
‘അച്ചാ, എന്നെ ഒന്ന് ആശ്ലേഷിക്കൂ, ഞാൻ ജീവനോടെയുണ്ട്’. സ്പെയിനിൽ നടന്ന ട്രെയിൻ ദുരന്തത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഓടിയെത്തിയ ഫാ. ജോസ് മിഗുവെൽ ഫെർണാണ്ടസിന്റെ ഹൃദയത്തെ സ്പർശിച്ച വാക്കുകളായിരുന്നു ഇത്. ചുറ്റും ചോരയിൽ കുളിച്ചു കിടക്കുന്ന അനേകം മനുഷ്യർ. എങ്ങും നിലവിളികളും കരച്ചിലും മാത്രം. എന്ത് ചെയ്യണമെന്നറിയാതെ നിന്ന ആ വൈദികന്റെ ഒരു ദിവസത്തെ മുഴുവൻ രക്ഷാപ്രവർത്തനങ്ങൾക്കും കാരണമായി മാറിയ വാക്കുകളായിരുന്നു പരിക്കേറ്റ ഒരു മനുഷ്യന്റെ ഈ അഭ്യർഥന.
ഒരു നിമിഷം സ്തബ്ധനായി പോയ വൈദികൻ
ദുരന്തം നടന്നയുടൻ തന്നെ അവിടേക്ക് പാഞ്ഞെത്തിയ ഫാ. ഫെർണാണ്ടസ് തനിക്ക് കാണേണ്ടിവന്ന രംഗങ്ങളെ ‘അതിഭീകരം’ എന്നാണ് വിശേഷിപ്പിച്ചത്. ട്രെയിൻ ബോഗികളിൽ നിന്ന് ചോരയിൽ കുളിച്ചു പുറത്തേക്ക് എത്തുന്നവരുടെ ഒരു വലിയ നിരയാണ് അച്ചന് അവിടെ ആദ്യം കാണേണ്ടി വന്നത്. പരിക്കേറ്റവർ ഒരുപാട് പേരുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മരിച്ചവരുടെ എണ്ണം ഉയർന്നുകൊണ്ടിരുന്നു. ഏറെ ആശങ്കകൾ നിറഞ്ഞ സമയം. രക്ഷാപ്രവർത്തനം അങ്ങേയറ്റം ദുഷ്കരമായിരുന്ന ആ നിമിഷങ്ങളിൽ നാട്ടുകാരും സന്നദ്ധപ്രവർത്തകരും കൈകോർത്താണ് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്.
ജീവനുവേണ്ടി പിടയുന്ന മനുഷ്യരും മൃതദേഹങ്ങൾ വരിവരിയായി സ്ട്രെച്ചറുകളിൽ കൊണ്ടുപോകുന്നതും ഫാ. ഫെർണാണ്ടസിനെ സംബന്ധിച്ചിടത്തോളം ഹൃദയം തകർക്കുന്ന കാഴ്ചകളായിരുന്നു. എന്നാൽ ഈ കാഴ്ചകൾക്കിടയിലും ദൈവത്തിങ്കലേക്കു കണ്ണുകൾ ഉയർത്തുന്ന അനുഭവങ്ങളും ഉണ്ടായതായി വൈദികൻ വെളിപ്പെടുത്തുന്നു.
ദൈവം തന്ന സന്ദേശം പോലെ ഒരു കൂടിക്കാഴ്ച
അത്യന്തം വേദനാജനകമായ സാഹചര്യത്തിൽ എവിടെ നിന്ന് തുടങ്ങണം എന്ന ചിന്തയിൽ നിൽക്കുകയായിരുന്നു അദ്ദേഹം. ആ നിമിഷമാണ് പരിക്കേറ്റ ഒരു മനുഷ്യൻ അച്ചന്റെ അടുത്തേക്ക് എത്തിയത്. അയാൾ പറഞ്ഞു “അച്ചാ, എന്നെ ഒന്ന് ആശ്ലേഷിക്കൂ, ഞാൻ ജീവനോടെയുണ്ട്!”. ആ ആലിംഗനം ആ ദിവസം മുഴുവൻ തനിക്ക് നൽകിയ ഊർജ്ജം ചെറുതല്ലെന്ന് ഫാ. ഫെർണാണ്ടസ് ഓർക്കുന്നു.
“ഞാൻ എന്നോട് തന്നെ പറഞ്ഞു, ഇന്ന് ആളുകൾക്ക് സാന്ത്വനമേകാനുള്ള ഏറ്റവും നല്ല വഴി അവരെ കെട്ടിപ്പിടിക്കുക എന്നതാണ്. അങ്ങനെയാണ് ഞാൻ ആ പ്രഭാതം മുഴുവൻ ആ വലിയ ദുരന്തമുഖത്ത് ചെലവഴിച്ചത്. ആളുകളുടെ കൈകളിൽ പിടിച്ചും അവരെ ചേർത്തുപിടിച്ചും ഞാൻ ആശ്വാസമേകി.” ഫാ. ഫെർണാണ്ടസ് പറയുന്നു.
പരിക്ക് ഗുരുതരമായി രക്തസ്രാവമുണ്ടായവർക്ക് ഡ്രിപ്പ് ബാഗുകൾ (IV bags) പിടിച്ചുകൊടുത്തും മരണാസന്നരായവർക്ക് ആത്മീയ സാന്ത്വനം നൽകിയും ഫാ. ഫെർണാണ്ടസും മറ്റ് സഭാപ്രതിനിധികളും മണിക്കൂറുകളോളം അവിടെ തുടർന്നു. ഒരു നിമിഷം കൊണ്ട് മരണഭീതിയിലേക്ക് ആഴ്ന്നിറങ്ങിയ ആ മനുഷ്യർക്ക് പ്രാർഥനകളും ആശീർവാദവും നൽകിയാണ് ഈ വൈദികൾ ദൈവത്തിന്റെ കരമായി മാറിയത്.
പലപ്പോഴും ആളുകളുടെ വേദനകൾക്കൊപ്പം തങ്ങളും കരഞ്ഞു പോയതായി ഈ വൈദികൻ സാക്ഷ്യപ്പെടുത്തുന്നു. “ഞങ്ങൾ വൈദികരാണ്. ഒപ്പം മനുഷ്യരും. ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നത് ഞങ്ങളുടെ തന്നെ സഹോദരനും സഹോദരിയും ഒക്കെയായിരുന്നു. അവരുടെ വേദന ഞങ്ങളുടേതും ആയി മാറി”- ഫാ. ഫെർണാണ്ടോ പറഞ്ഞു.




