ബിഷപ്പ് അർതുറോ ബാന്യുവെലാസ്: 80,000 വിശ്വാസികളെ പ്രേഷിതരാക്കി മാറ്റിയ അമേരിക്കൻ ബിഷപ്പ്

സഭയുടെ പ്രേഷിത ദൗത്യത്തിൽ അൽമായരെ കേവലം കാഴ്ചക്കാരായി കാണുന്നതിന് പകരം, അവരെ വിശ്വാസത്തിന്റെ കരുത്തുറ്റ നായകരാക്കി മാറ്റിയ വ്യക്തിയാണ് അമേരിക്കയിലെ ബിഷപ്പ് അർതുറോ ബാന്യുവെലാസ്. എൺപതിനായിരത്തിലധികം അൽമായർക്ക് ദൈവശാസ്ത്രത്തിലും സുവിശേഷവൽകരണത്തിലും പരിശീലനം നൽകിയ അദ്ദേഹത്തിന്റെ നിസ്തുല്യമായ സേവനങ്ങളെ മുൻനിർത്തി കാത്തലിക് എക്സ്റ്റൻഷൻ സൊസൈറ്റിയുടെ പരമോന്നത ബഹുമതിയായ ‘ലൂമെൻ ക്രിസ്റ്റി’ (Lumen Christi) പുരസ്കാരം അടുത്തിടെ അദ്ദേഹത്തെ തേടിയെത്തി.

പതിറ്റാണ്ടുകൾക്ക് മുൻപ്, ഡോക്ടറൽ പഠനം പൂർത്തിയാക്കിയ ശേഷം തന്റെ ഭാവിശുശ്രൂഷയുടെ ദിശയറിയാൻ മെക്സിക്കോ സിറ്റിയിലെ ഗ്വാഡലൂപ്പെ മാതാവിന്റെ ബസിലിക്കയിൽ ധ്യാനത്തിനായി എത്തിയതായിരുന്നു യുവവൈദികനായ അർതുറോ ബാന്യുവെലാസ്. മാതാവിന്റെ സ്നേഹപൂർവമായ സാന്നിധ്യത്തിലിരുന്ന് പ്രാർഥിക്കുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിലൊരു ഉൾവിളിയുണ്ടായി – സഭയുടെ ജീവിതത്തിലും ദൗത്യത്തിലും തങ്ങളുടെ യഥാർഥ സ്ഥാനം ഏറ്റെടുക്കാൻ അൽമായരെ സജ്ജരാക്കേണ്ട സമയമായിരിക്കുന്നു.

അക്കാലത്ത് അൽമായർ സഭയിൽ ‘നിഷ്ക്രിയരായ പങ്കാളികൾ’ മാത്രമായാണ് കാണപ്പെട്ടിരുന്നത്. ശുശ്രൂഷകൾ വൈദികരിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കാലത്ത്, അൽമായരെ ‘വൈദികരുടെ സഹായികൾ’ എന്ന നിലയിലാണ് പലരും കരുതിയിരുന്നത്. എന്നാൽ, മാമ്മോദീസയിലൂടെ ഓരോ വിശ്വാസിക്കും ലഭിച്ച അന്തസ്സും ഉത്തരവാദിത്തവും തിരിച്ചറിയാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ ആഹ്വാനം ചെയ്തത് അദ്ദേഹത്തിന് പ്രചോദനമായി.

അൽമായ ശാക്തീകരണത്തിന്റെ ‘ടെപെയാക് ഇൻസ്റ്റിറ്റ്യൂട്ട്’

ബസിലിക്കയിലെ പ്രാർഥനയിൽ നിന്ന് ഉടലെടുത്ത ആശയമാണ് 1988-ൽ എൽ പാസോ രൂപതയിൽ ‘ടെപെയാക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ’ (Tepeyac Institute) പിറവിക്ക് കാരണമായത്. ഇംഗ്ലീഷിലും സ്പാനിഷിലുമായി ദൈവശാസ്ത്രം, വിശുദ്ധ ഗ്രന്ഥ പഠനം, അജപാലന നേതൃത്വം എന്നിവയിൽ വർഷങ്ങൾ നീളുന്ന കോഴ്സുകളും പരിശീലനങ്ങളും ഇവിടെ നൽകിവരുന്നു. ഇതുവരെ എൺപതിനായിരത്തിലധികം അൽമായർ ഇവിടെനിന്ന് പരിശീലനം നേടി വിശ്വാസത്തിന്റെ പ്രഘോഷകരായി മാറിക്കഴിഞ്ഞു.

ലൂമെൻ ക്രിസ്റ്റി പുരസ്കാര തിളക്കം

നവംബർ മൂന്നിന് നടന്ന ചടങ്ങിലാണ് കാത്തലിക് എക്സ്റ്റൻഷൻ സൊസൈറ്റി ബിഷപ്പ് ബാന്യുവെലാസിന് ലൂമെൻ ക്രിസ്റ്റി പുരസ്കാരം സമ്മാനിച്ചത്. ശുശ്രൂഷ ചെയ്യുന്ന സമൂഹങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശം പരത്തുന്നവർക്ക് നൽകുന്ന ഈ പുരസ്കാരത്തോടൊപ്പം, അദ്ദേഹത്തിന്റെ ശുശ്രൂഷകൾക്കും എൽ പാസോ രൂപതയ്ക്കുമായി ഒരു ലക്ഷം ഡോളറും (ഏകദേശം 84 ലക്ഷം രൂപ) കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.