
സ്നാപകയോഹന്നാന്റെ ജനന തിരുനാൾ ദിനത്തിൽ, നമ്മുടെ ദിവസവും ആഴ്ചയും കൂടുതൽ മനോഹരമാക്കാൻ ലെയോ മാർപാപ്പ ചില കൊച്ചു ചിന്തകൾ പങ്കുവച്ചു. എല്ലാ ബുധനാഴ്ചകളിലെയും പൊതുദർശനത്തിന്റെ അവസാനത്തിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടുന്ന വിവിധ ഭാഷക്കാർക്ക് മാർപാപ്പ പ്രത്യേക ആശംസകൾ നേരാറുണ്ട്. അതത് രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്തോഷപ്രകടനങ്ങൾക്കൊപ്പം തന്നെ, അതാത് ദിവസത്തെ തിരുനാളിനെക്കുറിച്ചോ പ്രാദേശിക ആഘോഷങ്ങളെക്കുറിച്ചോ അല്ലെങ്കിൽ അന്ന് നടത്തിയ പഠനത്തിന്റെ പ്രധാന ആശയത്തെക്കുറിച്ചോ ഓർമ്മിപ്പിക്കാൻ മാർപാപ്പ ഈ അവസരം ഉപയോഗിക്കുന്നു.
ജൂൺ 24-ലെ സ്നാപകയോഹന്നാന്റെ ജനന തിരുനാൾ ദിനത്തിൽ, ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ചിന്തകൾ മുതൽ (അന്നത്തെ പൊതുദർശനത്തിന്റെ പ്രധാന വിഷയം) വേനൽക്കാല അവധിക്കാലത്തെ വിശ്രമവും സ്നാപകയോഹന്നാന്റെ സാക്ഷ്യവും വരെയുള്ള വിവിധ കാര്യങ്ങൾ മാർപാപ്പ തന്റെ ആശംസകളിൽ ഉൾപ്പെടുത്തി.
ലെയോ പാപ്പ പറഞ്ഞ ചില പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:
1. കുടുംബത്തിൽ സമാധാനം
സഹോദരങ്ങളേ, പലപ്പോഴും തർക്കങ്ങളും ഭിന്നതകളും ഉണ്ടാകാറുള്ള നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ഐക്യവും കാരുണ്യവും വളർത്താൻ ആവശ്യമായ ശക്തി, ക്രൈസ്തവ സമൂഹത്തിന്റെ ഐക്യത്തിന്റെ ഉറവിടമായ വിശുദ്ധ കുർബാനയിൽ നിന്ന് നമുക്ക് കണ്ടെത്താം.
2. വിശ്വസിക്കാൻ ലോകത്തെ സഹായിക്കുക
പ്രിയ സഹോദരങ്ങളേ, സ്നാപകയോഹന്നാന്റെ ഈ ജനന തിരുനാൾ ദിനത്തിൽ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി യേശുവിനെ തിരിച്ചറിഞ്ഞ യോഹന്നാന്റെ ക്രിസ്തുവിലേക്കുള്ള മാനസാന്തര ആഹ്വാനം നമുക്ക് ശ്രവിക്കാം. നമുക്കും അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്ന് കർത്താവിന് വഴി ഒരുക്കാം; അങ്ങനെ ലോകം രക്ഷകനായ ക്രിസ്തുവിൽ വിശ്വസിക്കട്ടെ.
3. മറ്റുള്ളവരെ ദൈവത്തിന്റെ കണ്ണുകളിലൂടെ കാണുക
യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞതുപോലെ, മനുഷ്യരിൽ ജീവിതത്തോടും സത്യത്തോടും പൂർണ്ണതയോടുമുള്ള അവരുടെ ആഗ്രഹങ്ങളെ തിരിച്ചറിയാൻ നിങ്ങളുടെ കണ്ണുകൾ ഉയർത്താൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. മറ്റുള്ളവരെ ദൈവത്തിന്റെ കണ്ണുകളിലൂടെ, അതായത് സ്നേഹത്തോടും ബഹുമാനത്തോടും അനുകമ്പയോടും കൂടെ നോക്കാൻ അവിടുന്ന് നമ്മെ പഠിപ്പിക്കട്ടെ.
4. വിശുദ്ധ കുർബാനയ്ക്കായി ഒരുങ്ങുക!
വിശുദ്ധ കുർബാനയ്ക്കായുള്ള നിങ്ങളുടെ ഒരുക്കങ്ങളെ ആരും അവഗണിക്കരുതെന്ന് ഞാൻ ഉപദേശിക്കുന്നു. ഇടയ്ക്കിടെയുള്ള കുമ്പസാരത്തിലൂടെ ആന്തരികമായും, ദൈവവചനം ശ്രവിക്കുന്നതിന് തടസ്സമാകുന്ന ബാഹ്യമായ കോലാഹലങ്ങളെ ശാന്തമാക്കിക്കൊണ്ടും നമുക്ക് ഇതിനായി ഒരുങ്ങാം.
5. എല്ലാം പ്രാർഥനയായി മാറട്ടെ
കർത്താവിന്റെ ബലിപീഠത്തിൽ മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിലും ദിവ്യകാരുണ്യം ആഘോഷിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. അവിടെ നമ്മുടെ എല്ലാ കാര്യങ്ങളും ഒരു ബലിയായും നന്ദിപ്രകാശനമായും ദൈവത്തിന് സമർപ്പിക്കാം.
6. അവധിക്കാലം നന്മയ്ക്കായി ഉപയോഗിക്കുക!
വിശ്രമിക്കാനും സൃഷ്ടിയുടെ ഭംഗിയിൽ ദൈവത്തിന്റെ അടയാളങ്ങൾ കണ്ടെത്താനുമുള്ള സമയമാണ് വേനൽക്കാല അവധിക്കാലം. ഈ സമയം കൂടുതൽ തവണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും, ദൈവവചനം ധ്യാനിക്കാനും, ധ്യാനങ്ങളിലും തീർഥാടനങ്ങളിലും പങ്കുചേരാനും, പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനും ഉപയോഗിക്കുക. ഒപ്പം യുവാക്കൾക്കായി നമുക്ക് പ്രാർഥിക്കാം, അവർക്ക് ഉപരിപഠനത്തിനായി ജ്ഞാനത്തോടെയുള്ള തീരുമാനങ്ങൾ എടുക്കാനും തങ്ങളുടെ ദൈവവിളി വിവേകത്തോടെ തിരിച്ചറിയാനും സാധിക്കട്ടെ.




