വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യൻ ഗ്രാമമായ തായ്ബെയെ ‘ക്ലോസ്ഡ് മിലിട്ടറി സോൺ’ ആയി പ്രഖ്യാപിച്ച് ഇസ്രായേൽ സൈന്യം

വെസ്റ്റ് ബാങ്കിൽ പൂർണ്ണമായും ക്രൈസ്തവർ മാത്രം അധിവസിക്കുന്ന ഏക ഗ്രാമമായ തായ്ബെയെ ഇസ്രായേൽ പ്രതിരോധ സേന ‘ക്ലോസ്ഡ് മിലിട്ടറി സോൺ’ ആയി പ്രഖ്യാപിച്ചു. ഇതോടെ വിദേശികൾ, മാധ്യമപ്രവർത്തകർ, മറ്റ് ഇസ്രായേലികൾ എന്നിവർക്ക് ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഗ്രാമത്തിന് നേരെ തുടർച്ചയായി ആക്രമണം നടത്തുന്ന ഇസ്രായേലി കുടിയേറ്റക്കാരിൽ നിന്ന് തായ്ബെയെ സംരക്ഷിക്കാനാണ് ഈ നടപടിയെന്നാണ് സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം.

ഗ്രാമത്തിലേക്ക് വിദേശികൾക്ക് പ്രവേശനം വിലക്കിയത് തായ്ബെയുടെ സാമ്പത്തിക മേഖലയെ രൂക്ഷമായി ബാധിക്കുമെന്ന് മേയർ സുലൈമാൻ ഖൂരി ആശങ്ക പ്രകടിപ്പിച്ചു. നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ബിസിനസ്സുകളുമുള്ള പ്രശസ്തമായ തീർഥാടന സങ്കേതമാണ് ഈ ഗ്രാമം. ഗ്രാമത്തിൽ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും രേഖപ്പെടുത്താൻ അന്താരാഷ്ട്ര പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ഇനി സാധിക്കില്ല. ഇത് ഗ്രാമത്തെ വംശീയമായി ഇല്ലാതാക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ നീക്കമാണെന്ന് പലസ്തീൻ ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകനായ ഇഹാബ് ഹസ്സൻ ആരോപിച്ചു.

“ജനങ്ങളുടെയും അവരുടെ വസ്തുവകകളുടെയും സംരക്ഷണം ഉറപ്പാക്കാനാണ് ഈ തീരുമാനമെങ്കിൽ സഭ എന്ന നിലയിൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു. കുടിയേറ്റക്കാരുടെ ആക്രമണം തടയാൻ ഇത് കൃത്യമായി നടപ്പിലാക്കിയാൽ ഇതൊരു നല്ല നടപടിയാകാം. എന്നാൽ പ്രഖ്യാപനങ്ങളേക്കാൾ പ്രധാനം വരും ദിവസങ്ങളിൽ അവിടെ എന്താണ് സംഭവിക്കുന്നത് എന്നുള്ളതാണ്,”- തായ്ബെയിലെ ‘ക്രിസ്റ്റ് ദി റീഡീമർ’ ഇടവക വികാരിയായ ഫാ. ബഷാർ ഫവാദ്‌ലെ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ജനങ്ങളുടെ കൃഷിഭൂമികൾ കയ്യേറാനും, വീടുകൾക്ക് തീയിടാനും, സ്ഥിരമായി അവിടെ തമ്പടിക്കാനും ഇസ്രായേലി കുടിയേറ്റക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് തങ്ങളുടെ സമൂഹത്തിന്റെ ഭാവിക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തു തന്റെ പീഡാനുഭവത്തിനു മുമ്പ് അഭയം പ്രാപിച്ച ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് തായ്ബെ. സുവിശേഷങ്ങളിൽ പരാമർശിക്കുന്ന ‘എഫ്രായീം’ എന്ന പുരാതന ഗ്രാമമാണ് ഇന്നത്തെ തായ്ബെ. വിശുദ്ധ നാട്ടിലെ ക്രിസ്തീയ സാന്നിധ്യം നിലനിർത്താൻ ഈ പ്രദേശത്തിന്റെ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളോട് സഭാ നേതൃത്വം ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.