പ്രതീക്ഷയുടെ യാത്ര 194: ചോദ്യങ്ങൾ

ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില പ്രതിസന്ധികളും ദുഃഖങ്ങളും നമ്മുടെ മനസ്സിനെ ചോദ്യങ്ങളുടെ വലിയൊരു പരമ്പരയ്ക്കു മുന്നിൽ നിശ്ചലമാക്കാറുണ്ട്. പ്രിയപ്പെട്ടവരുടെ വേർപാടോ, അല്ലെങ്കിൽ ജീവിതം നൽകുന്ന കനത്ത ആഘാതങ്ങളോ ഉയർത്തുന്ന ചോദ്യം “എന്തുകൊണ്ട് എനിക്ക് ഇത് സംഭവിച്ചു” എന്നായിരിക്കും. ഈ ചോദ്യങ്ങൾക്കു മുന്നിൽ പ്രപഞ്ചമോ, ദൈവമോ ഉടൻ തന്നെ ഉത്തരങ്ങൾ തരണമെന്നില്ല. മൗനത്തിന്റെ ഈ ഇടവേളകളിൽ മനുഷ്യൻ അനുഭവിക്കുന്ന നിസ്സഹായത വളരെ വലുതാണ്. എന്നാൽ, എല്ലാ ചോദ്യങ്ങൾക്കും ഉടനടി ഉത്തരങ്ങൾ ലഭിക്കണമെന്നില്ല എന്ന തിരിച്ചറിവാണ് യഥാർഥ ആത്മീയതയുടെ തുടക്കം. ഉത്തരം കിട്ടാത്ത ഈ ദുഃഖങ്ങൾക്കിടയിലും മുന്നോട്ടു നടക്കാനുള്ള ആത്മധൈര്യമാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.

ഒരു ചിത്രകാരൻ, തന്റെ ചിത്രത്തിനു മുകളിൽ അൽപം കറുപ്പ് ചായം പടർന്നപ്പോൾ ആദ്യമൊന്നു പതറിപ്പോയി. അതൊരു അപൂർണ്ണതയായി കണ്ട് അയാൾ സങ്കടപ്പെട്ടു. എന്നാൽ, പിന്നീട് ആ കറുപ്പുപുള്ളിയെ അയാൾ മനോഹരമായ ഒരു നിഴലാക്കി മാറ്റി. ഒടുവിൽ ആ ചിത്രം പൂർത്തിയായപ്പോൾ, നിഴലാക്കി മാറ്റിയ ഭാഗമായിരുന്നു ആ ചിത്രത്തിന്റെ ഏറ്റവും ആകർഷകമായ ഭാഗമായി മാറിയത്. നമ്മുടെ ജീവിതത്തിലെ ഉത്തരമില്ലാത്ത ചോദ്യങ്ങളും കറുത്തപാടുകൾ പോലെയാണ്; ചിത്രത്തിന്റെ മനോഹാരിത മനസ്സിലാകാൻ വര പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം.

വിഖ്യാത നോബൽ സമ്മാനജേതാവായ പോളിഷ് കവിയത്രി വിസ്ലവ ഷിംബോർസ്ക തന്റെ ‘ദ സൈലൻസ് ഓഫ് പ്ലാന്റ്സ്’ (The Silence of Plants) എന്ന കവിതയിൽ ഇപ്രകാരം കുറിക്കുന്നു:

നിങ്ങളുമായുള്ള ഒരു സംഭാഷണം അനിവാര്യമാണ്,
എന്നാൽ അസാധ്യവുമാണ്;
ധൃതിപിടിച്ച ഈ ജീവിതത്തിൽ അത് അടിയന്തരമാണ്,
എന്നാൽ, എന്നെന്നേക്കുമായി മാറ്റിവയ്ക്കപ്പെട്ടതുമാണ് 

(A Coversation with you is Necessary,
and Impossible,
Urgent in a hurried life,
and postponed for never)

നമുക്കു ചുറ്റുമുള്ള നിഗൂഢതകളെയും മൗനങ്ങളെയും ചോദ്യംചെയ്യാതെ ഉൾക്കൊള്ളാൻ ഷിംബോർസ്കയുടെ ഈ വരികൾ നമ്മെ പ്രേരിപ്പിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാത്ത സാഹചര്യവും ചിലപ്പോൾ മൗനവുമാണ് ജീവിതത്തിന്റെ വലിയൊരു സത്യം എന്ന് അവൾ നമ്മെ പഠിപ്പിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ, തന്റെ സകലതും നഷ്ടപ്പെട്ട ജോബിന്റെ പുസ്തകം ഈ അവസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. തന്റെ സങ്കടങ്ങൾക്കും ദുഃഖങ്ങൾക്കും കൃത്യമായ കാരണങ്ങളറിയാതെ ജോബ് സങ്കടപ്പെടുമ്പോൾ, ദൈവം അദ്ദേഹത്തിന് ഉത്തരം നൽകുന്നത് പ്രകൃതിയുടെ നിഗൂഢതകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.

സങ്കീർത്തനത്തിൽ നമ്മൾ ഇങ്ങനെ വായിക്കുന്നു:

“ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ്‌ സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു” (സങ്കീ. 34:18).

ജീവിതത്തിന്റെ ഈ ചോദ്യചിഹ്നങ്ങൾക്കു മുന്നിൽ തളർന്നുപോകാതെ, മൗനത്തെയും വേദനയെയും ഒരു ദൈവികാനുഭവമായി ഉൾക്കൊള്ളാൻ ഈ വരികൾ നമ്മെ സഹായിക്കുന്നു. ഉത്തരങ്ങൾ തേടി അലയുന്നതിനേക്കാൾ പ്രധാനം ആ പ്രതിസന്ധിഘട്ടങ്ങളിൽ നമ്മോടു കൂടെ നിൽക്കുന്ന സ്നേഹ സാന്നിധ്യത്തെ തിരിച്ചറിയുക എന്നതാണ്.

പ്രായോഗികം

ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികളിലും ഉത്തരമില്ലാത്ത ചോദ്യങ്ങളിലും പതറിപ്പോകാതെ ഇരിക്കുക. മനസ്സ് അസ്വസ്ഥമാകുമ്പോൾ അൽപം മൗനം പാലിക്കുകയും മറ്റുള്ളവരുടെ വിഷമങ്ങളിൽ ഒരു സാന്ത്വനമായി ഒപ്പം നിൽക്കുകയും ചെയ്യുക.

ചിന്ത

ഉത്തരങ്ങൾ ലഭിക്കാത്ത സങ്കടങ്ങൾ പലപ്പോഴും നമ്മുടെ ആത്മാവിനെ കൂടുതൽ പക്വതയുള്ളതും ആഴമുള്ളതുമാക്കി മാറ്റുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.