കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം: കർദിനാൾ സുപ്പി

കർദിനാൾ മത്തെയോ സൂപ്പിയുടെ മോസ്കോയിലേക്കുള്ള മൂന്നാമത് ദൗത്യം സെപ്റ്റംബർ 30 ബുധനാഴ്ച അവസാനിച്ചു. 2023 ജൂണിലും 2024 ഒക്ടോബറിലുമായിരുന്നു അദ്ദേഹത്തിന്റെ മുൻ സന്ദർശനങ്ങൾ.

മാനുഷിക വിഷയങ്ങൾക്കായുള്ള പരിശുദ്ധ പിതാവിന്റെ പ്രത്യേക പ്രതിനിധിയും ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റുമായ കർദിനാൾ, കഴിഞ്ഞ ജൂലൈയിൽ ഉക്രൈൻ സന്ദർശിച്ചിരുന്നു. ല്വീവ് മേഖലയിൽ റഷ്യൻ യുദ്ധത്തടവുകാരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളും അദ്ദേഹം അന്ന് സന്ദർശിച്ചു. ബുധനാഴ്ച, ഉക്രേനിയൻ യുദ്ധത്തടവുകാരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പ് കർദിനാൾ സന്ദർശിച്ചു. അവരുമായി സംസാരിച്ച അദ്ദേഹം, ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്നേഹവും സാമീപ്യവും അറിയിക്കുകയും അവർക്ക് ഉടൻ തന്നെ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

മോസ്കോയിലെ അപ്പസ്തോലിക് നുൺഷിയോ ആയ ആർച്ച്ബിഷപ്പ് ജിയോവന്നി ഡി അനിയെല്ലോ മൂന്നു ദിവസം നീണ്ടുനിന്ന സന്ദർശനത്തിലുടനീളം കർദിനാളിനെ അനുഗമിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവുമായി കർദിനാൾ സുപ്പി കൂടിക്കാഴ്ച നടത്തി. സൈനിക-സിവിലിയൻ തടവുകാർ, കാണാതായവർക്കായുള്ള തിരച്ചിൽ, കുടുംബങ്ങളുടെ പുനരേകീകരണം, കുട്ടികളെ തിരികെയെത്തിക്കൽ എന്നിവയിലായിരുന്നു ഇവരുടെ ചർച്ചകൾ പ്രധാനമായും കേന്ദ്രീകരിച്ചത്.

റഷ്യൻ ഫെഡറേഷന്റെ ഹ്യൂമൻ റൈറ്റ്സ് കമ്മീഷണർ യാന ലന്തത്രോവ, ചൈൽഡ് റൈറ്റ്സ് കമ്മീഷണർ മരിയ ല്വോവ-ബെലോവ എന്നിവരുമായും കർദിനാൾ കൂടിക്കാഴ്ച നടത്തി. നിർമ്മാണാത്മകമായ സമീപനത്തിന് യാന ലന്തത്രോവ അദ്ദേഹത്തിന് നന്ദി അറിയിച്ചു. “കുടുംബങ്ങൾ വീണ്ടും ഒന്നിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകൾ ശക്തമാക്കുകയും വേഗത്തിലാക്കുകയും ചെയ്യേണ്ടതുണ്ട്,” കർദിനാൾ സുപ്പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.