
ഈജിപ്തിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കത്തോലിക്കർ വളരെ ചെറിയൊരു വിഭാഗമാണെങ്കിലും വിവിധ മേഖലകളിൽ ഇവർ നൽകുന്ന സേവനങ്ങൾ വളരെ വലുതാണ്. ലക്സറിലെ ബിഷപ്പ് ഇമ്മാനുവൽ ബിഷയ് (Bishop Emmanuel Bishay), എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിനു നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏകദേശം 12 കോടി ജനസംഖ്യയുള്ള ഈജിപ്തിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ക്രിസ്ത്യൻ വിഭാഗത്തിൽ പുരാതന കോപ്റ്റിക് ഓർത്തഡോക്സ് സഭയാണ് ഏറ്റവും വലുത് (1 കോടിയിലധികം വിശ്വാസികൾ). എന്നാൽ കത്തോലിക്കാ കോപ്റ്റിക് വിഭാഗത്തിൽ ഏകദേശം മൂന്നു ലക്ഷത്തോളം വിശ്വാസികൾ മാത്രമാണുള്ളത്. എണ്ണത്തിൽ ചെറുതാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയിലൂടെ ഈജിപ്ഷ്യൻ സമൂഹത്തിന് മാതൃകാപരമായ സേവനങ്ങളാണ് കത്തോലിക്കാസഭ നൽകുന്നത്. രാജ്യത്തെ മികച്ച ചില സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും സഭയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും പരിമിതമായ അപ്പർ ഈജിപ്ത് (Upper Egypt) പോലുള്ള പിന്നോക്ക പ്രദേശങ്ങളിൽ സഭയുടെ സേവനങ്ങൾ വളരെ നിർണ്ണായകമാണ്. വിശ്വാസത്തോടൊപ്പം സമൂഹത്തിന്റെ വളർച്ചയ്ക്കും സഭ വലിയ പ്രാധാന്യമാണ് നൽകുന്നത്. മറ്റ് മതവിഭാഗങ്ങളുമായി നല്ല സൗഹൃദം പുലർത്തുന്നതിനൊപ്പം, സഭയുടെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകാൻ സന്നദ്ധപ്രവർത്തനങ്ങളും മതബോധനവും വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് ബിഷപ്പ് വ്യക്തമാക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് കൈക്കൊണ്ട ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ, 2015-ൽ ലിബിയയിൽ വച്ച് ജിഹാദികൾ വധിച്ച കോപ്റ്റിക് രക്തസാക്ഷികളെ കത്തോലിക്കാ സഭ തങ്ങളുടെ ഔദ്യോഗിക ലിറ്റർജിക്കൽ കലണ്ടറിലേക്ക് ഉൾപ്പെടുത്തിയിരുന്നു; അവർ എല്ലാവരും ഓർത്തഡോക്സ് വിശ്വാസികളായിരുന്നിട്ടുപോലും ആ ഒരു തീരുമാനത്തിൽ നിന്ന് കത്തോലിക്കാ സഭ പിന്നോട്ട് പോയില്ല. അവരുടെ മാതൃകയിൽ എല്ലാ കത്തോലിക്കരും അഭിമാനിക്കുന്നുവെന്നും, ഈജിപ്തിലെ ക്രിസ്ത്യാനികൾ പൊതുവേ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി ഏതറ്റം വരെയും ത്യാഗം സഹിക്കാൻ (ആത്മബലി അർപ്പിക്കാൻ) എപ്പോഴും സന്നദ്ധരാണെന്നും ബിഷപ്പ് ബിഷയ് പറഞ്ഞു.
“മുമ്പ് കേട്ടിരുന്ന തീവ്രനിലപാടുകാരുടെ ശബ്ദങ്ങൾക്ക് ഇപ്പോൾ വലിയ പ്രാധാന്യമില്ല, അതേസമയം മിതവാദി ശബ്ദങ്ങൾക്ക് പ്രചാരം ഏറിവരികയാണ്. മാറ്റം സാവധാനത്തിലാണെങ്കിലും പ്രകടമാണ്. ആളുകൾ മിതവാദ നിലപാടുള്ളവരെ ശ്രദ്ധിക്കുന്നുണ്ട്, കൂടാതെ അവർക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഗവൺമെന്റ് നൽകുന്നുമുണ്ട്. കാര്യങ്ങൾ ഈ വഴിക്കാണ് നീങ്ങുന്നത്. ഈജിപ്ത് ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ സ്ഥിതിഗതികൾ ഇനിയും മെച്ചപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു”- മുസ്ലീങ്ങളുമായുള്ള തങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് ബിഷപ്പ് പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ പോലും തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി പതിവായി കത്തോലിക്കാ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്. ആരോഗ്യ സംരക്ഷണ മേഖലയിലും ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. ഞങ്ങളുടെ രൂപതയിൽ മാത്രം 14 ക്ലിനിക്കുകളുണ്ട്. ഇതിലധികവും തങ്ങളുടെ സമയമത്രയും ഈ സേവനത്തിനായി മാറ്റിവച്ചിരിക്കുന്ന കന്യാസ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ബിഷപ്പ് വ്യക്തമാക്കി. “കത്തോലിക്കാ സഭ ഈ സേവനങ്ങൾ നൽകുക മാത്രമല്ല ചെയ്തത്; ഇത്തരം സേവനങ്ങൾ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ഈജിപ്ഷ്യൻ സമൂഹത്തിന് കാണിച്ചു കൊടുക്കുക കൂടി ചെയ്തു. നമ്മെ കണ്ടാണ് കോപ്റ്റിക് ഓർത്തഡോക്സ് സഭ ഇത്തരം പ്രവർത്തനങ്ങൾ പഠിച്ചത്; അടുത്തകാലത്തായി മസ്ജിദുകളും ഈ മാതൃക പിന്തുടർന്ന് സമാനമായ സാമൂഹിക സേവനങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഈ രംഗത്ത് കത്തോലിക്കാ സഭ ഒരു വഴികാട്ടിയായിരുന്നു”- ബിഷപ്പ് പറഞ്ഞു നിർത്തി.




