
സംസ്ഥാനത്ത് ഒക്ടോബർ ആറ് വരെ ഇടിയോടു കൂടിയ മഴയ്ക്കും വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മോശം കാലാവസ്ഥ കണക്കിലെടുത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഒക്ടോബർ നാലിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. അഞ്ചിന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ആറിന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ 24 മണിക്കൂറിനുള്ളിൽ വലിയ തോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഒക്ടോബർ നാല് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ഉയർന്നേക്കാം. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മീൻപിടുത്തത്തിന് തടസ്സങ്ങളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.




