ക്രിസ്തുവിന്റെ സ്നേഹം കണ്ടെത്താൻ യുവജനങ്ങളുടെ ഹൃദയങ്ങൾ കൊതിക്കുന്നു: ജീസസ് യൂത്ത് അന്താരാഷ്ട്ര സമ്മേളനത്തിൽ ലെയോ പാപ്പ 

സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച ശേഷമുള്ള ജീസസ് യൂത്ത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ മാർപാപ്പയുമായുള്ള ആദ്യ കൂടിക്കാഴ്ച ഒക്ടോബർ 24 ശനിയാഴ്ച നടന്നു. ലെയോ പതിനാലാമൻ മാർപാപ്പയാണ് സമ്മേളനത്തിൽ പങ്കെടുത്തവരെ സ്വീകരിച്ചത്. കേരളത്തിൽ ജീസസ് യൂത്ത് പ്രസ്ഥാനം രൂപംകൊണ്ടിട്ട് 40 വർഷങ്ങൾ പൂർത്തിയാകുകയാണ്.

2016 മെയ് മാസത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര കത്തോലിക്കാ സംഘടനയായി അംഗീകരിക്കപ്പെട്ടതിന് ഒരു പതിറ്റാണ്ടിനു ശേഷമാണ്, ഒക്ടോബർ 23 വെള്ളിയാഴ്ച അൽമായർ, കുടുംബം, ജീവൻ എന്നിവയ്ക്കായുള്ള ഡികാസ്റ്ററി ജീസസ് യൂത്തിന്റെ പരിഷ്കരിച്ച ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചത്.

ഇന്ത്യയിലെ യുവജനങ്ങളുടെ സ്വയമായുള്ള മേൽനോട്ടത്തിൽ, കരിസ്മാറ്റിക് നവീകരണത്തിന്റെ ഭാഗമായാണ് ഈ സംഘടന വളർന്നതെന്ന് മാർപ്പാപ്പ അനുസ്മരിച്ചു. ജീസസ് യൂത്ത് അതിന്റെ സഭാപരമായ യാത്രയിൽ കൂടുതൽ വളർച്ച പ്രാപിക്കുമ്പോൾ, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും പുതിയ ഫലങ്ങൾ പുറപ്പെടുവിക്കാനും അംഗങ്ങൾ ക്ഷണിക്കപ്പെടുന്നു എന്ന് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

സന്തോഷത്തോടെ വിശ്വാസത്തിന്റെ സാക്ഷികളായി മാറിയ നിരവധി യുവജനങ്ങളെ മാർപ്പാപ്പ എടുത്തുപറഞ്ഞു. പ്രത്യേകിച്ചും, ദിവ്യകാരുണ്യത്തിൽ സന്നിഹിതനായ യേശുവിലുള്ള സ്നേഹത്താൽ തന്റെ രോഗാവസ്ഥയിലും പരീക്ഷണങ്ങളിലും കരുത്ത് നേടിയ അജ്ന ജോർജിനെ പാപ്പ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.