ജോലിയോടൊപ്പം വീട്ടിലെ കാര്യങ്ങളും ഭാരമാകുന്നുണ്ടോ? നന്നായി കൈകാര്യം ചെയ്യാൻ ചില വഴികൾ

പല മാതാപിതാക്കളും രാവിലെ കണ്ണുതുറക്കുമ്പോൾ തുടങ്ങുന്ന ജോലിയാണ്. കുട്ടികളെ സ്കൂളിൽ വിടാൻ ഒരുക്കണം, വീട്ടിലെ കാര്യങ്ങൾ നോക്കണം, അതിനിടയിൽ ജോലി സമയം പാലിക്കണം. ഫോൺ കോളുകളും മീറ്റിങ്ങുകളും മറ്റു ഉത്തരവാദിത്തങ്ങളും കൂടിയെത്തുമ്പോൾ സ്വന്തം കാര്യങ്ങൾക്കായി അൽപസമയം പോലും കണ്ടെത്താൻ കഴിയാതെ വരാം.

ഇത്തരം സാഹചര്യങ്ങളിൽ എല്ലാം ഒരേസമയം കൃത്യമായി ചെയ്യാൻ ശ്രമിക്കുന്നതിനുപകരം, ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകി ഓരോന്നായി മുന്നോട്ട് പോകുന്നതാണ് കൂടുതൽ നല്ലത്. ദിനചര്യയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും തിരക്കുകൾ കുറയ്ക്കാനും മനസ്സിന് കൂടുതൽ ആശ്വാസം നൽകാനും സഹായിക്കും.

പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകാം

ഒരു ദിവസം ചെയ്യേണ്ട എല്ലാ കാര്യങ്ങളും അതേ ദിവസം തന്നെ പൂർത്തിയാക്കണമെന്നില്ല. ആദ്യം അന്നേ ദിവസം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് തീരുമാനിച്ച് അതിന് മുൻഗണന നൽകുക. സമയം ലഭിക്കുമ്പോൾ മാത്രം ബാക്കിയുള്ള കാര്യങ്ങളിലേക്ക് കടക്കാം. കുട്ടികളുള്ള വീട്ടിൽ ഓരോ ദിവസവും ഒരുപോലെയായിരിക്കണമെന്നില്ല. അതിനാൽ ഓരോ ദിവസത്തെയും സാഹചര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾക്ക് മുൻഗണന നൽകി, കഴിയുന്നത്ര മാത്രം ചെയ്യുന്നതിൽ സംതൃപ്തരാകുക.

സമയത്തിനനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കാം

ജോലിയും കുടുംബകാര്യങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ഓരോ ദിവസത്തെയും കാര്യങ്ങൾ മുൻകൂട്ടി ക്രമീകരിക്കുന്നത് സഹായകരമാണ്. കുട്ടികൾ ഉറങ്ങുന്ന സമയമോ രാവിലെ നേരത്തെയുള്ള സമയമോ പ്രധാനപ്പെട്ട ജോലികൾക്കായി മാറ്റിവയ്ക്കാം. അന്നത്തെ പ്രധാനപ്പെട്ട കാര്യങ്ങൾ നേരത്തെ തീരുമാനിക്കുന്നത് തിരക്കുകൾ കുറയ്ക്കാനും സമയം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും സഹായിക്കും. പങ്കാളിയും ജോലിചെയ്യുന്നുണ്ടെങ്കിൽ വീട്ടുജോലികളും കുട്ടികളുടെ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കാം. ഒരാൾക്ക് മാത്രം എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടിവരാത്ത വിധം കാര്യങ്ങൾ പങ്കിടുന്നത് കുടുംബജീവിതം കൂടുതൽ സുഗമമാക്കും.

വീട്ടിലെ ചെറിയൊരു ഇടം ഓഫീസാക്കാം

വീട്ടിൽ പ്രത്യേകമായി ഒരു ഓഫീസ് മുറി വേണമെന്നില്ല. ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയുന്ന ഒരു ചെറിയ സ്ഥലം കണ്ടെത്തിയാൽ മതി. ആവശ്യമായ സാധനങ്ങൾ അവിടെ ഒരുക്കിവയ്ക്കുന്നത് ജോലി ചെയ്യുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.

