
ലോകകപ്പിൽ ക്രൊയേഷ്യയോട് 1-0 ന് പരാജയപ്പെട്ടതോടെ അടുത്ത ഘട്ടത്തിലേക്ക് നേരിട്ടുള്ള യോഗ്യത കഠിനമായ പനാമ ദേശീയ ഫുട്ബോൾ ടീമിന് പിന്തുണയുമായി പനാമ ആർച്ച്ബിഷപ്പ് ജോസ് ഡൊമിംഗോ ഉല്ലോവ മെൻഡിയേറ്റ രംഗത്തെത്തി. നിർണായക മത്സരത്തിലെ തോൽവിക്ക് പിന്നാലെയാണ് അദ്ദേഹം കളിക്കാർക്ക് പ്രചോദനമേകുന്ന സന്ദേശം നൽകിയത്.
‘തോൽവികൾ വേദനിപ്പിക്കും, പക്ഷേ അവ നമ്മെ പലതും പഠിപ്പിക്കും’ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെങ്കിലും രാജ്യം ഇപ്പോഴും ടീമിനെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും കളിക്കാരുടെ കഠിനാധ്വാനത്തെയും രാജ്യത്തോടുള്ള സ്നേഹത്തെയും ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫുട്ബോൾ ജീവിതം പോലെയാണെന്നും ഓരോ മത്സരത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് അത് കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരെ പനാമയ്ക്ക് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഫിഫയുടെ പുതിയ ടൈ-ബ്രേക്കിംഗ് മാനദണ്ഡങ്ങൾ കാരണം ഈ മത്സരത്തിൽ ജയിച്ചാലും അടുത്ത ഘട്ടത്തിലേക്ക് കടക്കുക പനാമയ്ക്ക് ഏറെ സങ്കീർണ്ണമാണ്. എങ്കിലും തലതാഴ്ത്താതെ പ്രതീക്ഷയോടെ അവസാന മത്സരത്തെ നേരിടാൻ കളിക്കാരോട് ആഹ്വാനം ചെയ്ത ആർച്ച്ബിഷപ്പ്, പനാമയുടെ മധ്യസ്ഥയായ സാന്താ മരിയ ലാ ആന്റിഗ്വയുടെ അനുഗ്രഹം ടീമിന് നേർന്നു. ലോകകപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക എന്നത് പനാമയെ സംബന്ധിച്ച് ചരിത്രപരമായ നേട്ടമായിരിക്കും.




