
കൊളംബിയയുടെ ഔദ്യോഗിക സ്വർഗീയ മധ്യസ്ഥയായ ചിക്വിൻക്വിറയിലെ പരിശുദ്ധ ജപമാല രാജ്ഞിയുടെ (Our Lady of Chiquinquira) ചിത്രം കത്തോലിക്കാ സഭയിലെ ഏറ്റവും ആകർഷകമായ വിശ്വാസചരിത്രങ്ങളിലൊന്നാണ്. ജീർണ്ണിച്ചുപോയ ഒരു പഴയ കാൻവാസ് ചിത്രത്തിൽ നിന്ന് ദിവ്യപ്രകാശത്തോടെ തെളിഞ്ഞുവന്ന മാതാവിന്റെ ചിത്രം, വെറുമൊരു ചിത്രകലയല്ല; മറിച്ച് കാലങ്ങളെ അതിജീവിച്ച അദ്ഭുതങ്ങളുടെ സാക്ഷ്യമാണ്.
ജീർണ്ണതയിൽ നിന്ന് തെളിഞ്ഞുവന്ന ദിവ്യരൂപം
പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ (1560-കളിൽ) സ്പാനിഷ് ചിത്രകാരനായ അലോൺസോ ഡി നാർവേസാണ് കോട്ടൺ കാൻവാസിൽ മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം വരച്ചത്. സ്പെയിനിലെ സെവില്ലെ പ്രവിശ്യയിൽ ജനിച്ച നാർവേസ്, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കൊളംബിയൻ കോളനിയിലാണ് ചെലവഴിച്ചത്. അവിടെ തദ്ദേശീയരായ കൊളംബിയക്കാർ നെയ്തെടുത്ത ഒരു പരുത്തി വസ്ത്രത്തിലാണ് അദ്ദേഹം ഈ ചിത്രം തയ്യാറാക്കിയത്. ധാതു നിർമ്മിതമായ വർണ്ണങ്ങൾ ഉപയോഗിച്ച്, ഉണ്ണീശോയെ കൈകളിൽ ഏന്തിനിൽക്കുന്ന ജപമാല രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തെയാണ് അദ്ദേഹം ചിത്രീകരിച്ചത്. മാതാവിന് ഇരുവശത്തുമായി വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ ആൻഡ്രൂസിന്റെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ വർഷങ്ങൾ കടന്നുപോയതോടെ ഈ ചിത്രം സൂക്ഷിച്ചിരുന്ന ചാപ്പലിന്റെ കൂര ചോർന്നൊലിക്കുകയും, ഈർപ്പവും വെയിലും തട്ടി ചിത്രത്തിലെ വർണ്ണങ്ങൾ പൂർണ്ണമായി മാഞ്ഞുപോവുകയും ചെയ്തു. ഒടുവിൽ ഒരു വിറകുപുരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അത്.
1586 ഡിസംബർ 26-ന് മരിയ റാമോസ് എന്ന ഭക്തയായ സ്ത്രീ ഈ പഴകിയ കാൻവാസ് തുണി വൃത്തിയാക്കി ചാപ്പലിൽ തിരികെ സ്ഥാപിച്ചു പ്രാർഥിക്കാൻ തുടങ്ങി. പെട്ടെന്നാണ് ആ അദ്ഭുതം സംഭവിച്ചത്. മങ്ങിയതും തകർന്നതുമായ ചിത്രത്തിൽ നിന്ന് വലിയൊരു പ്രകാശം ഉയർന്നുവരുകയും, മാഞ്ഞുപോയ നിറങ്ങളും തിരികെ വരുകയും കാലപ്പഴക്കം കൊണ്ട് ആ ചിത്രത്തിൽ ഉണ്ടായ കീറലുകളും ദ്വാരങ്ങളും മറ്റും തന്നെ നേരെയാവുകയും ചെയ്തു. ഇതേ തുടർന്ന് തിളക്കമുള്ളതായി മാറിയ ആ ചിത്രം വണക്കത്തിനായി പുനഃപ്രതിഷ്ഠിച്ചു.
