
ലെയോ പതിനാലാമൻ മാർപാപ്പയുടെ പെറു സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് പെറുവിലെ അപ്പസ്തോലിക് നൂൺഷ്യോ മോൺസിഞ്ഞോർ പൗലോ റോക്കോ ഗ്വാൾട്ടിയേരി സ്ഥിരീകരിച്ചു. ഒപ്പം നവംബർ 11 മുതൽ 16 വരെ സന്ദർശനം നടത്തുന്ന പാപ്പയെ സ്വീകരിക്കാൻ വലിയ സന്തോഷത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ന് രാവിലെ പരിശുദ്ധ പിതാവ് പൊതു കൂടിക്കാഴ്ച നടത്തി. പാപ്പ ആരോഗ്യനില വീണ്ടെടുത്തതായി ഞങ്ങൾ കണ്ടു. യാത്ര ഉറപ്പായിട്ടുണ്ട്. വലിയ സന്തോഷത്തോടെയാണ് ഞങ്ങൾ പാപ്പയ്ക്കായി കാത്തിരിക്കുന്നത്,” ലിമയിൽ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും വ്യവസായികളും ഉൾപ്പെടെ 300-ഓളം നേതാക്കൾക്കായി സംഘടിപ്പിച്ച 2026-ലെ നാഷണൽ പ്രയർ ബ്രേക്ക്ഫാസ്റ്റിൽ വച്ച് മോൺ. പൗലോ റോക്കോ ഗ്വാൾട്ടിയേരി പറഞ്ഞു.
“പാപ്പയ്ക്ക് നമ്മുടെ രാജ്യത്തെ നന്നായി അറിയാം, വിശ്വാസത്തിൽ നമ്മെ കൂടുതൽ സ്ഥിരപ്പെടുത്താനാണ് പാപ്പ വരുന്നത്. ആപ്തവാക്യം പറയുന്നതുപോലെ, പെറുവിലുള്ള ഓരോ വ്യക്തിയും പാപ്പയുടെ സന്ദേശം സ്വീകരിക്കാനായി തങ്ങളുടെ ഹൃദയം തുറക്കട്ടെ”- അദ്ദേഹം ആഹ്വാനം ചെയ്തു.




