സിഡ്‌നി പള്ളിയിൽ നടന്നത് തീവ്രവാദി ആക്രമണം: സ്ഥിരീകരണവുമായി അന്വേഷണ സംഘം

സിഡ്‌നിയിലെ പള്ളിയിൽ ബിഷപ്പിനും വിശ്വാസികൾക്കും നേരെ നടന്നത് തീവ്രവാദി ആക്രമണം ആണെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. തിങ്കളാഴ്‌ച രാത്രി സിഡ്‌നിയുടെ പ്രാന്തപ്രദേശമായ വാക്‌ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ദൈവാലയത്തിൽ ശുശ്രൂഷകൾക്ക് ഇടയിൽ ആണ് ബിഷപ്പ് മാർ മാരി ഇമ്മാനുവലിനും വിശ്വാസികൾക്കും നേരെ ആക്രമണം ഉണ്ടായത്.

ആക്രമണത്തെ തുടർന്ന് പതിനാറു വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ ഇയാൾക്കും പരിക്കേറ്റു. ഓസ്‌ട്രേലിയൻ പോലീസ് ആക്രമണത്തെ ഭീകരാക്രമണമായി ആണ് കണക്കാക്കുന്നത്. കേസ് അനേഷണം തുടരുകയാണെന്നും ആക്രമണത്തിന് കാരണമായത് ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ആശങ്ങളാണെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ അക്രമിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ മതം വ്യക്തമാക്കാൻ അധികാരികൾ ആവർത്തിച്ച് വിസമ്മതിച്ചു.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പള്ളിയുടെ സമീപത്തേയ്ക്കു ആളുകൾ ഓടിയെത്തി. തുടർന്ന് പോലീസും ജനങ്ങളും തമ്മിൽ കൈയ്യേറ്റം ഉണ്ടാകുകയും പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിച്ച ന്യൂ സൗത്ത് വെയിൽസ് (എൻഎസ്‌ഡബ്ല്യു) പോലീസ് കമ്മീഷണർ കാരെൻ വെബ്, ബിഷപ്പും വൈദികനും ശസ്ത്രക്രിയയ്ക്ക് വിധേയരാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും വെളിപ്പെടുത്തി.

2011-ൽ സ്ഥാനാരോഹണം ചെയ്യപ്പെട്ട ബിഷപ്പ് ഇമ്മാനുവൽ ജനപ്രിയനും ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള തിന്മകൾക്കെതിരെ സംസാരിക്കുന്ന വ്യക്തിയും ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബിഷപ്പിനെ സമീപിച്ചപ്പോൾ കൗമാരക്കാരൻ “മതത്തെ കേന്ദ്രീകരിച്ചുള്ള” അഭിപ്രായങ്ങൾ പറഞ്ഞതായും തത്സമയ സംപ്രേഷണം നടക്കുന്ന ശുശ്രൂഷയ്ക്കിടെ ആക്രമണം നടത്തിയതിലൂടെ അവിടെ സന്നിഹിതരായ ഇടവകക്കാരെ മാത്രമല്ല, അത് കാണുന്നവരെയും ഭയപ്പെടുത്തുക എന്ന ഉദ്ദേശമായിരുന്നു ഉണ്ടായിരുന്നതെന്നും അനേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറസ്റ്റിലായ ചെറുപ്പക്കാരൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയത് എന്നും മുൻപ് ഒരിക്കലും ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ സംശയത്തിന്റെ നിഴലിൽ വരാത്ത ആളാണെന്നും ഇവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.