സ്പീക്കർ ഷംസീറിന്റെ നിലപാട് പ്രതിഷേധാർഹം: കത്തോലിക്ക കോൺഗ്രസ്‌

ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ചുള്ള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസ്താവന മതസ്പർദ്ധ വളർത്തുന്നതാണെന്നും തികച്ചും പ്രതിഷേധാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി.

ഭരണഘടനാപരമായ ഉത്തരവാദിത്വം വഹിക്കുന്ന സ്പീക്കർ പരാമർശം പിൻവലിക്കണം. സ്വന്തം സമുദായ ആചാരങ്ങളെ പുകഴ്ത്തുകയും മറ്റു മതങ്ങളുടെ ആചാരങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്ന രീതി ഭരണാധികാരികൾക്ക് ഭൂഷണമല്ല. എല്ലാ മതങ്ങൾക്കും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അത് ഉൾക്കൊള്ളാൻ സാധിക്കാത്തവർ ജനാധിപത്യരാജ്യത്ത് ഭരണഘടനാസ്ഥാനത്ത് തുടരാൻ യോഗ്യരല്ല. ഇത്തരം നിന്ദകൾ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. മതസൗഹാർദ്ദം നിലനിൽക്കുന്ന സംസ്ഥാനത്ത് ഇത്തരം നിലപാടുകൾ സമുദായസ്പർദ്ധയ്ക്ക് കാരണമാകും. സ്പീക്കർ നിരൂപണം പിൻവലിച്ചില്ലെങ്കിൽ സർക്കാർ കൃത്യമായ നടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശ്ശേരി, ഭാരവാഹികളായ ഡോ. ജോസുകുട്ടി ഒഴുകയിൽ, രാജേഷ് ജോൺ, ടെസ്സി ബിജു, തോമസ് പീടികയിൽ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.