
ഒരു വിമാനദുരന്തത്തെ തുടർന്ന് അലാസ്കയിലെ മരവിപ്പിക്കുന്ന തണുപ്പും കൊടുങ്കാറ്റും നിറഞ്ഞ വന്യതയിൽ ഒറ്റപ്പെട്ടുപോകുന്ന ഏതാനും മനുഷ്യരുടെ അതിജീവനകഥയാണ് 2011 ൽ പുറത്തിറങ്ങിയ ‘ദ ഗ്രേ’ (The Grey). ജോ കോർണാഹാൻ സംവിധാനം ചെയ്ത ഈ ചിത്രം, പ്രകൃതിയുടെ ക്രൂരതയ്ക്കും വിശന്നുവലയുന്ന ചെന്നായ്ക്കൂട്ടങ്ങൾക്കും മുന്നിൽ ജീവിതം കൈവിട്ടുപോകുമെന്ന് ഉറപ്പായ നിമിഷത്തിലും, അവസാന ശ്വാസം വരെ പൊരുതാൻ തീരുമാനിക്കുന്ന ജോൺ ഒട്ട്‌വേ എന്ന ഷാർപ്പ് ഷൂട്ടറിലൂടെയാണ് സഞ്ചരിക്കുന്നത്. വെറും ശാരീരികമായ അതിജീവനം മാത്രമല്ല, മരണത്തെ മുഖാമുഖം കാണുമ്പോൾ ഒരാൾക്ക് തന്റെ ഉള്ളിലെ ഭയത്തെയും ശൂന്യതയെയും എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുള്ള ആഴമുള്ള ദാർശനിക ചോദ്യങ്ങൾ കൂടി ഈ ചിത്രം ഉയർത്തുന്നുണ്ട്.
തന്റെ പ്രിയപ്പെട്ട ഭാര്യയെ മാരകമായ രോഗത്താൽ നഷ്ടപ്പെട്ടതിനെ തുടർന്ന് ജീവിതത്തിന്റെ അർഥം തന്നെ നഷ്ടപ്പെട്ട് വിഷാദത്തിൽ ആണ്ടുപോയ വ്യക്തിയാണ് ജോൺ ഒട്ട്‌വേ. സിനിമയുടെ തുടക്കത്തിൽ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിക്കുന്ന അദ്ദേഹം, അപ്രതീക്ഷിതമായി ഉണ്ടാകുന്ന വിമാനാപകടത്തോടെ മരണത്തിന്റെ നടുവിലേക്ക് വലിച്ചെറിയപ്പെടുകയാണ്. ചുറ്റുമുള്ളവർ ഓരോരുത്തരായി കൊടുംതണുപ്പിലും ചെന്നായ്ക്കളുടെ ആക്രമണത്തിലും വിധിക്ക് കീഴടങ്ങുമ്പോൾ, തളരാതെ മുന്നോട്ട് നീങ്ങാനുള്ള ഇച്ഛാശക്തി അയാൾക്ക് നൽകുന്നത് തന്റെ പ്രിയപ്പെട്ടവളുടെ അവസാന വാക്കുകളും, അദ്ദേഹത്തിന്റെ പിതാവിന്റെ ആത്മവീര്യം പകരുന്ന നാലുവരി കവിതയുമാണ്. മരണത്തിന്റെ തൊട്ടരികിൽ നിൽക്കുമ്പോഴും, അവസാന നിമിഷം വരെ പൊരുതണമെന്ന ബോധം ഒട്ട്‌വേയെ ഒരു യോദ്ധാവാക്കി മാറ്റുന്നു. തന്റെ ജീവിതത്തിന്റെ ലക്ഷ്യം കീഴടങ്ങലല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതുന്നതിലാണെന്ന് അയാൾ തിരിച്ചറിയുകയാണ്.
