താലിബാന്റെ കർശന നിയന്ത്രണങ്ങൾ: അഫ്ഗാൻ സ്ത്രീകളിൽ പകുതിയും അപൂർവമായി മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നുള്ളൂ എന്ന് യുഎൻ

താലിബാൻ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ കാരണം അഫ്ഗാൻ സ്ത്രീകളിൽ പകുതിയും മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതെന്ന് യുഎൻ വിമൻ പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയതിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസവും സ്ത്രീകൾക്ക് സർവകലാശാലാ വിദ്യാഭ്യാസവും നിരോധിച്ച ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്ഥാൻ. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായി നൂറിലധികം ഉത്തരവുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഇത് ലോകത്തിലെ ഏറ്റവും ഗുരുതരമായ സ്ത്രീ അവകാശ പ്രതിസന്ധിയായി മാറിയെന്ന് യുഎൻ ഏജൻസി വ്യക്തമാക്കി.

യുഎൻ ഏജൻസി നടത്തിയ സർവേയിൽ പങ്കെടുത്ത പകുതിയോളം സ്ത്രീകളും മാസത്തിൽ ഒന്നോ രണ്ടോ തവണയിൽ താഴെ മാത്രമാണ് വീടിന് പുറത്തിറങ്ങുന്നതെന്ന് വ്യക്തമാക്കി. കൂടെ പുരുഷ കാവൽക്കാരൻ (മഹ്റം) ഇല്ലാതെ പുറത്തിറങ്ങാൻ ഭൂരിഭാഗം സ്ത്രീകൾക്കും സാധിക്കുന്നില്ല. ഏകദേശം മൂന്നിൽ രണ്ട് ഭാഗം സ്ത്രീകളും പുറത്തിറങ്ങാൻ ഭയപ്പെടുന്നുവെന്ന് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം വെറും ഏഴ് ശതമാനമായി ചുരുങ്ങിയിരിക്കുന്നു. അതേസമയം പുരുഷന്മാരുടെ തൊഴിൽ നിരക്ക് 84 ശതമാനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.