ചിക്വിൻക്വിറയിലെ മാതാവിന്റെ ചിത്രം ഇപ്പോൾ കൊളംബിയയിലെ ചിക്വിൻക്വിറയിലുള്ള ‘ബസിലിക്ക ഓഫ് ഔർ ലാഡി ഓഫ് ദി റോസറി’യിലാണ് സൂക്ഷിച്ചിരിക്കുന്നത്. കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള ഒന്നായിരുന്നിട്ടും, നൂറ്റാണ്ടുകളായുള്ള ജനങ്ങളുടെ ഭക്തിയെയും പ്രതികൂല കാലാവസ്ഥകളെയും അതിജീവിച്ച് ഈ ചിത്രം നിലനിൽക്കുന്നു. 1897 മുതൽ കട്ടിയുള്ള ഒരു ചില്ലുകൂടിനുള്ളിലാണ് ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. 1910-ൽ പീയൂസ് പത്താമൻ പാപ്പ ചിക്വിൻക്വിറയിലെ മാതാവിന്റെ ചിത്രത്തിന് ഔദ്യോഗികമായി കിരീടധാരണം നടത്താൻ അനുമതി നൽകി. തുടർന്ന് 1986-ൽ ജോൺ പോൾ രണ്ടാമൻ പാപ്പ ഈ തീർഥാടന കേന്ദ്രം സന്ദർശിക്കുകയും കൊളംബിയയിലെ സമാധാനത്തിനായി പ്രാർഥിക്കുകയും ചെയ്തു.
വെനസ്വേലയിലെ അദ്ഭുത ചിത്രം ‘ലാ ചിനിത’
വെനസ്വേലയിലും ചിക്വിൻക്വിറയിലെ മാതാവിന്റെ കഥ അതുപോലെതന്നെ അദ്ഭുതങ്ങൾ നിറഞ്ഞതാണ്. 1709 നവംബറിൽ, മരക്കൈബോ തടാകക്കരയിൽ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരുന്ന ഒരു സ്ത്രീ വെള്ളത്തിൽ ഒഴുകിനടന്ന ഒരു ചെറിയ മരപ്പലക കണ്ടെത്തി. വീട്ടു ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നു കരുതി അവരത് വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ, ചിക്വിൻക്വിറയിലെ പരിശുദ്ധ മാതാവിന്റെ രൂപം അതിൽ അദ്ഭുതകരമായി തെളിഞ്ഞുവന്നു. ഇത് കണ്ട് അതിശയഭരിതയായ അവർ ഓടിവെളിയിലിറങ്ങി ‘അദ്ഭുതം, അദ്ഭുതം’ എന്ന് വിളിച്ചു പറഞ്ഞു. ഈ മരപ്പലക ഉടൻ തന്നെ ജനങ്ങളുടെ സ്നേഹത്തിന്റെയും വണക്കത്തിന്റെയും കേന്ദ്രമായി മാറി. മരക്കൈബോയിലെ ജനങ്ങൾ ഇതിനെ ദൈവത്തിൽ നിന്നുള്ള ഒരു അടയാളമായി കാണുകയും, ‘ലാ ചിനിത’ (La Chinita) എന്ന് പ്രദേശവാസികൾ വാത്സല്യത്തോടെ വിളിക്കുന്ന മാതാവിനോടുള്ള ഭക്തി അവിടെ വർധിക്കുകയും ചെയ്തു. ഈ അദ്ഭുത ചിത്രം ഇന്നും മരക്കൈബോയിലെ ബസിലിക്കയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
നവംബർ 18-ന് ആരംഭിക്കുന്ന ‘ലാ ചിനിത തിരുനാൾ’ വിശുദ്ധ കുർബാനകളാലും, പ്രദിക്ഷണങ്ങളാലും, പരമ്പരാഗത ‘ഗൈറ്റ’ (Gaita) സംഗീതത്താലും ഈ അദ്ഭുതത്തെ ആഘോഷമാക്കുന്നു. വെനസ്വേലയിൽ ക്രിസ്മസ് കാലഘട്ടത്തിന്റെ തുടക്കം കുറിക്കുന്നത് ഈ തിരുനാളോടെയാണ്. 26 × 25 സെന്റിമീറ്റർ മാത്രം വലിപ്പമുള്ള ഈ ചെറിയ മരപ്പലകയിൽ ഉണ്ണീശോയെ ഏന്തിയ കന്യകാമറിയത്തെയും, വിശുദ്ധ അന്ത്രയോസിനെയും വിശുദ്ധ അന്തോണീസിനെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. വർഷങ്ങൾ കടന്നുപോയതോടെ, ഇതിന്റെ ഭംഗിയും പ്രാധാന്യവും വർധിപ്പിച്ചുകൊണ്ട് 18 കാരറ്റ് തങ്കം ഉപയോഗിച്ച് ചിത്രം അലങ്കരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു.