കുട്ടികളുടെ പഠനം മുഴുവൻ ഏറ്റെടുക്കേണ്ടതില്ല

കുട്ടികൾ പഠിക്കുമ്പോൾ അവരുടെ കൂടെ നിൽക്കുകയും ആവശ്യമായ സഹായം നൽകുകയും ചെയ്യാം. എന്നാൽ ഓരോ കാര്യവും മാതാപിതാക്കൾ തന്നെ പഠിപ്പിക്കേണ്ടതില്ല. കുട്ടികൾക്ക് സ്വന്തമായി പഠിക്കാനും കാര്യങ്ങൾ ക്രമീകരിക്കാനും അവസരം നൽകുക. പഠനത്തിനും കളിക്കും വിശ്രമത്തിനും ഒരുപോലെ പ്രാധാന്യം നൽകണം.

സ്വന്തം കാര്യങ്ങൾക്കും അൽപസമയം മാറ്റിവയ്ക്കാം

ജോലിയുടെയും കുട്ടികളുടെയും കുടുംബകാര്യങ്ങളുടെയും തിരക്കിനിടയിൽ മാതാപിതാക്കൾ പലപ്പോഴും സ്വന്തം കാര്യങ്ങൾ മറന്നുപോകാറുണ്ട്. എന്നാൽ തിരക്കിനിടയിൽ അൽപസമയം സ്വയം മാറ്റിവയ്ക്കുന്നതും പ്രധാനമാണ്. കുറച്ചുനേരം നടക്കുക, കുട്ടികളോടൊപ്പം സംസാരിക്കുക, ഒരു കപ്പ് ചായ ആസ്വദിക്കുക, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക, പ്രാർഥിക്കുക തുടങ്ങിയ ചെറിയ ഇടവേളകൾ മനസ്സിന് ആശ്വാസം നൽകും. ഇതിലൂടെ ക്ഷീണം കുറയ്ക്കാനും കൂടുതൽ ഉന്മേഷത്തോടെ ദൈനംദിന ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങാനും കഴിയും. സ്വന്തം സന്തോഷത്തിനും വിശ്രമത്തിനും സമയം നൽകുന്ന മാതാപിതാക്കൾക്ക് കുടുംബത്തോടൊപ്പം കൂടുതൽ സ്നേഹത്തോടെയും ക്ഷമയോടെയും സമയം ചെലവഴിക്കാനും സാധിക്കും.

എല്ലാം കൃത്യമായി നടക്കണമെന്നില്ല

എല്ലാ ദിവസവും ഒരുപോലെ ആയിരിക്കണമെന്നില്ല. ചില ദിവസങ്ങളിൽ ജോലികൾ സമയത്ത് പൂർത്തിയാകാതെ വരാം, കുട്ടികളുടെ പഠനത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടി വരാം, വീട്ടിലെ ചില കാര്യങ്ങൾ മാറ്റിവയ്‌ക്കേണ്ടിയും വരാം. ഇതിന്റെ പേരിൽ വിഷമിക്കുകയോ സ്വയം കുറ്റപ്പെടുത്തുകയോ വേണ്ട. ഓരോ ദിവസത്തെയും സാഹചര്യങ്ങൾ മനസ്സിലാക്കി, അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകി മുന്നോട്ട് പോകുക. എല്ലാം തികഞ്ഞ രീതിയിൽ ചെയ്യുക എന്നതിലുപരി, കഴിയുന്നത്ര സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകുകയാണ് പ്രധാനം.

ജോലിയും കുടുംബവും കുട്ടികളുടെ പഠനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും പരസ്പരം മനസ്സിലാക്കുകയും ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുകയും സ്വന്തം കാര്യങ്ങൾക്കായി അൽപസമയം മാറ്റിവയ്ക്കുകയും ചെയ്താൽ ഈ തിരക്കുകൾ കൂടുതൽ ലളിതമാക്കാം. എല്ലാ കാര്യങ്ങളും എല്ലാദിവസവും കൃത്യമായി നടക്കണമെന്നില്ല. എന്നാൽ, കഴിയുന്നത്ര സ്നേഹത്തോടെയും ക്ഷമയോടെയും ഓരോ ദിവസവും മുന്നോട്ട് പോകാൻ ശ്രമിക്കാം. കാരണം, തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുന്ന നിമിഷങ്ങളാണ് ഒടുവിൽ ഏറ്റവും വിലപ്പെട്ടതായി മാറുന്നത്.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.