കഷ്ടപ്പെടുന്നവർക്ക് ദൈവത്തിന്റെ കാരുണ്യം വെളിപ്പെടുത്തുന്നതാകണം ആരോഗ്യപരിപാലനം: ലെയോ പാപ്പ

കാരിത്താസ് ഇന്റർനാഷണൽ സംഘടിപ്പിച്ച ആരോഗ്യ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ആശംസകൾ അറിയിച്ച് ലെയോ പതിനാലാമൻ മാർപാപ്പ; ഒപ്പം സുവിശേഷ മൂല്യങ്ങളിൽ അധിഷ്ഠിതമായ ആരോഗ്യപരിപാലന കൂട്ടായ്മയ്ക്കായും പാപ്പ ആഹ്വാനം ചെയ്തു. ജൂൺ 23 മുതൽ 25 വരെ കാസിൽ ഗാൻഡോൾഫോയിൽ വച്ച് നടക്കുന്ന ‘കാരിത്താസ് കോൺഫെഡറേഷനിലെ ആരോഗ്യത്തോടുള്ള സമഗ്രമായ സമീപനം’ എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും മാർപാപ്പ തന്റെ ആശംസകളും ആത്മീയ സാമീപ്യവും അറിയിച്ചു.

ജൂൺ 24 ബുധനാഴ്ച അയച്ച മാർപാപ്പയുടെ ഈ സന്ദേശത്തിൽ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ആണ് ഒപ്പുവച്ചിരിക്കുന്നത്. ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ സഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പുതിയൊരു ഉണർവിന് കാരണമാകട്ടെ എന്ന് പാപ്പ പ്രാർഥിച്ചു. വിശുദ്ധ ഗ്രന്ഥം പലപ്പോഴും യേശുവിനെ ‘ദിവ്യവൈദ്യനായി’ അവതരിപ്പിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, കഷ്ടപ്പാടുകൾക്കും അപമാനങ്ങൾക്കും ഒറ്റപ്പെടലുകൾക്കും കാരണമാകുന്ന മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ രോഗങ്ങളെയും സുഖപ്പെടുത്തിക്കൊണ്ടാണ് ക്രിസ്തു രോഗികൾക്ക് ആരോഗ്യം നൽകുന്നതെന്ന് ചൂണ്ടിക്കാണിച്ചു.

തന്റെ ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ എന്ന ചാക്രികലേഖനത്തെയും മാർപാപ്പ ഇതിലൂടെ അനുസ്മരിച്ചു. രോഗികളുടെ ഇടയിലുള്ള സാന്നിധ്യത്തിലൂടെ ദൈവരാജ്യം പ്രഖ്യാപിക്കുന്ന തിരുസഭയുടെ ദൗത്യത്തിലേക്ക് തങ്ങളുടെ സംഭാവനകൾ തുടർന്നും നൽകാൻ ലെയോ പതിനാലാമൻ മാർപാപ്പ സമ്മേളനത്തിൽ പങ്കെടുത്തവരോട് ആഹ്വാനം ചെയ്തു. കാരിത്താസിന്റെയും അതിന്റെ മറ്റ് ഘടകങ്ങളുടെയും പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ളവരിലേക്ക് ദൈവത്തിന്റെ കാരുണ്യവും നന്മയും എത്തിക്കുന്നതിന് പ്രാധാന്യം നൽകട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.