ബുർക്കിന ഫാസോയിൽ തീവ്രവാദി ആക്രമണം: നൂറിലധികം പേർ കൊല്ലപ്പെട്ടു

വടക്കൻ ബുർക്കിന ഫാസോയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. നൈജറിന്റെ അതിർത്തിയോടു ചേർന്നുള്ള സെയ്താംഗ ജില്ലയിൽ ജൂൺ 18-നാണ് അക്രമം നടന്നത്. നൂറിലധികം പേർ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ടുണ്ടെങ്കിലും കൃത്യമായ മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല. ആരാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സാധാരണ ഈ പ്രദേശത്ത് ആക്രമണം നടത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റോ, അൽ-ഖ്വയ്ദയോ ആണ്.

ആക്രമണത്തെ തുടർന്ന് മൂവായിരത്തിലധികം ആളുകൾ സമീപപ്രദേശമായ ഡോറിയിലേക്ക് പലായനം ചെയ്തു. “ജൂൺ 18, ശനിയാഴ്ച മാർക്കറ്റ് ദിനത്തിലാണ് തീവ്രവാദികൾ പട്ടണത്തിൽ വന്നത്. അകത്തു കടന്ന ഉടനെ അവർ വെടിയുതിർക്കുകയായിരുന്നു. പുരുഷന്മാരെ മാത്രമാണ് തീവ്രവാദികൾ ലക്ഷ്യമിട്ടത്. അവർ കടകളിൽ കയറിയിറങ്ങി ആക്രമണം നടത്തുകയും ചില കടകൾ കത്തിക്കുകയും ചെയ്തു. ഓടിരക്ഷപെടാൻ ശ്രമിച്ചവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രാത്രി മുഴുവൻ തീവ്രവാദികൾ പട്ടണത്തിൽ ഉണ്ടായിരുന്നു” – ആക്രമണത്തെ അതിജീവിച്ചയാൾ വെളിപ്പെടുത്തുന്നു.

ആക്രമണത്തിൽ കൊല്ലപ്പെട്ട 79 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. 2016 മുതൽ നടന്നുകൊണ്ടിരിക്കുന്ന ഒരു വലിയ കലാപശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണം. തുടക്കം മുതൽ രണ്ടു ദശലക്ഷം ആളുകൾ ഈ പ്രദേശത്തു നിന്നും കുടിയിറക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 2021-ൽ ആക്രമണങ്ങളിൽ അമ്പതു ശതമാനം വർദ്ധനവുണ്ടായതായി യുഎൻ റിപ്പോർട്ട് പറയുന്നു. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ആക്രമണത്തെ അപലപിക്കുകയും കൂടുതൽ അന്വേഷണത്തിനായി ആവശ്യപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.