ഒൻപത് സ്ത്രീകളുടെ കൊലപാതകം: മൂന്നു പേർ അറസ്റ്റിൽ; ലിംഗാധിഷ്ഠിത അതിക്രമങ്ങളെ അപലപിച്ച് സൗത്ത് ആഫ്രിക്കൻ ആർച്ച്ബിഷപ്

ദക്ഷിണാഫ്രിക്കയിലെ എകുർഹുലേനിയിൽ (Ekurhuleni) ഒൻപത് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെയും ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതിനെയും തുടർന്ന്, രാജ്യത്തെ ലിംഗാധിഷ്ഠിത അതിക്രമങ്ങളെ അപലപിക്കുകയും സ്ത്രീകളെ ബഹുമാനിക്കാനും സംരക്ഷിക്കാനും പുരുഷന്മാരോട് ആഹ്വാനം ചെയ്യുകയും ചെയ്ത് ബ്ലൂംഫോണ്ടെയ്ൻ (Bloemfontein) ആർച്ച് ബിഷപ്പ് സോളിൽ പീറ്റർ എംപാംബാനി.

ജൊഹാനസ്ബർഗിന് കിഴക്കുള്ള എകുർഹുലേനിയിൽ ജൂലൈ മാസത്തിനു ശേഷം ഒൻപത് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കൻ പൊലീസ് സ്ഥിരീകരിച്ചു. ഒൻപതാമത്തെ മൃതദേഹം സെപ്റ്റംബർ 17 വ്യാഴാഴ്ച രാവിലെയോടെ ബോക്‌സ്ബർഗിലെ ഡോൺ പാർക്കിൽ നിന്നാണ് കണ്ടെത്തിയത്. പകുതി നഗ്നമായ നിലയിലാണ് ഒടുവിൽ കണ്ടെത്തിയ മൃതദേഹം കിടന്നിരുന്നത്. കൊല്ലപ്പെട്ട മറ്റു സ്ത്രീകൾ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സെപ്റ്റംബർ 21 തിങ്കളാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, കെംപ്ടൺ പാർക്ക് ഏരിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒൻപതാമത്തെ സ്ത്രീയായ ജാബുലിലെ എൻതിംബയുടെ (Jabulile Ntimba) കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ദക്ഷിണാഫ്രിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്. പ്രണയപ്പകയാണ് എൻതിംബയുടെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സെപ്റ്റംബർ 21-ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ഈ കൊലപാതകങ്ങൾ സ്ത്രീകൾ നേരിടുന്ന ക്രൂരതയുടെ തെളിവാണെന്ന് ആർച്ച് ബിഷപ്പ് എംപാംബാനി പറഞ്ഞു. മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനാകാത്ത മറ്റ് നിരവധി ഇരകൾ ഉണ്ടാകാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.