തുടര്‍ന്ന് കഥ കൂടുതൽ വികാരഭരിതമാകുന്നു. ഒട്ട്‌വേയുടെ ഒപ്പമുണ്ടായിരുന്ന എല്ലാവരും മരിച്ചു. കൊടും ശൈത്യത്തെയും നിരന്തരമായ വേട്ടയാടലിനെയും അതിജീവിച്ച് ബാക്കിയാകുന്ന ഒട്ട്‌വേ, ഒടുവിൽ താൻ ചെന്നായ്ക്കളുടെ താവളത്തിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിയുന്നു. തനിക്കൊപ്പമുണ്ടായിരുന്ന എല്ലാവരും നഷ്ടപ്പെട്ട്, തളർന്നുപോയ ശരീരത്തോടെ, എന്നാൽ ഉറച്ച മനസ്സോടെ ആ വലിയ ചെന്നായ്ക്കൂട്ടത്തിന് നടുവിലേക്ക് അയാൾ ഒറ്റയ്ക്ക് നടന്നുചെല്ലുന്നു. അവിടെ കൺമുന്നിൽ വന്നുനിൽക്കുന്ന ആൽഫ ചെന്നായയോട് (Alpha Wolf) ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്ന ആ നിമിഷം സിനിമയുടെ ഏറ്റവും ശക്തമായ ദൃശ്യമാണ്. മരണം ഉറപ്പായ ആ അവസാന നിമിഷം തന്റെ പക്കലുള്ള ചെറിയ കത്തിയും കുപ്പിച്ചില്ലുകളും കൊണ്ട് ചെന്നായ്ക്കളുയുള്ള അന്തിമ പോരാട്ടത്തിനൊരുങ്ങുകയാണ്. അപ്പോള്‍, “ഭയപ്പെടരുത്” എന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ മുഴങ്ങുന്നു; ഒപ്പം, തന്റെ പിതാവിന്റെ കവിതയും. ആ നാലുവരി കവിത ഇങ്ങനെയാണ്:
മറ്റൊരു പോരാട്ടത്തിലേക്കു കൂടി ഞാൻ ഇറങ്ങുന്നു
എനിക്കറിയാവുന്ന അവസാനത്തെ മഹായുദ്ധത്തിലേക്ക്
ഈ ദിനത്തില്‍ തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്യുക
ഈ ദിനത്തില്‍ തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്യുക.
പിന്നീട് പോരാട്ടം, മരണം.
പ്രകൃതിയുടെ നിസ്സംഗതയ്ക്കും മരണത്തിന്റെ ഇരുളിനും മുന്നിൽ മനുഷ്യൻ എത്രമാത്രം ചെറുതാണെന്ന് സിനിമ കാണിച്ചുതരുന്നു. എല്ലാം അവസാനിക്കുന്നുവെന്ന് തോന്നുമ്പോഴും, ഉള്ളിലെ പോരാട്ടവീര്യം കൈവിടാതെ പൊരുതുന്നവനാണ് യഥാർഥ മനുഷ്യൻ എന്ന് ഈ സിനിമ നമ്മെ പഠിപ്പിക്കുന്നു. ഇരുളിലേക്ക് നടന്നുകയറുമ്പോഴും, വെളിച്ചത്തിന്റെ അവസാന കണികയ്ക്കു വേണ്ടി ദാഹിക്കുന്ന ഏത് ആത്മാവിനും ഈ യാത്ര വലിയൊരു പ്രചോദനമാണ്.
മരണത്തെ ഭയന്നല്ല, മറിച്ച് അതിനെ അഭിമുഖീകരിച്ചുകൊണ്ട് ജീവിക്കാൻ പഠിക്കണമെന്നതാണ് ‘ദ ഗ്രേ’ നമ്മെ ഓർമ്മിപ്പിക്കുന്നത്. എത്ര വലിയ പ്രതിസന്ധി ആയാലും ഒരു ദിവസം കൂടി പൊരുതാനുള്ള കരുത്ത് കണ്ടെത്തുക എന്നതാണ് അതിജീവനത്തിന്റെ ഏറ്റവും വലിയ പാഠം. തളർന്നുപോകുന്ന നിമിഷങ്ങളിൽ ഈ തിരിച്ചറിവ് നമുക്ക് വലിയൊരു താങ്ങായിരിക്കട്ടെ!

ഫാ. ജി. കടൂപ്പാറയിൽ MCBS




