ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം: സീറോമലബാർ സഭാ അത്മമായ ഫോറം

ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കുന്നതിന് 2024 മാർച്ച് ആദ്യവാരം ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. കുറഞ്ഞ സമയത്തിൽ നടപ്പാക്കാവുന്ന ശുപാർശകൾ പരിശോധിച്ച് ഒരു മാസത്തിനകം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും ഉത്തരവിൽ നിർദേശിച്ചിരുന്നു. പക്ഷെ ഇതുവരെ തുടർനടപടികൾ ഒന്നും തന്നെ സർക്കാർ കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം മെയ് 17-നാണ് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്.

ഇതിനു മുൻപ് കഴിഞ്ഞ 2023 ഒക്ടോബർ 20-ന് ഏകദേശം 33 വകുപ്പുകളുടെ പരിഗണനയ്ക്ക് റിപ്പോർട്ട് അയച്ചിരുന്നു. ശുപാർശകൾ നടപ്പാക്കുന്നതിനായി സർക്കാർ വകുപ്പുകളോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഭൂരിഭാഗം വകുപ്പുകളും മറുപടി നൽകിയില്ല. കമ്മീഷൻ റിപ്പോർട്ട് നൽകിയിട്ട് 11 മാസം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ വൈകുന്നതിൽ ക്രൈസ്തവസമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ഈ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടണമെന്ന് സീറോമലബാർ സഭാ അത്മമായ ഫോറം ആവശ്യപ്പെടുന്നു.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് ലോക്‌സഭാ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമല്ല എന്ന് സര്‍ക്കാര്‍ തെളിയിക്കേണ്ടതുണ്ട്. കേരളത്തിലെ ക്രൈസ്തവസമൂഹം നേരിടുന്ന തുടര്‍ച്ചയായ അവഗണനകള്‍ക്കും വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥകള്‍ക്കും പരിഹാരം കണ്ടെത്താനുള്ള ആത്മാര്‍ഥമായ നീക്കം ഇനിയെങ്കിലും സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി അര്‍ഹിക്കുന്ന ഗൗരവത്തോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുകയും സത്വരമായ തുടര്‍ നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ മുഖ്യമന്ത്രി സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സീറോമലബാർ സഭാ അത്മമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്‌താവിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.