ജെറുസലേമിലെ ക്രിസ്ത്യൻ ഗ്രാമമായ തയ്ബെയിലെ ആക്രമണങ്ങളെ അപലപിച്ച് സഭാ നേതൃത്വം

ക്രിസ്തീയ ഗ്രാമമായ തയ്ബെയിൽ ഒക്ടോബർ 17, ശനിയാഴ്ച മുഖംമൂടി ധരിച്ച കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തെ ജെറുസലേമിലെ സഭാ തലവന്മാരും പാത്രിയാർക്കീസുമാരും ശക്തമായി അപലപിച്ചു. ഒലിവ് വിളവെടുപ്പിൽ ഏർപ്പെട്ടിരുന്ന നാട്ടുകാരെയും, ഐക്യദാർഢ്യ സന്ദർശനത്തിനെത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം.

“ക്രിസ്തീയ ഗ്രാമമായ തയ്ബെയിലും അവിടുത്തെ സമാധാനപ്രിയരായ ജനങ്ങൾക്കുമെതിരെ ഉണ്ടായ ഈ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ആഴ്ചകളിൽ വെസ്റ്റ് ബാങ്കിലെ പാലസ്തീനിയൻ ഗ്രാമങ്ങളും കുടിയേറ്റക്കാരുടെ വലിയ തോതിലുള്ള ഭീകരവാദത്തിന് ഇരയായി. ഒലിവ് വിളവെടുപ്പ് നടക്കുന്ന ഈ സമയത്ത് തങ്ങളുടെ ഉപജീവനത്തിനും തലമുറകളായി തുടരുന്ന ഭൂമിയുമായുള്ള ബന്ധം നിലനിർത്താനും കുടുംബങ്ങൾ തോട്ടങ്ങളിലേക്ക് പോകുമ്പോഴാണ് ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത്.” ജെറുസലേം ലത്തീൻ പാത്രിയാർക്കേറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ സഭാ നേതാക്കൾ വ്യക്തമാക്കുന്നു.

ആക്രമണത്തെ തുടർന്ന് ഇസ്രായേൽ പൊലീസ് നടത്തിയ ഇടപെടലുകളെയും അറസ്റ്റുകളെയും അവർ സ്വാഗതം ചെയ്തു. ഈ നിയമനടപടികൾ ഒറ്റപ്പെട്ട സംഭവമായി അവശേഷിക്കാതെ ഗൗരവത്തോടെയും സ്ഥിരതയോടെയും തുടരുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ബന്ധപ്പെട്ട അധികാരികളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.