ഞായർ പ്രസംഗം: ഏലിയാ-സ്ലീവാ-മൂശാക്കാലം ആറാം ഞായര്‍ ഒക്ടോബർ 04, യോഹ 12: 27-36 മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ സ്ലീവ മൂന്നാം ഞായറിലൂടെ നാം കടന്നുപോവുകയാണ്. ഈ കാലത്തില്‍ നാം സവിശേഷമായി ചിന്തിക്കുന്നത് വിശുദ്ധ സ്ലീവായുടെ രഹസ്യാത്മകതയാണ്. കുരിശ് സഹനത്തിന്റെയും രക്ഷയുടെയും അടയാളമായതിനാല്‍ ഈശോ തന്റെ ദൗത്യനിര്‍വഹണത്തില്‍ സഹനങ്ങളെ എപ്രകാരം നേരിട്ടുവെന്നും എപ്രകാരം നാം അവയെ അഭിമുഖീകരിക്കണമെന്നും ഈ കാലഘട്ടത്തിലെ വചനഭാഗം നമ്മെ ഓര്‍മിപ്പിക്കുന്നു. അതോടൊപ്പം വിശുദ്ധ സ്ലീവായുടെ മഹത്വവും മിശിഹായാകുന്ന ദിവ്യപ്രകാശവും നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ സ്ലീവാക്കാലം.

ഈശോ തന്റെ സുവിശേഷപ്രഘോഷണത്തിന്റെ അവസാനഭാഗത്ത് എത്തിനില്‍ക്കുമ്പോള്‍, ഈശോ താന്‍ വഹിക്കാന്‍പോകുന്ന സഹനത്തിന്റെ കയ്പ്പുകളര്‍ന്ന കാസയെ ഓര്‍ത്ത് അസ്വസ്ഥപ്പെടുത്തുകയാണ്. ഇത് ഈശോയുടെ സമ്പൂര്‍ണ്ണമായ മാനുഷികത അഥവാ മനുഷ്യരുടെ പൂര്‍ണ്ണതയെ എടുത്തുകാട്ടുന്നു. മനുഷ്യരായ നാം ഓരോരുത്തരും ഇതുപോലെ സഹനത്തിലൂടെ കടന്നുപോകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. മിശിഹാ ദൈവഹിതത്തിന് തന്നെത്തന്നെ സമര്‍പ്പിച്ചതുപോലെ നാമും ദൈവഹിതത്തിന് വിട്ടുകൊടുക്കാന്‍ പഠിക്കണം. അവിടെയാണ് പിതാവ് മഹത്വപ്പെടുത്തുകയും സാത്താന്റെ അഹംഭാവം തകര്‍ക്കപ്പെടുകയും ചെയ്യുക.

തുടര്‍ന്ന്, ഈശോ തന്നെത്തന്നെ പ്രകാശത്തിന്റെ ഉറവിടമായിരിക്കുകയാണ്. ”ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ ചരിക്കുന്നില്ല. പ്രത്യുത, അവനില്‍ പ്രകാശമുണ്ടായിരിക്കും” എന്ന് ഈശോ പറയുന്നു. ഇത് ഈശോ പ്രകാശമായി വീണ്ടും തന്നെ ഉപമിക്കുകയും പ്രകാശം അസ്തമിച്ച് അന്ധകാരത്തിന്റെ അധിപനായ സാത്താന്‍ ദൈവമക്കളെ വഴിതെറ്റിക്കാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. അതിനാല്‍ കോഴിക്കുഞ്ഞുങ്ങള്‍ അമ്മക്കോഴിയുടെ ചിറകന്‍കീഴില്‍ സുരക്ഷിതരായി ഇരിക്കുന്നതുപോലെ പ്രകാശമുള്ളപ്പോള്‍ പ്രകാശത്തിന്റെ സംരക്ഷണവലയത്തില്‍ നിലയുറപ്പിക്കാന്‍ മിശിഹാ ആഹ്വാനം ചെയ്യുന്നു.

