
സ്പാനിഷ് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലൂയിസ് ഡി ലാ ഫ്യുന്റെ, സ്പെയിൻ സ്വന്തമാക്കിയ ഫുട്ബോൾ ലോകകപ്പ് കിരീടം സരഗോസയിലെ പ്രശസ്തമായ ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് ദി പില്ലറിൽ (Basilica of Our Lady of the Pillar) എത്തിച്ച് പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു. ഒക്ടോബർ 19 -ന് നടന്ന പ്രത്യേക ചടങ്ങിലാണ് അദ്ദേഹം കിരീടം സമർപ്പിച്ചത്.
റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) പ്രസിഡന്റ് റാഫേൽ ലൂസാൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ”ഇത് വളരെ വികാരനിർഭരമായ ഒരു അനുഭവമാണ്. വിർജിൻ ഓഫ് ദി പില്ലറിനോടുള്ള എന്റെ ഭക്തി നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ്. ഇവിടെ നിങ്ങൾ ഏവരോടുമൊപ്പം ആയിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷവും അഭിമാനവുമുണ്ട്”- ലൂയിസ് ഡി ലാ ഫ്യുന്റെ പറഞ്ഞു. എന്റെ ജീവിതകാലം മുഴുവൻ മനസ്സിൽ നിലനിൽക്കുന്ന മായാത്തൊരു ഓർമ്മയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളിക്കാരിൽ എളിമയും ഒത്തൊരുമയും വളർത്താൻ മാതാവിന്റെ അനുഗ്രഹം യാചിച്ചുകൊണ്ട് ആർ.എഫ്.ഇ.എഫ് പ്രസിഡന്റ് റാഫേൽ ലൂസാൻ കിരീടം മാതാവിന് സമർപ്പിച്ചു. സരഗോസ ആർച്ച് ബിഷപ്പ് കാർലോസ് എസ്ക്രിബാനോ, ആറഗോൺ ഗവൺമെന്റ് പ്രസിഡന്റ് ജോർജ്ജ് അസ്കോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്പെയ്നിന്റെ ലോകകപ്പ് വിജയം സരഗോസയിലെ പതിനായിരക്കണക്കിന് ആളുകൾ ആഘോഷിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമായിരുന്നു ഈ സന്ദർശനം. നിർമ്മാണത്തിലിരിക്കുന്ന പുതിയ ‘ലാ റൊമാരേഡ’ (La Romareda) സ്റ്റേഡിയം സന്ദർശിക്കുന്നതും പ്രതിനിധി സംഘത്തിന്റെ പരിപാടിയിൽ ഉൾപ്പെട്ടിരുന്നു.




