മരുന്നുകളേക്കാൾ ഫലപ്രദം നല്ലൊരു സൗഹൃദം; ജീവിതത്തിന് കരുത്താകുന്ന സ്നേഹബന്ധങ്ങൾ

കുടുംബവും ജോലിയും ഉത്തരവാദിത്തങ്ങളുമൊക്കെയായി ഓരോ ദിവസവും തിരക്കിലായിരിക്കുമ്പോൾ, മനസ്സിലുള്ളത് തുറന്നുപറയാൻ കഴിയുന്ന ചിലരുണ്ടാകുന്നത് വലിയൊരു ഭാഗ്യമാണ്. സന്തോഷത്തിൽ കൂടെ ചിരിക്കാനും സങ്കടങ്ങളിൽ ചേർത്തുപിടിക്കാനും കഴിയുന്ന സുഹൃത്തുക്കൾ ജീവിതത്തിന് നൽകുന്ന സന്തോഷം വിലമതിക്കാനാവാത്തതാണ്. അവർ വെറുമൊരു ബന്ധമല്ല, മനസ്സിന് കരുത്തും ആശ്വാസവും പകരുന്ന സ്നേഹത്തണലാണ്.

സങ്കടങ്ങളിൽ താങ്ങാകുന്ന സൗഹൃദം

ജീവിതം എപ്പോഴും പ്രതീക്ഷിക്കുന്നതുപോലെ മുന്നോട്ടുപോകണമെന്നില്ല. അപ്രതീക്ഷിതമായ പ്രതിസന്ധികളും പ്രിയപ്പെട്ടവരുടെ രോഗങ്ങളും പരാജയങ്ങളുമെല്ലാം നമ്മെ തളർത്തിയേക്കാം. അത്തരം സന്ദർഭങ്ങളിൽ വലിയ ഉപദേശങ്ങളേക്കാൾ ആശ്വാസം നൽകുന്നത് കൂടെയൊരാളുണ്ടെന്ന തിരിച്ചറിവാണ്. ഒന്നും പറയാതെ അരികിലിരിക്കുന്ന ഒരു സുഹൃത്ത്, വിഷമങ്ങൾ ക്ഷമയോടെ കേൾക്കുന്ന ഒരാൾ, ആവശ്യപ്പെടാതെ സഹായത്തിനെത്തുന്ന ഒരു മനസ്സ്… ഇവയെല്ലാം വലിയ ആശ്വാസമാണ്.

ചിലപ്പോൾ ഒരു ഫോൺവിളിയോ സ്നേഹത്തോടെയുള്ള ഒരു വാക്കോ മതി തളർന്ന മനസ്സിന് പ്രതീക്ഷ പകരാൻ. ‘നീ തനിച്ചല്ല, ഞാനുണ്ട് കൂടെ’ എന്ന ഉറപ്പ് നൽകുന്ന സുഹൃത്തുക്കൾ ജീവിതത്തിലെ വിലപ്പെട്ട സമ്പത്താണ്.

മനസ്സ് തുറക്കാൻ ഒരിടം

നല്ല സുഹൃത്തുക്കളുടെ മുന്നിൽ നമുക്ക് ഒന്നും മറച്ചുവയ്‌ക്കേണ്ടതില്ല. സന്തോഷങ്ങളും സങ്കടങ്ങളും വിജയങ്ങളും പരാജയങ്ങളും തുറന്നുപറയാം. നമ്മുടെ കുറവുകൾ അറിഞ്ഞിട്ടും സ്നേഹത്തോടെ ചേർത്തുനിർത്തുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ. തെറ്റുകൾ സംഭവിക്കുമ്പോൾ തിരുത്തിത്തരാനും പ്രതിസന്ധികളിൽ ധൈര്യം പകരാനും അവർക്ക് കഴിയും.

