ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 03

നവംബറിലെ അവസാന വ്യാഴാഴ്ച താങ്ക്സ് ഗിവിംഗ് ഡേ എന്ന പേരിൽ അമേരിക്കയിൽ ദേശീയ അവധിയായി പ്രഖ്യാപിച്ചത് 1863 ഒക്ടോബർ മൂന്നിനായിരുന്നു. ആഭ്യന്തര ഐക്യം വർധിപ്പിക്കുന്നതിനായി നാഷണൽ താങ്ക്സ് ഗിവിംഗ് ഡേ സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് ക്യാമ്പയിൻ ആരംഭിച്ചത് സാറാ ജോസഫ് ഹെയ്ൽ എന്ന മാധ്യമപ്രവർത്തകയാണ്. സാറായുടെ ആവശ്യത്തിന് പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ പിന്തുണ ലഭിച്ചതോടെയാണ് ഇങ്ങനെയൊരു ദിനാചരണം നിലവിൽ വന്നത്. 1863 നവംബർ 26 ന് ആദ്യത്തെ നന്ദിപ്രകടന ദിനാചരണം നടക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത് അതിനും ഒരു മാസം മുമ്പ് ഒക്ടോബർ മൂന്നിനായിരുന്നു.

ബ്രിട്ടനിൽ ആദ്യത്തെ ആറ്റംബോബ് പരീക്ഷണം നടന്നത് 1952 ഒക്ടോബർ മൂന്നിനായിരുന്നു. ആണവശക്തിക്കായി അമേരിക്കയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ആഗ്രഹിച്ച് 1946 ഒക്ടോബറിലാണ് അണുബോംബുണ്ടാക്കാനുള്ള ശ്രമം ബ്രിട്ടൻ ആരംഭിച്ചത്. മന്ത്രിമാർ പോലുമറിയാതെ വളരെ രഹസ്യമായി നടപ്പാക്കിയ ഈ പദ്ധതിയുടെ പൂർത്തീകരണവേളയിൽ വിൻസ്റ്റൺ ചർച്ചിലായിരുന്നു പ്രധാനമന്ത്രി. 1952 മെയ് മാസത്തിലാണ് പരീക്ഷണം നടത്തുന്നതിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. ഓസ്ട്രേലിയയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള മോണ്ടെ ബെല്ലോ ദ്വീപിലാണ് ആണവപരീക്ഷണം നടന്നത്. ഒക്ടോബർ മൂന്നിന് പ്രാദേശിക സമയം രാവിലെ എട്ടുമണിക്ക് സ്ഫോടനം നടന്നപ്പോൾ ടൺകണക്കിന് പാറകളും മണ്ണും കടൽവെള്ളവുമാണ് ആകാശത്തേക്ക് ചിതറിത്തെറിച്ചത്. ഒക്ടോബർ 23 ന് പരീക്ഷണവിജയം ചർച്ചിൽ, ഹൗസ് ഓഫ് കോമൺസിനെ അറിയിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കിഴക്ക്-പടിഞ്ഞാറ് എന്നിങ്ങനെ രണ്ടായി പിരിഞ്ഞുകിടന്നിരുന്ന ജർമ്മനി പുരനേകീകരിക്കപ്പെട്ടത് 1990 ഒക്ടോബർ മൂന്നിനായിരുന്നു. ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നറിയപ്പെട്ടിരുന്ന കിഴക്കൻ ജർമ്മനി സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്നു. ബർലിൻ മതിലിന്റെയും സോവിയറ്റ് യൂണിയന്റെയും പതനത്തോടെ കിഴക്കൻ ജർമ്മനി ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുമായി ലയിച്ചു. അതോടെ കിഴക്കും പടിഞ്ഞാറുമുണ്ടായിരുന്ന ബെർലിൻ നഗരം ഒന്നാവുകയും പുതിയ ജർമ്മനിയുടെ തലസ്ഥാനമായി മാറുകയും ചെയ്തു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.