തെക്കൻ ഈജിപ്തിൽ ക്രൈസ്തവർക്കുനേരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: വീടുകളും കടകളും കത്തിനശിച്ചു

ഈജിപ്തിൽ ക്രൈസ്തവരുടെ ഭവനങ്ങൾക്കുനേരെ ആക്രമണം നടത്തി ഇസ്ലാമിക തീവ്രവാദികൾ. ഏപ്രിൽ 23 ചൊവ്വാഴ്ച രാത്രി 11 മണിയോടെ മിനിയ ഗവർണറേറ്റിലെ സാഫ് അൽ-ഖമർ അൽ-ഗർബിയയിലെ അൽ-ഫവാഖർ ഗ്രാമത്തിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള നിരവധി വീടുകളും കടകളും കത്തിനശിച്ചു.

3,000 ക്രിസ്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർ പള്ളിക്കെട്ടിടം പണിയാൻ പെർമിറ്റ് നേടിയെന്ന വാർത്ത പരന്നതിനെ തുടർന്നായിരുന്നു ആക്രമണം. ബിൽഡിംഗ് പെർമിറ്റ് നൽകിയതിനുശേഷം പള്ളിയുമായി ബന്ധപ്പെട്ട ചിലർക്ക് ഭീഷണികളുണ്ടായി. ഇത് അധികാരികളെ അറിയിക്കാൻ മിനയിലെ ആർച്ച്ബിഷപ്പ് അബ്ന മക്കാറിയോസിനെ പ്രേരിപ്പിച്ചു.

സുരക്ഷാസേനയുടെ സുരക്ഷാവാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും ആക്രമണം നടന്നപ്പോൾ ആർച്ച്ബിഷപ്പിന്റെയും പ്രാദേശിക കോപ്റ്റിക് സമൂഹത്തിന്റെയും സഹായാഭ്യർഥനകൾ ചെവിക്കൊള്ളാൻ സുരക്ഷാസേന തയ്യാറായില്ല. ആക്രമണത്തിനുശേഷം മാത്രമാണ് സുരക്ഷാസേന എത്തിയത്. വീടുകൾ അഗ്നിക്കിരയാക്കിയ തീവ്രവാദികൾ, കത്തുന്ന തങ്ങളുടെ വീടുകളിൽ നിന്നും ക്രൈസ്തവർ പുറത്തെത്തി രക്ഷപെടുന്നത് തടഞ്ഞിരുന്നു. ഇക്കാരണത്താൽ തന്നെ എത്രപേർ മരിച്ചു എന്നതും അജ്ഞാതമായി തുടരുകയാണ്. ഈജിപ്ഷ്യൻ അധികൃതർ ഇതുവരെ മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.