എല്ലായ്‌പ്പോഴും സന്തോഷത്തോടെ പെരുമാറണമെന്നോ ശക്തരായി അഭിനയിക്കണമെന്നോ ഇത്തരം ബന്ധങ്ങളിൽ നിർബന്ധമില്ല. മനസ്സിലുള്ള വിഷമങ്ങൾ പങ്കുവയ്ക്കാനും ചിലപ്പോൾ ഒന്നും മിണ്ടാതിരിക്കാനും കഴിയുന്ന ഇടമാണ് നല്ല സൗഹൃദം. അവിടെ നമുക്ക് നമ്മളായിത്തന്നെ ജീവിക്കാം.

അകലങ്ങൾക്കപ്പുറവും നിലനിൽക്കുന്ന അടുപ്പം

കാലം മാറുമ്പോൾ ജീവിതസാഹചര്യങ്ങളും മാറും. പഠനവും ജോലിയും കുടുംബജീവിതവുമൊക്കെ പലരെയും പല വഴികളിലേക്ക് നയിച്ചേക്കാം. ദിവസവും കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ലെങ്കിലും ചില സൗഹൃദങ്ങൾക്ക് മങ്ങലേൽക്കില്ല. മാസങ്ങൾക്കുശേഷം സംസാരിക്കുമ്പോഴും പഴയ അടുപ്പത്തോടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്നത് അത്തരം ബന്ധങ്ങളുടെ പ്രത്യേകതയാണ്.

സൗഹൃദം നിലനിർത്താൻ വലിയ സമ്മാനങ്ങളോ ആഘോഷങ്ങളോ ആവശ്യമില്ല. ഇടയ്‌ക്കൊരുവിളി, സ്നേഹത്തോടെയുള്ള അന്വേഷണം, ആവശ്യമുള്ളപ്പോൾ നൽകുന്ന ചെറിയ സഹായം… ഇതൊക്കെ ഒരു ബന്ധത്തിന്റെ ഊഷ്മളത നിലനിർത്താൻ സഹായിക്കും.

നല്ലൊരു സുഹൃത്താകാനും പഠിക്കാം

നല്ല സുഹൃത്തുക്കളെ കണ്ടെത്തുന്നതുപോലെ പ്രധാനമാണ് മറ്റൊരാൾക്ക് നല്ലൊരു സുഹൃത്താകുന്നതും. അവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കാനും വിഷമങ്ങളിൽ കൂടെ നിൽക്കാനും സന്തോഷങ്ങളിൽ പങ്കുചേരാനും നമുക്ക് കഴിയണം. പരസ്പര വിശ്വാസവും ബഹുമാനവും ക്ഷമയും ഉള്ളിടത്താണ് സൗഹൃദം കൂടുതൽ ആഴമുള്ളതാകുന്നത്.

സ്നേഹസാന്നിധ്യമാണ് ഏറ്റവും വലിയ സമ്മാനം

സൗഹൃദം ജീവിതത്തിന് ലഭിക്കുന്ന മനോഹരമായ അനുഗ്രഹമാണ്. ഏകാന്തത തോന്നുമ്പോൾ കൂട്ടായും മനസ്സ് തളരുമ്പോൾ ആശ്വാസമായും നല്ല സുഹൃത്തുക്കൾ മാറുന്നു. ചില മുറിവുകൾ ഉണക്കാൻ മരുന്നുകളേക്കാൾ ഫലപ്രദമാകുന്നത് സ്നേഹത്തോടെയുള്ള ഒരു വാക്കും ചേർത്തുപിടിക്കുന്ന ഒരു മനസ്സുമാണ്.

നമുക്ക് ലഭിച്ച നല്ല സൗഹൃദങ്ങളെ വിലമതിക്കാം. അകന്നുപോയ സുഹൃത്തുക്കളുമായി വീണ്ടും ബന്ധപ്പെടാം. ആരുടെയെങ്കിലും വിഷമങ്ങളിൽ ആശ്വാസമാകാൻ നമുക്കും ശ്രമിക്കാം. കാരണം, ഒരാളുടെ ജീവിതത്തിൽ നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം ചിലപ്പോൾ നമ്മുടെ സ്നേഹവും സാന്നിധ്യവുമായിരിക്കും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.