സഹനങ്ങളും രോഗങ്ങളും പക്വതയിലേക്ക് വളരാനുള്ള സാധ്യതകളാകാം: ഫ്രാൻസിസ് പാപ്പ

സഹനങ്ങളും രോഗങ്ങളും പ്രതിരോധിക്കപ്പെടേണ്ട പ്രശ്നങ്ങളാണെങ്കിലും മനുഷ്യയോഗ്യമായ രീതിയിൽ വേണം അവയ്ക്ക് പരിഹാരം കാണേണ്ടതെന്നും, അവയെ മൂടിവയ്ക്കുന്നതിലല്ല വിവേകമെന്നും ഫ്രാൻസിസ് പാപ്പ. പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രോഗങ്ങളെയും വേദനകളെയും അഭിമുഖീകരിക്കുകാൻ സാധിച്ചാൽ അവ പക്വതയിലേക്ക് വളരാൻ നമ്മെ സഹായിക്കുന്ന സാഹചര്യങ്ങളായി മാറുമെന്ന് നിരവധി ആളുകളുടെ ജീവിതസാക്ഷ്യം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ജീവിതത്തിൽ യഥാർഥത്തിൽ ആവശ്യമായവ ഏതെന്ന് തിരിച്ചറിയാൻ ഇത്തരം സാഹചര്യങ്ങൾ നമ്മെ പഠിപ്പിക്കുമെന്നും യേശുവിന്റെ ജീവിതോദാഹരണമാണ് ഈയൊരു മാർഗം  നമുക്ക് കാണിച്ചുതരുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.

സഹനത്തിലും രോഗാനുഭവങ്ങളിലും കൂടി കടന്നുപോകുന്നവരെ സഹായിക്കാനും അതേസമയം, നമ്മുടെ സഹനങ്ങളെ ക്രിസ്തുവിന്റെ രക്ഷാകരമായ ബലിയോടൊപ്പം ചേർക്കാനും നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു.

സഹനങ്ങളും രോഗങ്ങളും പ്രതിരോധിക്കപ്പെടേണ്ടവയാണെന്നും എന്നാൽ അവ മനുഷ്യന് യോജിച്ച വിധത്തിൽ വേണം ചെയ്യേണ്ടതെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. തങ്ങളുടെ കഴിവുകളെക്കുറിച്ചുള്ള ചിത്രം മോശമാകാതിരിക്കാനായി അവയെ തമസ്കരിക്കുന്നതിലൂടെയല്ല ഈ പ്രശ്നങ്ങൾക്ക് പരിഹാരം തേടേണ്ടതെന്ന് പാപ്പ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.