
ലോകത്തിലെ തന്നെ ക്രൈസ്തവ വിശ്വാസത്തെ ഏറെ സ്വാധീനിച്ച ടൂറിനിലെ തിരുക്കച്ചയെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രശസ്ത ശാസ്ത്ര മാഗസിനായ നേച്ചർ ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച പുതിയ ശാസ്ത്രീയ പഠനമാണ് തിരുക്കച്ചയിൽ അടങ്ങിയിരിക്കുന്ന ഡി.എൻ.എ (DNA) സാന്നിധ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇറ്റലിയിലെ പാദുവ, പവിയ സർവകലാശാലകളുടെ നേതൃത്വത്തിൽ വിവിധ അന്താരാഷ്ട്ര ഗവേഷകർ 2022 സെപ്റ്റംബർ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ ഗവേഷണത്തിന്റെ ഫലമാണിത്.
തിരുക്കച്ചയുടെ ഉപരിതലത്തിൽ നിന്ന് ശേഖരിച്ച ജൈവ അവശിഷ്ടങ്ങളിൽ നടത്തിയ വിപുലമായ ഡി.എൻ.എ പരിശോധനയിലാണ് മനുഷ്യരുടെയും ചെടികളുടെയും മിശ്രിതമായ ജനിതക സാന്നിധ്യങ്ങൾ കണ്ടെത്തിയത്. തിരുക്കച്ചയിൽ നൂറ്റാണ്ടുകളായി സ്പർശിച്ച മനുഷ്യരുടെ ജനിതക അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ് (പാലസ്തീൻ, സിറിയ, ലെബനൻ), വടക്കൻ ആഫ്രിക്ക, പടിഞ്ഞാറൻ യൂറോപ്പ്, ഏഷ്യൻ പ്രദേശങ്ങളിൽ നിന്നുള്ള മനുഷ്യരുടെ ഡി.എൻ.എ സാന്നിധ്യം ഇതിലുണ്ട്.
പ്രധാനമായും അഷ്കനാസി യഹൂദ വിഭാഗങ്ങളിൽ കണ്ടുവരുന്നതും, മിഡിൽ ഈസ്റ്റിലെ പ്രാദേശിക ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ടതുമായ പ്രത്യേക മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ സാന്നിധ്യം പഠനത്തിൽ പ്രകടമായി കണ്ടെത്തി. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന പ്രത്യേകയിനം ചെടികളുടെയും, ചാവുകടലിന്റെ പരിസര പ്രദേശങ്ങളിൽ കാണപ്പെടുന്ന ലവണാംശം കൂടിയ അന്തരീക്ഷത്തിലെ ബാക്ടീരിയകളുടെയും ജനിതക തെളിവുകൾ ഇതിലുണ്ട്.
മധ്യപൂർവദേശത്തുനിന്ന് (Middle East) ആരംഭിച്ച് കൺസ്റ്റാന്റിനോപ്പിൾ വഴി പടിഞ്ഞാറൻ യൂറോപ്പിലേക്കും ഒടുവിൽ ഇറ്റലിയിലെ ടൂറിനിലേക്കുമുള്ള തിരുക്കച്ചയുടെ ചരിത്രപരമായ യാത്രയെ ശരിവെക്കുന്നതാണ് ഈ സസ്യ-മനുഷ്യ ഡി.എൻ.എ കണ്ടെത്തലുകളെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു.




