മെയ് മാസത്തിൽ പോംപെ തീർഥാടനകേന്ദ്രത്തിൽ പ്രത്യേക പ്രാർഥനകൾ നടക്കും

മെയ് മാസത്തിൽ പരിശുദ്ധ അമ്മയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഇറ്റലിയിലെ പോംപെ തീർഥാടനകേന്ദ്രത്തിൽ പ്രത്യേക പ്രാർഥനകൾ നടത്താൻ രൂപതാധികൃതർ തയ്യാറെടുക്കുന്നു. ‘മേരിക്ക് സുപ്രഭാതം’ എന്നപേരിൽ അറിയപ്പെടുന്ന പ്രഭാതപ്രാർഥനകൾ എല്ലാ ദിവസവും തിങ്കൾ മുതൽ ശനി വരെ 6.30-ന്, വിശ്വാസികൾ ബസിലിക്കയിൽ ഒത്തുകൂടി നടത്തും.

വിവിധ ദിവസങ്ങളിലെ ദിവ്യബലിക്ക് മെത്രാന്മാർ പ്രധാന കാർമ്മികത്വം വഹിക്കും. മെയ് നാലു മുതൽ എട്ടു വരെ ആഗോള സമാധാനത്തിനുവേണ്ടിയുള്ള പ്രത്യേക പ്രാർഥനകൾ നടത്തും. ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പയുടെ നാമധേയത്തിലുള്ള ചത്വരത്തിൽ വച്ച് തദവസരത്തിൽ ജപമാലയും ചൊല്ലി പ്രാർഥിക്കും.

മെയ് ഇരുപത്തിയഞ്ചാം തീയതി വിവിധ ഇടങ്ങളിൽനിന്നും കാൽനടയായി കടന്നുവരുന്ന തീർഥാടകരെ പള്ളിയങ്കണത്തിലേക്ക് സ്വീകരിച്ചാനയിക്കും. തീർഥാടനകേന്ദ്രത്തിലെ ഓരോ കർമ്മങ്ങളും ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.