
ഭൂമിയിൽ വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ചൂടും മനുഷ്യരാശിക്ക് എത്രത്തോളം വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് വ്യക്തമാക്കുന്ന പുതിയ കണക്കുകൾ പുറത്തുവന്നു. ചിക്കാഗോ സർവകലാശാലയുടെ ‘ക്ലൈമറ്റ് ഇംപാക്ട് ലാബ്’ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, നിലവിലുള്ള ‘സൂപ്പർ എൽ നിനോ’ പ്രതിഭാസം കാരണം ഇന്ത്യയിൽ മാത്രം അടുത്ത ആറുമാസത്തിനുള്ളിൽ (2026 ഒക്ടോബർ മുതൽ 2027 മാർച്ച് വരെ) 55,000-ത്തോളം അധിക മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതിൽ ഭൂരിഭാഗം മരണങ്ങളും വരാനിരിക്കുന്ന മാർച്ചിൽ സംഭവിക്കാനാണ് സാധ്യതയെന്നും പഠനം വ്യക്തമാക്കുന്നു.
ആഗോളതലത്തിലെ ഭീതിജനകമായ കണക്കുകൾ
ആഗോളതലത്തിലും സ്ഥിതി അതീവ ഗുരുതരമാണ്. 2026 ജൂൺ മുതൽ 2027 മാർച്ച് വരെയുള്ള എൽ നിനോ കാലയളവിൽ അത്യുഷ്ണത്തെ തുടർന്ന് ലോകമെമ്പാടും 8.57 ലക്ഷത്തോളം അധിക മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻപ് സെപ്റ്റംബറിൽ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലാണിത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആഘാതം നേരിടാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാമത് നൈജീരിയയാണ് (ഏകദേശം 56,000 മരണങ്ങൾ). തൊട്ടുപിന്നിൽ തന്നെയാണ് ഇന്ത്യ (ഏകദേശം 55,000 മരണങ്ങൾ) ഉള്ളത്. ആഗോള ദക്ഷിണ മേഖലെയാണ് ഈ മരണഭാരം ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
റെക്കോർഡുകൾ ഭേദിക്കുന്ന ആഗോള താപനില
യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റിംഗിന്റെ ‘കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ്’ (C3S) നൽകുന്ന വിവരങ്ങൾ പ്രകാരം, സമീപകാല മാസങ്ങളിൽ ഭൂമിയിലെ ചൂട് സർവകാല റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റും സെപ്റ്റംബറും ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിലൊന്നായി മാറി. ആഗോള താപനില വ്യതിയാനം വ്യാവസായിക വിപ്ലവത്തിന് മുൻപുള്ള കാലഘട്ടത്തേക്കാൾ 1.63 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതിരോധ നടപടികൾക്കായി പുതിയ ‘ട്രാക്കർ’
ചൂട്ടുപൊള്ളുന്ന ചൂട് മൂലം ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനായി ക്ലൈമറ്റ് ഇംപാക്ട് ലാബ് ‘എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ’ എന്ന പേരിൽ പുതിയൊരു നിരീക്ഷണ സംവിധാനം ആരംഭിച്ചിട്ടുണ്ട്. നയരൂപകർത്താക്കൾക്കും മാനുഷിക സംഘടനകൾക്കും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അതിനനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുകളും സ്വീകരിക്കാൻ ഈ ഉപകരണം ഏറെ സഹായകരമാകും.
വരുംകാലങ്ങളിൽ ഭൂമി കൂടുതൽ ചൂടുള്ളതായി മാറുമെന്നും, ഇന്നത്തെ എൽ നിനോ സൃഷ്ടിക്കുന്ന അത്യുഷ്ണാവസ്ഥകൾ ഭാവിയിൽ സാധാരണയായി മാറുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മനുഷ്യരാശി നേരിടാൻ പോകുന്ന വലിയൊരു പാരിസ്ഥിതിക വെല്ലുവിളിയുടെ നേർക്കാഴ്ചയാണ് ഈ പുതിയ റിപ്പോർട്ട് നൽകുന്നത്.




