സാങ്കേതികവിദ്യ സൗഹൃദങ്ങളെ ഇല്ലാതാക്കരുത്, പകരം സഹായിക്കുകയാണ് വേണ്ടത്: ലെയോ പാപ്പ

സാങ്കേതികവിദ്യ സൗഹൃദങ്ങളെ ഇല്ലാതാക്കരുത്, പകരം സഹായിക്കുകയാണ് വേണ്ടതെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. ജൂൺ 22 ന് വത്തിക്കാൻ ജീവനക്കാരുടെ മക്കൾക്കായുള്ള സമ്മർ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പാപ്പ. ജൂൾസ് വേണിന്റെ ‘എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സ്’ (80 ദിവസം കൊണ്ട് ലോകം ചുറ്റാം) എന്ന നോവലിനെ ആസ്പദമാക്കിയാണ് ഇത്തവണത്തെ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

സ്കൂൾ കാലഘട്ടത്തിൽ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ സ്ക്രീൻ എന്നിവകളിൽ നിന്ന് മാറിനിൽക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചുള്ള ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി, സാങ്കേതികവിദ്യയുടെ ഗുണങ്ങളെ മാർപാപ്പ അംഗീകരിച്ചു. എന്നാൽ, അതൊരിക്കലും മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള ബന്ധങ്ങൾക്ക് പകരമാകരുതെന്ന് പാപ്പ കൂട്ടിച്ചേർത്തു. “സാങ്കേതികവിദ്യ പല കാര്യങ്ങൾക്കും വളരെ നല്ലതും ഉപകാരപ്രദവുമാണ്. എന്നാൽ, നമ്മൾ ഒരുമിച്ചിരിക്കുമ്പോൾ എല്ലാ സമയവും കൈകളിൽ മൊബൈൽ ഫോണോ, സ്മാർട്ട്ഫോണോ, ടാബ്‌ലറ്റോ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല” – പാപ്പ പറഞ്ഞു.

അതേസമയം, ഉപകരണങ്ങളിലൂടെയല്ലാതെ വ്യക്തികളെന്ന നിലയിൽ പരസ്പരം സമയം ചെലവഴിക്കാൻ പാപ്പ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. സൗഹൃദങ്ങൾ വളർത്തുന്നതും ഒരുമിച്ച് കളിക്കുന്നതും ഒരുമിച്ച് പഠിക്കുന്നതുമെല്ലാം വളരെ പ്രധാനമാണെന്നും മനുഷ്യർ തമ്മിലുള്ള സമ്പർക്കം അത്യാവശ്യമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കവെ, “ഒരു കുടുംബം ഒരുമിച്ചിരിക്കുമ്പോൾ എല്ലാവരും അവരവരുടെ ഫോണുകളിലേക്ക് നോക്കിയിരുന്നാൽ മാത്രം പോരാ. പരസ്പരം സംസാരിക്കാനും ആശയവിനിമയം നടത്താനും ഒപ്പമിരിക്കുന്നത് ആസ്വദിക്കാനും പഠിക്കുക എന്നത് വളരെ പ്രധാനമാണ്” എന്നും പാപ്പ പറഞ്ഞു.

“ബൈബിളും പ്രാർഥനകളും നമ്മുടെ ഫോണുകളിൽ ലഭ്യമാണെങ്കിലും, ദൈവം നമ്മുടെ ഫോണുകളിലേക്കല്ല നോക്കുന്നത്; അവിടുന്ന് നമ്മുടെ ഹൃദയങ്ങളിലേക്കും ജീവിതങ്ങളിലേക്കുമാണ് നോക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് പ്രാർഥനയുടെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ കുട്ടികളെ ഓർമ്മിപ്പിച്ചു. പല മൊബൈൽ ആപ്ലിക്കേഷനുകളും ഉപയോക്താക്കളെ ദീർഘനേരം അതിൽത്തന്നെ തളച്ചിടാൻ വേണ്ടി മനഃപൂർവം രൂപകൽപന ചെയ്തിട്ടുള്ളതാണെന്ന് മുതിർന്ന കുട്ടികളോട് സംസാരിക്കവെ ലെയോ മാർപാപ്പ മുന്നറിയിപ്പ് നൽകി.

ബന്ധങ്ങൾ നിലനിർത്തിയും പ്രാർഥനയിലൂടെ ദൈവത്തെ തേടിയും തങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം അടിമത്തങ്ങളിൽ നിന്ന് മാറിനിന്ന് ആത്മീയവും മാനവികവുമായ ജീവിതം വളർത്തിയെടുക്കാനും മാർപാപ്പ കുട്ടികളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.