തിന്മ നിറഞ്ഞ പശ്ചാത്തലത്തിലാണ് ദൈവം നോഹയുടെ കാലത്ത് പ്രളയം അയച്ച് ശിക്ഷിക്കുകയും പിന്നീട് സമാധാനത്തിന്റെ അടയാളമായി ആകാശത്ത് മഴവില്ല് സ്ഥാപിക്കുകയും ചെയ്തത്. എന്നാല്‍ പ്രവാചകനായ മോശയുടെ കാലത്ത് സമാനമായ മറ്റൊരടയാളം നല്‍കപ്പെട്ടു. തിന്മ വീണ്ടും പെരുകിയ പശ്ചാത്തലത്തില്‍ ദൈവം ആത്മീയസര്‍പ്പങ്ങളെ ശിക്ഷിക്കുന്നു. എന്നാല്‍ വരാനിരിക്കുന്ന ദൈവപുത്രന്റെ കുരിശ് മരണ-ഉത്ഥാനത്തിന്റെ പ്രതിരൂപമായി പിച്ചളസര്‍പ്പം ഉയര്‍ത്തപ്പെട്ടു. അവയെ നോക്കിയവരെല്ലാം രക്ഷപ്രാപിച്ചു. എന്നാല്‍, അവയുടെയെല്ലാം പൂര്‍ത്തീകരണമായി മനുഷ്യപുത്രന്‍ സ്ലീവായില്‍ ഉയര്‍ത്തപ്പെട്ടു. നമ്മുടെ ഉദ്ധാരണത്തിനു വേണ്ടി, മനുഷ്യകുലത്തിന്റെ ഉത്ഥാനത്തിനും ഉയിര്‍പ്പിനും വേണ്ടി ഈശോമിശിഹായില്‍ നാം ഉയര്‍ത്തപ്പെട്ട നിമിഷം ഈ ലോകത്തിന്റെ അധികാരിയായ സാത്താന്‍ നിത്യശിക്ഷയ്ക്കായി വിധിക്കപ്പെട്ടു.

സ്‌നേഹം നിറഞ്ഞവരേ, ഈ വചനഭാഗത്തു കൂടെ നാം കടന്നുപോകുമ്പോള്‍ സഹനവും സ്ലീവായും കടന്ന് ഒടുവില്‍ ലഭിക്കാന്‍ പോകുന്ന മഹത്വവും നാം പ്രാപ്തമാക്കുമെന്ന ആഹ്വാനമാണ് സ്ലീവാക്കാലം നമ്മെ പഠിപ്പിക്കുന്നത്. സ്ലീവാ കാണുമ്പോള്‍ ഭയന്ന് പേടിച്ചോടിയ പത്രോസും ഇന്ന് നാം ആയിരിക്കുന്ന ദൈവജനത്തിന്റെ മനോഭാവവുമല്ല, മറിച്ച് വിശുദ്ധ സ്ലീവായെ തന്റെ പേരിനൊപ്പം നെഞ്ചോട് ചേര്‍ത്തുവച്ച കുരിശിന്റെ വി ശുദ്ധ യോഹന്നാനെപ്പോലെ (St. John of the Cross) സഹനങ്ങളെ നെഞ്ചോട് ചേര്‍ക്കാനും അവ ആത്മാക്കളുടെ ര ക്ഷയ്ക്കായി കാഴ്ചവയ്ക്കാനും സഹനങ്ങളെ കണ്ടപ്പോള്‍ ഈശോയ്ക്കുണ്ടായിരുന്ന മനോഭാവം വളര്‍ത്തിയെടുത്ത് പ്രകാശത്തിന്റെ പൊന്‍കിരണം വഹിക്കുന്ന മക്കളായി മാറാന്‍ നമ്മെ ശക്തരാക്കട്ടെ എന്ന് നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.

ദിവ്യകാരുണ്യ നാഥന്‍ നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേന്‍.

ബ്രദര്‍ ഡൊമിനിക് പുളിക്കല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.