
കളകൾ അഗ്നിക്കിരയാകുമെന്നാണ് യേശു പറയുന്നത്. “കളകള്‍ ശേഖരിച്ച് അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെ തന്നെ യുഗാന്തത്തിലും സംഭവിക്കും.” നമ്മൾ പലപ്പോഴും കളകളെ ഓർത്ത് അസ്വസ്ഥരാണ്. എന്നുവച്ചാൽ നമ്മുടെ ചുറ്റുമുള്ള, തിന്മ ചെയ്യുന്നു എന്ന് നമ്മൾ കാണുന്ന ആളുകളെയോർത്ത് നമ്മൾ ഏറെ സമയം പാഴാക്കുന്നുണ്ട്. അനീതി ചെയ്യുന്നവർ ഈ ലോകത്തിൽ വിജയിക്കുന്നതായി പലപ്പോഴും നമ്മൾ കാണുന്നു; അത് കണ്ട് നമ്മൾ അസ്വസ്ഥരാകുകയും ചെയ്യുന്നു. പക്ഷേ, അതെല്ലാം നൈമിഷികമാണെന്ന് നമ്മൾ ഓർമ്മിക്കണം.
അനീതി ചെയ്യുന്നവരെ അനുകരിക്കാതെ, അവരിൽ നിന്നും അകന്നുമാറി നീതിയുടെ സത്ഫലങ്ങൾ ഓരോ ദിവസവും പുറപ്പെടുവിക്കുന്നവരായിരിക്കണം നമ്മൾ. കളകൾക്ക് – തിന്മ പ്രവർത്തിക്കുന്നവർക്ക് – ശിക്ഷ നൽകുന്നത് ദൈവമാണ്. നമ്മൾ അവർക്ക് ശിക്ഷ നൽകുകയോ, അവരുടെമേൽ വിധി പ്രസ്താവിക്കുകയോ, അവരെയോർത്ത് സമയം പാഴാക്കുകയോ ചെയ്യേണ്ട കാര്യമില്ല. ദൈവം ഏൽപിച്ചിരിക്കുന്ന ഈ ജീവിതം കൊണ്ട് കൂടുതൽ നന്മ ചെയ്യുകയായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
ഫാ. ജി. കടൂപ്പാറയിൽ MCBS




