
നൈജീരിയയിലെ കടുന സംസ്ഥാനത്തെ മാലാലിയിലുള്ള ഫെഡറൽ ട്രെയിനിംഗ് സെന്ററിലെ ക്രൈസ്റ്റ് ദി കിംഗ് ചാപ്പലിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ സക്രാരി തകർക്കുകയും തിരുവോസ്തികൾ മോഷ്ടിക്കുകയും ചെയ്തു. വേദനാജനകമായ ഈ സംഭവത്തെ തുടർന്ന് ഉപവാസ പ്രാർഥനയ്ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് കടുന കത്തോലിക്കാ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാത്യു മാൻ-ഓസോ എൻഡഗോസോ.
2026 നവംബർ 14 ശനിയാഴ്ചയാണ് സംഭവം നടന്നത്. മോഷ്ടാക്കൾ കാസ, കുസ്തോതി ഉൾപ്പെടെയുള്ള വിശുദ്ധ വസ്തുക്കൾ കവർന്നു. ഇതിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് സക്രാരി തകർക്കപ്പെടുകയും അതിലുണ്ടായിരുന്ന തിരുവോസ്തികൾ മോഷ്ടിക്കപ്പെടുകയും ചെയ്ത സംഭവമാണെന്ന് നവംബർ 17-ന് ആർച്ച് ബിഷപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. വിശ്വാസികൾക്ക് തന്റെ ആത്മീയ സാമീപ്യം ഉറപ്പുനൽകിയ കത്തോലിക്കാ ആർച്ച് ബിഷപ്പ്, സൗകര്യപ്രദമായ ഒരു സമയം ക്രമീകരിച്ച് ചാപ്പലിൽ പ്രായശ്ചിത്ത ബലി അർപ്പിക്കുമെന്നും അറിയിച്ചു.
കടുനയിലെ ഫെഡറൽ ട്രെയിനിംഗ് സെന്ററിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും സേവനം നൽകുന്നതിനായി 1982-ലാണ് ക്രൈസ്റ്റ് ദി കിംഗ് ചാപ്പൽ സ്ഥാപിതമായത്. സെന്റ് അഗസ്റ്റിൻ സഭയിലെ വൈദികരാണ് ചാപ്പലിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്നത്.




