പെറുവിൽ ഉണ്ടായ ശക്തമായ ഭൂകമ്പം: നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾക്ക് കനത്ത നാശനഷ്ടം

പെറുവിലെ പർവതമേഖലയായ ഹുനീനിൽ (Junín) ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ദൈവാലയങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. ജൂലൈ 19 നാണ് റിക്ടർ സ്കെയിലിൽ 5.1, 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ പെറുവിൽ ഉണ്ടായത്. ഭൂകമ്പത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

ഭൂചലനത്തിൽ ചോംഗോസ് ബഹോയിലെ വിശുദ്ധ യാക്കോബിന്റെ ദൈവാലയം, പുംപൂന്യയിലെ എൽ കൊപ്പോൺ ചാപ്പൽ തുടങ്ങിയ പുരാതന ദൈവാലയങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ചരിത്രപ്രസിദ്ധമായ ചോംഗോസ് ബഹോയിലെ വിശുദ്ധ യാക്കോബിന്റെ ദൈവാലയത്തിന്റെ മേൽക്കൂര ഭാഗികമായി തകരുകയും മണിമാളിക ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാകുകയും ചെയ്തിട്ടുണ്ട്. എൽ കൊപ്പോൺ ചാപ്പലിനും ഭൂചലനത്തിൽ കനത്ത കേടുപാടുകൾ സംഭവിച്ചു.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് പെറുവിയൻ ബിഷപ്പ് കോൺഫറൻസ് അനുശോചനം അറിയിക്കുകയും പ്രാർഥനകൾ അർപ്പിക്കുകയും ചെയ്തു. ഹുവാങ്കായോ അതിരൂപതയുടെ കീഴിലുള്ള ‘കാരിത്താസ്’ (Caritas) സംഘടന ദുരന്തബാധിതർക്ക് അടിയന്തര ആശ്വാസ സാമഗ്രികൾ എത്തിച്ചുനൽകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.