
അമേരിക്കൻ ആർച്ച്ബിഷപ്പായിരുന്ന ദൈവദാസൻ ഫുൾട്ടൻ ജെ ഷീൻ ഇന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടും. മിസോറിയിലെ സെന്റ് ലൂയിസിൽ വച്ചാണ് അദ്ദേഹം വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. വാഴ്ത്തപ്പെട്ട പദവി ചടങ്ങിനു മുന്നോടിയായി, മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ സുവിശേഷപ്രവർത്തനങ്ങളെ ലെയോ പതിനാലാമൻ മാർപാപ്പ പ്രകീർത്തിച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ സെപ്റ്റംബർ 23 ന് നടന്ന പൊതു കൂടിക്കാഴ്ച വേളയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
സുവിശേഷ പ്രചാരണരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും ആർച്ച്ബിഷപ്പ് ഷീൻ മാതൃകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. “മിസോറിയിലെ സെന്റ് ലൂയിസിൽ വച്ച് ദൈവദാസൻ ഫുൾട്ടൻ ഷീൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും. മാധ്യമങ്ങളിലൂടെയുള്ള സുവിശേഷപ്രവർത്തനത്തിന് പേരുകേട്ട പരിശുദ്ധനായ ഈ ബിഷപ്പിന്റെ മാതൃകയും മധ്യസ്ഥതയും സന്തോഷകരമായ ആവേശത്തോടെ സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിന് പുതിയ വഴികൾ കണ്ടെത്താൻ മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ,” ലെയോ മാർപാപ്പ ആശംസിച്ചു.
2026 സെപ്റ്റംബർ 24 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സെന്റ് ലൂയിസിലെ ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ’ വച്ചാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങുകൾ നടക്കുന്നത്. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റായ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ വാഴ്ത്തപ്പെടൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
നോർവിച്ച് രൂപതയുടെ റിപ്പോർട്ട് അനുസരിച്ച്, അമേരിക്കയിലെ 48 സംസ്ഥാനങ്ങളിൽ നിന്നും 12 രാജ്യങ്ങളിൽ നിന്നുമായി നാൽപത്തി അയ്യായിരത്തോളം തീർഥാടകരും എൺപതിലധികം ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 1895 ൽ ജനിക്കുകയും ‘അങ്കിൾ ഫുൾട്ടി’ എന്ന് സ്നേഹപൂർവം വിളിക്കപ്പെടുകയും ചെയ്ത ആർച്ച്ബിഷപ്പ് ഷീൻ, ‘ലൈഫ് ഈസ് വർത്ത് ലിവിംഗ്’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് അമേരിക്കൻ വീടുകളിൽ സുപരിചിതനായത്. 1952 മുതൽ 1957 വരെ സംപ്രേക്ഷണം ചെയ്ത ഈ പരിപാടി ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകൃഷ്ടരാക്കി.
വാഷിംഗ്ടണിലും ബെൽജിയത്തിലെ ലൂവെയ്ൻ സർവകലാശാലയിലുമായി പഠനം പൂർത്തിയാക്കിയ ആർച്ച്ബിഷപ്പ് ഷീൻ, 1953 ൽ ഏറ്റവും മികച്ച വ്യക്തിത്വത്തിനുള്ള എമ്മി അവാർഡ് കരസ്ഥമാക്കി. 1966 ൽ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ ന്യൂയോർക്കിലെ റോച്ചസ്റ്റർ ബിഷപ്പായി നിയമിച്ചു. മൂന്ന് വർഷത്തിനു ശേഷം രൂപതാ ഭരണത്തിൽ നിന്ന് വിരമിച്ചെങ്കിലും, 1979 ഡിസംബറിലെ മരണം വരെ അദ്ദേഹം തന്റെ പൊതു സുവിശേഷസേവനം തുടർന്നു.




