കാർ റൊമേറോയെ സഭാപണ്ഡിതനായി പ്രഖ്യാപിക്കണമെന്നും രക്തസാക്ഷിയായ ആർച്ചുബിഷപ്പിന്റെ കബറിടം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ മാർപാപ്പ എൽ സാൽവദോർ സന്ദർശിക്കണമെന്നും ആവശ്യപ്പെട്ട് ബിഷപ്പുമാർ മാർപാപ്പയ്ക്ക് രണ്ട് അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഈ അപേക്ഷകളോട് പാപ്പ വളരെ പോസിറ്റിവ് ആയിട്ടാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1980 മാർച്ച് 24 ന് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിലാണ് സാൽവദോറിലെ സൈനിക ഭരണകൂടത്തിന്റെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ സാൻ സാൽവദോർ ആർച്ചുബിഷപ്പായിരുന്ന ഓസ്കാർ റൊമേറോ കൊല്ലപ്പെട്ടത്. തുടർന്ന് 2015 ൽ വാഴ്ത്തപ്പെട്ടവനായും 2018 ൽ വിശുദ്ധനായും അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു.

തന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും മാർപാപ്പ പലതവണ വി. റൊമേറോയെ മാതൃകയായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിൽ രണ്ടിന് പെസഹാ വ്യാഴാഴ്ച നടത്തിയ തിരുക്കർമ്മങ്ങളുടെ പ്രസംഗത്തിനിടയിലും, ലാറ്റിനമേരിക്കയിലെയും കരീബിയൻ മേഖലയിലെയും ബിഷപ്പുമാർക്ക് അയച്ച കത്തുകളിലും ലെയോ പതിനാലാമൻ മാർപാപ്പ വി. റൊമേറോയെ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായി വിശേഷിപ്പിച്ചിരുന്നു. ലാറ്റിനമേരിക്കയിൽ ഇപ്പോഴും നിലനിൽക്കുന്ന അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെയുള്ള പോരാട്ടങ്ങളിൽ വി. റൊമേറോയുടെ ജീവിതം സഭയ്ക്ക് വലിയൊരു പ്രചോദനമാണെന്ന് മാർപാപ്പ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.