വിശുദ്ധനാട്ടിൽ സമാധാനസ്ഥാപനത്തിന് ചർച്ചകൾ അനിവാര്യം: കർദിനാൾ പിറ്റ്സബല്ല

സമാധാനം പുനഃസ്ഥാപിക്കാൻ വിട്ടുവീഴ്ചകളും സംഭാഷണങ്ങളും ഏറെ ആവശ്യമാണെന്ന് ആഹ്വാനം ചെയ്ത് ജെറുസലേമിന്റെ ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർ ബത്തിസ്ത്ത പിറ്റ്സബല്ല. ഇരുനൂറു ദിവസങ്ങളായി തുടരുന്ന യുദ്ധം മധ്യപൂർവേഷ്യയിൽ ഏറെ ദുരിതങ്ങൾ അവശേഷിപ്പിക്കുന്ന അവസരത്തിലാണ് അദ്ദേഹം സമാധാനത്തിനായുള്ള ആഹ്വാനം നടത്തിയത്. ഒപ്പം ദ്വിരാഷ്ട്രനിർമാണം മാത്രമാണ് ശാശ്വത പരിഹാരമാർഗമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇന്ന് അനുഭവിക്കുന്ന യുദ്ധത്തിന്റെ ഏറ്റവും പ്രധാന കാരണം സ്വാർഥതയാണെന്നും അതിനു പകരം നാമെല്ലാവരും ഒരു സമൂഹമാണെന്നുള്ള കൂട്ടായ്മയുടെ ചിന്തയാകണം നമ്മെ ഭരിക്കേണ്ടതെന്നും കർദിനാൾ ഓർമ്മപ്പെടുത്തി. “മതപരമായ ആഘോഷ അവസരങ്ങൾ ഇപ്രകാരം പരസ്പരം തിരിച്ചറിയാനും സംഭാഷണം നടത്താനുമുള്ള ഒരു പ്രധാന അവസരമാണ്. മതാന്തര സംവാദപ്രസംഗങ്ങളെക്കാൾ മതിലുകൾ തകർത്തുകൊണ്ട് ഒരുമിച്ചുള്ള അത്താഴം ഏറെ പ്രധാനപ്പെട്ടതാണ്” – കർദിനാൾ കൂട്ടിച്ചേർത്തു.

ക്രൈസ്തവരെന്ന നിലയിൽ സുവിശേഷത്താൽ നയിക്കപ്പെടുന്ന ഒരു ജീവിതശൈലിക്ക് നാം ഉടമകളായിരിക്കണമെന്നും, പുനരുത്ഥാനത്തിന്റെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യാശയാണ് നമ്മുടെ വിശ്വാസമെന്നും അദ്ദേഹം അടിവരയിട്ടു. യുദ്ധാവസരത്തിൽ ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾക്കു ലഭിച്ച വലിയ സ്വീകാര്യതയും കർദിനാൾ അനുസ്മരിച്ചു. നവംബറിൽ ഫ്രാൻസിസ് പാപ്പയുടെ ഏകാന്തവും ധീരവുമായ ആഹ്വാനമാണ് ബന്ദികളെ മോചിപ്പിക്കുന്നതിനും സ്ട്രിപ്പിൽ ഉടനടി വെടിനിർത്തലിനുമുള്ള വഴിതെളിച്ചതെന്നുള്ള സത്യവും കർദിനാൾ പറഞ്ഞു.

യുദ്ധസാഹചര്യത്തിൽ അനുഭവിക്കുന്ന ഏകാന്തതയുടെ ബുദ്ധിമുട്ടുകളും കർദിനാൾ പങ്കുവച്ചു. എന്നാൽ ഏകാന്തതയിൽ നിന്നുള്ള വലിയ ആശ്വാസമാണ് പ്രാർഥനയെന്നും, അവിടെ കർത്താവിന്റെ സാന്നിധ്യം തിരിച്ചറിയാവാൻ നമുക്ക് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭ നിരവധി ആളുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും നൽകുന്ന സഹായങ്ങൾ വിശുദ്ധനാട്ടിലെ ആളുകൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.