
ഇറ്റലിയിലെ ഒരു ദൈവാലയത്തിലുള്ള വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തിൽ നിന്ന് രക്തക്കണ്ണീർ ഒഴുകിയതായി റിപ്പോർട്ട്. ഈ പ്രതിഭാസം സത്യമാണെന്ന് ഇടവക വികാരി വിശ്വസിക്കുന്നുണ്ടെങ്കിലും, തിരുസഭ ഇതിൽ അന്വേഷണം നടത്തി സത്യാവസ്ഥ സ്ഥിരീകരിക്കേണ്ടതുണ്ട്.
ഇറ്റലിയിലെ കാസാൽബ എന്ന ചെറിയ പട്ടണത്തിലെ ‘സാന്താ മരിയ ദെല്ലെ ഗ്രാസി’ ഇടവകയാണ് ഇപ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ഇവിടെയുള്ള വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തിന്റെ മുഖത്തുനിന്നും രക്തത്തിന്റേത് പോലുള്ള കണ്ണീർ തുള്ളി താഴേക്ക് ഒഴുകിയതായി കാണപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഒരു ഇടവകാംഗം സവിശേഷമായ ഈ കാര്യം ശ്രദ്ധിക്കുന്നത്. പിയെത്രൽചിനയിൽ നിന്നുള്ള ഈ വിശുദ്ധന്റെ രൂപത്തിന്റെ ഇടതു കണ്ണിൽ നിന്നും രക്തത്തോട് സാദൃശ്യമുള്ള ഒരു ചുവന്ന കണ്ണീർ തുള്ളി താഴേക്ക് വീഴുന്നതായി അദ്ദേഹം കാണുകയായിരുന്നു. പെട്ടെന്നുതന്നെ ഈ വാർത്ത ഇടവക വികാരിയായ ഫാദർ ജിറോളമാ കപുവാനോയെ അദ്ദേഹം അറിയിച്ചു. വികാരി ഉടൻ തന്നെ പള്ളിയിലെത്തി സത്യാവസ്ഥ പരിശോധിക്കുകയും ആ കറ തുടച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പരാജയപ്പെട്ടു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ ഇറ്റാലിയൻ ദൈവാലയത്തിന്റെ കവാടത്തിൽ സ്ഥാപിച്ചിരുന്ന വി. പാദ്രെ പിയോയുടെ ഈ രൂപം, പ്രതിഭാസത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പരിശോധനകൾക്കായി ഇപ്പോൾ അവിടെനിന്നും മാറ്റിയിരിക്കുകയാണ്.
മീഡിയസെറ്റ് ഇറ്റാലിയയുടെ (Mediaset Italia) ‘മാറ്റിനോ ചിൻക്വെ’ (Mattino Cinque) എന്ന പരിപാടിയിൽ സംസാരിക്കവെ, ഈ കാര്യത്തിൽ വിവേകം കാണിക്കണമെന്ന് ഫാദർ കപുവാനോ ആവശ്യപ്പെടുകയും, വസ്തുതകൾ വ്യക്തമാക്കുന്നതിനായി ഇത് പൊതുജന ശ്രദ്ധയിൽപ്പെടുത്തിയത് പ്രശസ്തിക്ക് വേണ്ടിയല്ല എന്ന് പറയുകയും ചെയ്തു. മാത്രമല്ല, ഇങ്ങനെയുള്ള “അടയാളങ്ങൾ” എല്ലാവർക്കും നൽകപ്പെട്ടിരിക്കുന്നത് “വിവേകത്തോടും സ്നേഹത്തോടും വിവേചനബുദ്ധിയോടും കൂടെ പങ്കുവെക്കാനാണ്” എന്നും അദ്ദേഹം പറഞ്ഞു.
2024-ൽ വത്തിക്കാൻ പുറത്തിറക്കിയ ഈ പുതിയ ചട്ടങ്ങൾ അനുസരിച്ച്, അതത് രൂപതാ ബിഷപ്പുമാർ മെത്രാൻ സമിതിയുമായി ആലോചിച്ചും വത്തിക്കാന്റെ (DDF) മേൽനോട്ടത്തിലും വേണം ഇത്തരം കേസുകൾ പരിശോധിക്കാൻ. വസ്തുതകൾ അന്വേഷിച്ചറിഞ്ഞ ശേഷം ബിഷപ്പ് അതിന്റെ ഫലങ്ങൾ വിശ്വാസ തിരുസംഘത്തിന് അയച്ചുകൊടുക്കണം. അവർ, ലഭിച്ച വിവരങ്ങളും ബിഷപ്പ് സ്വീകരിച്ച നടപടികളും വിശദമായി വിശകലനം ചെയ്യും. വത്തിക്കാന്റെ ഭാഗത്തുനിന്ന് കൃത്യമായ ഒരു അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ, ഈ പ്രതിഭാസത്തിന്റെ ആധികാരികതയെക്കുറിച്ചോ അമാനുഷികതയെക്കുറിച്ചോ പരസ്യമായ യാതൊരു പ്രസ്താവനയും നടത്തുന്നതിൽ നിന്നും ബിഷപ്പ് വിട്ടുനിൽക്കേണ്ടതുമുണ്ട്.
കടപ്പാട്: https://www.ewtnnews.com/world/europe/padre-pio-statue-appears-to-weep-blood-in-italian-parish




