കെനിയയിൽ ഭീകരാക്രമണം; അഞ്ച് ക്രൈസ്തവരടക്കം എട്ടുപേർ കൊല്ലപ്പെട്ടു

കെനിയയിലെ മന്ദേര കൗണ്ടിയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ക്രൈസ്തവ നിർമ്മാണത്തൊഴിലാളികളടക്കം എട്ടുപേർ കൊല്ലപ്പെട്ടു. നവംബർ പത്തിന് രാവിലെ മന്ദേര-അറേബ്യ റോഡിലെ ഹഗർസു മേഖലയിലായിരുന്നു സൊമാലിയൻ ഭീകരസംഘടനയായ അൽ-ഷബാബിന്റെ ക്രൂരമായ ആക്രമണം.

റോഡ് നിർമ്മാണ പദ്ധതിയുടെ പരിശോധനയ്‌ക്കെത്തിയ പ്രദേശവാസികളല്ലാത്ത ക്രൈസ്തവ തൊഴിലാളികളെയാണ് ഭീകരർ പതിയിരുന്ന് ആക്രമിച്ചത്. ഇവരുടെ വിശ്വാസവും സ്വത്വവും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്ന ഡ്രൈവറും, ഇവർക്ക് സുരക്ഷയൊരുക്കിയിരുന്ന രണ്ട് പൊലീസ് റിസർവിസ്റ്റുകളും വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടു.

“ആക്രമണം വളരെ പെട്ടെന്നായിരുന്നു, പലരും കടുത്ത ആഘാതത്തിലാണ്. മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലൂടെ നടന്നാലും ഞങ്ങൾ ഒരു തിന്മയെയും ഭയപ്പെടില്ല. കാരണം യേശു ഞങ്ങളോടുകൂടെയുണ്ട്. അവിടുത്തെ വടിയും കോലും ഞങ്ങളെ ആശ്വസിപ്പിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ എന്തുതന്നെയായാലും ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നത് അതാണ്,” ദൃക്സാക്ഷി വെളിപ്പെടുത്തി.

ഭീതിയുടെ നിഴലിൽ വിശ്വാസികൾ

സൊമാലിയയുമായി അതിർത്തി പങ്കിടുന്ന കെനിയയുടെ വടക്കുകിഴക്കൻ മേഖലയായ മന്ദേര കൗണ്ടിയിൽ ക്രൈസ്തവർ കടുത്ത അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. തൊഴിൽ തേടി ഈ മേഖലയിലേക്ക് എത്തുന്ന ക്രൈസ്തവർ നിരന്തരം ഭീകരരുടെ ലക്ഷ്യമാകാറുണ്ട്.

കടുത്ത ഭീഷണിക്ക് നടുവിലാണ് ഇവിടത്തെ ദൈവാലയങ്ങൾ ഉള്ളത്. വിശ്വാസികൾ അതീവ ജാഗ്രതയോടെയാണ് യാത്ര ചെയ്യുന്നത്. സന്ധ്യാസമയങ്ങളിലെ പ്രാർഥനാ കൂട്ടായ്മകൾ വൈദികർ പരിമിതപ്പെടുത്തിയിരിക്കുകയാണ്; പള്ളികളിൽ പ്രാർഥനയ്ക്കെത്തുന്നവർ പോലും ഭയപ്പാടോടെയാണ് ഇവിടേക്ക് എത്തുന്നത്.

വടക്കുകിഴക്കൻ മേഖലയിൽ പുറത്തു നിന്നെത്തുന്നവരെയും തങ്ങളുടെ തീവ്രവാദ ആശയങ്ങളോട് യോജിക്കാത്തവരെയും അൽ-ഷബാബ് ലക്ഷ്യമിടുകയാണ്. അതേസമയം, ഇസ്ലാം മതത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർ കടുത്ത ഭീഷണിയും അക്രമങ്ങളുമാണ് ഇവിടെ നേരിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.