എത്യോപ്യയിൽ ക്രൂരമായ ക്രൈസ്തവ വേട്ട: 60-ലധികം പേർ കൊല്ലപ്പെട്ടു

എത്യോപ്യയിലെ ഒറോമിയ മേഖലയിലുണ്ടായ തീവ്രവാദ ആക്രമണങ്ങളിൽ 60-ലധികം ക്രൈസ്തവർ കൊല്ലപ്പെട്ടതായി രാജ്യത്തെ ഓർത്തഡോക്സ് സഭ സ്ഥിരീകരിച്ചു. അർസി സോണിലെ ഷിർക, മെർട്ടി ജില്ലകളിലാണ് ക്രൂരമായ കൂട്ടക്കൊല അരങ്ങേറിയത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

നാലുഭാഗത്തുനിന്നും തീവ്രവാദികൾ ഗ്രാമങ്ങളെ വളഞ്ഞ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തികച്ചും മുൻകൂട്ടി തയ്യാറാക്കിയ ഒരു പതിയിരുന്ന് ആക്രമണമാണിതെന്ന് പ്രാദേശികവാസികൾ വെളിപ്പെടുത്തി. ആക്രമണത്തിൽ 20-ഓളം വീടുകൾ പൂർണ്ണമായി കത്തിനശിച്ചു. സുരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും ആക്രമണം പൂർണ്ണമായി തടയാൻ സാധിച്ചില്ലെന്ന് സഭാധികാരികൾ വ്യക്തമാക്കി. ഭയന്നോടിയ നൂറുകണക്കിന് ആളുകൾ പ്രദേശത്തുനിന്ന് പലായനം ചെയ്തിരിക്കുകയാണ്.

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അടുത്തിടെയായി വർധിച്ചുവരികയാണെന്ന് എത്യോപ്യൻ ഓർത്തഡോക്സ് ടെവാഹിഡോ സഭയുടെ വിശുദ്ധ സിനഡ് (Holy Synod) കുറ്റപ്പെടുത്തി. സുരക്ഷാ വീഴ്ചയെക്കുറിച്ച് സർക്കാരിന്റെ വിവിധ തലങ്ങളിൽ പലതവണ പരാതിപ്പെട്ടിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച പ്രസ്താവനയിൽ സഭ വ്യക്തമാക്കി. എത്യോപ്യൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഈ പ്രദേശത്ത് സമാനമായ ആക്രമണങ്ങളിൽ 458 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.