കണ്ണീരിനിടയിലും ലഭിച്ച ‘സ്വർഗീയ സമ്മാനം’: മാർപാപ്പയെ കാണാൻ കാത്തിരിക്കുന്ന കൊച്ച് ആൽമയുടെ സ്വപ്നം പൂവണിഞ്ഞു

“ഞാൻ വിറയ്ക്കുകയായിരുന്നു, ഉള്ളിൽ വലിയൊരു വികാരവായ്പായിരുന്നു. അത്രയും മനോഹരമായ ഒരു സമ്മാനമായിരുന്നു എനിക്ക് ആ നിമിഷം. വളരെ വാത്സല്യത്തോടെയാണ് മാർപാപ്പ എന്റെ അടുത്തേക്ക് വന്നത്. പാപ്പയും വളരെ വികാരാധീനനായി കാണപ്പെട്ടു”- ആൽമ എന്ന പെൺകുട്ടി തന്റെ ഏറെ നാളത്തെ ആഗ്രഹം, സ്വപ്നം പൂവണിഞ്ഞ നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ്. വേദനകൾ നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മകൾക്കിടയിലും തീവ്രമായി അവൾ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു മാർപാപ്പയെ ഒരു പ്രാവശ്യം എങ്കിലും കാണണം എന്നത്. അതിനായി ആഗ്രഹിച്ചു പ്രാർഥിച്ചു കാത്തിരുന്ന ആ പെൺകുട്ടിയുടെ സ്വപ്ന സാക്ഷാത്കാരം ആയിരുന്നു പാപ്പയുമായി നടന്ന കൂടിക്കാഴ്ച്ച.

തലച്ചോറിലെ ട്യൂമർ ആൽമയ്ക്കു സ്ഥിരീകരിക്കുന്നത് പത്താം മാസത്തിൽ ആണ്. ഒട്ടും സമയം കളയാതെ അടിയന്തരമായി ശസ്ത്രക്രിയ നടത്തി. തുടർന്ന് ഏകദേശം രണ്ടു വർഷത്തോളം നീണ്ട കീമോതെറാപ്പി ചികിത്സകൾ. പിന്നീട് രോഗം വീണ്ടും വരുന്നത് തടയാനുള്ള പോരാട്ടങ്ങളും ആശുപത്രി മുറികളിൽ കാത്തിരുന്ന നീണ്ട മണിക്കൂറുകളും: “ശസ്ത്രക്രിയകളും ചികിത്സകളും കീമോതെറാപ്പിയുമായിട്ടാണ് ഞങ്ങൾ ഞങ്ങളുടെ ജീവിതം മുഴുവൻ കഴിച്ചുകൂട്ടിയത്” എന്ന് അമ്മ അലീന പറയുന്നു.

വേദനകൾക്കിടയിലും ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും ആ കുടുംബം കൈവിട്ടില്ല. അത്തരമൊരു പ്രത്യാശയുടെയും പ്രാർഥനയുടെയും ഫലമായാണ്, മാഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിൽ വച്ച് മാർപാപ്പയെ നേരിൽ കാണാനും പാപ്പയുടെ അനുഗ്രഹം ഏറ്റുവാങ്ങാനുമുള്ള അവസരം ഈ കൊച്ചുമകൾക്ക് ലഭിക്കുന്നത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിൻ സന്ദർശനവേളയിലായിരുന്നു ആൽമയ്ക്ക് ലഭിച്ച സ്വർഗിയ സമ്മാനത്തിന്റെ നിമിഷങ്ങൾ പിറന്നത്. മാധ്യമങ്ങളിൽ ഏറെ പ്രചരിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകളുടെ മനംകവരുകയും ചെയ്ത ഒരു ചിത്രമായിരുന്നു അത്: വീൽചെയറിലിരുന്ന ആ കൊച്ചുപെൺകുട്ടി മുൻനിരയിൽ കാത്തിരിക്കുന്നു, മാർപാപ്പ അവളുടെ അടുത്തേക്ക് വന്ന് നിമിഷങ്ങളോളം നിശ്ചലനായി നിന്ന്, പ്രത്യേക വാത്സല്യത്തോടെ അവളെ അനുഗ്രഹിക്കുന്നു. അതായിരുന്നു ആ ചിത്രവും ആൽമയുടെ സ്വപ്നവും.

മാർപാപ്പയുടെ ഈ സന്ദർശനത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ ലൂർദ് ഹോസ്പിറ്റാലിറ്റിയിലെ തീർഥാടന കേന്ദ്രത്തിൽ രോഗികളെ സഹായിക്കുകയും ആൽമയുടെ കുടുംബത്തെ പലപ്പോഴും പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ള അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയിൽ നിന്ന് ഒരു പ്രവർത്തക അലീനയെ ബന്ധപ്പെട്ടിരുന്നു. അവർ വഴിയാണ് പാപ്പയെ കണ്ടുമുട്ടുന്നതിനുള്ള അവസരം ഒരുങ്ങുന്നത്.

“മാർപാപ്പ ഇത്രയും അടുത്തേക്ക് വരുമെന്ന് ഞങ്ങൾ കരുതിയതേയില്ല. വളരെ ധൃതിയിലായതിനാൽ നേരെ റോയൽ പാലസിലേക്ക് പോകുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ പാപ്പ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് ഭയങ്കര സന്തോഷം തോന്നി”- അമ്മ അലീന വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.