
താൻ ജീവിതകാലം മുഴുവൻ വിയർപ്പൊഴുക്കി കെട്ടിപ്പടുത്ത, കോടികൾ മൂല്യമുള്ള കമ്പനി ലാഭത്തിനായി വിൽക്കാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകി മാതൃകയായിരിക്കുകയാണ് ഗ്രാഡി – വൈറ്റ് ബോട്ട്സിന്റെ മുൻ സി.ഇ.ഒ. എഡി സ്മിത്ത് ജൂനിയർ. ഏകദേശം അര ശതകോടി ഡോളറിന്റെ വിൽപന ഓഫറുകൾ നിരസിച്ചാണ് എഡി സ്മിത്ത് തന്റെ കമ്പനിയുടെ നിയന്ത്രണ ഓഹരികൾ ഒരു ‘പർപ്പസ് ട്രസ്റ്റിന്’ കൈമാറിയത്. കമ്പനി ഇനി സ്മിത്തിന്റെ തത്വങ്ങളനുസരിച്ചു തന്നെ പ്രവർത്തിക്കുകയും അതിൽ നിന്നുള്ള ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം, മറ്റ് സാമൂഹിക സേവനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുകയും ചെയ്യും.
ദാരിദ്ര്യത്തിൽ നിന്ന് വിജയത്തിലേക്ക്
വളരെ ദരിദ്രമായ അന്തരീക്ഷത്തിലായിരുന്നു എഡിയുടെ ബാല്യം. വിഷമതകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറിയ അദ്ദേഹം കുടുംബത്തിൽ നിന്ന് ആദ്യമായി ബിരുദം നേടുന്ന വ്യക്തിയായി മാറി. 1965 – ൽ നോർത്ത് കരോലിന സർവകലാശാലയിൽ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഗ്രാഡി – വൈറ്റ് ബോട്ട്സ് എന്ന കമ്പനി അദ്ദേഹം വായ്പയെടുത്ത് ഏറ്റെടുത്തു. കഴിഞ്ഞ 58 വർഷമായി ആഴ്ചയിൽ 80 മുതൽ 100 മണിക്കൂർ വരെ കഠിനാധ്വാനം ചെയ്താണ് അദ്ദേഹം ഈ ബോട്ട് നിർമ്മാണ കമ്പനിയെ കരകയറ്റിയത്. തന്റെ പ്രിയപ്പെട്ട വിനോദങ്ങൾ പോലും ഉപേക്ഷിച്ച് അദ്ദേഹം പൂർണ്ണമായും കമ്പനിയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു. ഇന്ന് പ്രതിവർഷം 100 ദശലക്ഷം ഡോളറിലധികം (ഏകദേശം 800 കോടിയിലധികം രൂപ) വരുമാനമുള്ള വൻകിട പ്രസ്ഥാനമാണ് ഗ്രാഡി – വൈറ്റ് ബോട്ട്സ്.
വിലമതിക്കാനാകാത്ത മൂല്യങ്ങൾ
ഭാര്യയുടെയും മകന്റെയും വിയോഗത്തിന് ശേഷം കമ്പനി വിൽക്കാനായി വൻകിട ഓഫറുകൾ വന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. കമ്പനി വിറ്റ പല സുഹൃത്തുക്കളുടെയും സ്ഥാപനങ്ങൾ പിന്നീട് തകർച്ച നേരിട്ടതും അവിടെയുണ്ടായിരുന്ന തൊഴിൽ സംസ്കാരം നശിച്ചതും കണ്ടതാണ് സ്മിത്തിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്ഥാപനത്തിന് ആ ഗതി വരരുതെന്ന് അദ്ദേഹം ഉറപ്പിച്ചു. പറ്റഗോണിയ സ്ഥാപകൻ ഇവോൺ ചൗയിനാർഡിന്റെ മാതൃക പിന്തുടർന്നാണ് സ്മിത്ത് ഈ വിപ്ലവകരമായ തീരുമാനത്തിലെത്തിയത്.
ഇനി ട്രസ്റ്റിന്റെ കൈകളിൽ
കമ്പനിയുടെ വോട്ടിംഗ് അവകാശമുള്ള ഓഹരികൾ സ്മിത്ത് ഒരു ട്രസ്റ്റിന് കൈമാറി. ഇത് ഒരിക്കലും വിറ്റഴിക്കപ്പെടില്ല എന്ന വ്യവസ്ഥയിലാണെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്. ജീവനക്കാർക്ക് ലാഭവിഹിതം നൽകുന്നതും അവരുടെ വിദ്യാഭ്യാസത്തിന് സഹായം നൽകുന്നതുമടക്കമുള്ള നല്ല രീതികൾ കമ്പനി തുടരും. ബാക്കിയുള്ള ഓഹരികൾ ഒരു ചാരിറ്റബിൾ സംഘടനയ്ക്ക് നൽകുകയും അതിൽ നിന്നുള്ള ലാഭം പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും.
തന്റെ ജീവിതം കൊണ്ട് വലിയൊരു സന്ദേശം നൽകിയ എഡി സ്മിത്ത് ജൂനിയർ, കോർപ്പറേറ്റ് ലോകത്തിന് ഒരു പുതിയ മാതൃക കൂടി കാണിച്ചുതന്നിരിക്കുകയാണ്.
സീനിയ എൽസ ഇഗ്‌നേഷ്യസ്




