
ജനുവരി മധ്യത്തിലെ സെൻട്രൽ ഇല്ലിനോയിസിലെ കാലാവസ്ഥ നിരീക്ഷിക്കുന്നത് 15 വയസ്സുള്ള ജെയിംസ് ഫുൾട്ടൺ എങ്‌സ്ട്രോമിന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങളിലൊന്നായിരുന്നു. അടുത്തിടെ ഉണ്ടായ കൊടുങ്കാറ്റിൽ എത്രമാത്രം മഞ്ഞ് വീഴുമെന്ന കണക്കുകൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ കാണിച്ചുകൊണ്ട് അവൻ ആവേശത്തോടെ സംസാരിക്കുന്നു. എങ്കിലും, ജെയിംസിന്റെ ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന മറ്റൊരു ബന്ധമുണ്ട്. ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ ഷീനുമായുള്ളത്. ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതോടെ, അദ്ദേഹത്തിന്റെ വിശുദ്ധപദവിയിലേക്കുള്ള യാത്രയിൽ മറ്റൊരു നിർണ്ണായകഘട്ടം കൂടി കടക്കുകയാണ്.
ഫെബ്രുവരി ഒൻപതിന് ഇല്ലിനോയിസിലെ പിയോറിയ രൂപതയുടെ ബിഷപ്പ് ലൂയിസ് ടിൽക്ക, ആർച്ച്ബിഷപ്പ് ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനുള്ള കാരണം അംഗീകരിച്ചതായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾ നിശ്ചയിക്കുന്നതിനായി അദ്ദേഹം വത്തിക്കാനിലെ വിശുദ്ധരുടെ പ്രഖ്യാപനത്തിന്റെ ഡിക്കാസ്റ്ററിയുമായി (Dicastery for the Causes of Saints) സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്.
“അദ്ദേഹം എന്റെ സംരക്ഷകനാണ്. എന്റെ രോഗശാന്തിയിൽ അദ്ദേഹത്തിന് പങ്കുണ്ട്. ഞാൻ എല്ലാ ദിവസവും അദ്ദേഹത്തോടു പ്രാർഥിക്കുന്നു” – ജെയിംസ് പറയുന്നു.
അദ്ഭുതകരമായ ഒരു രോഗശാന്തി
2010 സെപ്റ്റംബർ 16 ന് ഇല്ലിനോയിസിലെ വാഷിംഗ്ടണിൽ ജനിച്ച ജെയിംസ്, ജനനസമയത്ത് പൊക്കിൾക്കൊടിയിലെ കുരുക്ക് മൂലം 61 മിനിറ്റ് വരെ നാഡിമിടിപ്പില്ലാതെയും ശ്വാസമില്ലാതെയുമുള്ള അവസ്ഥയിലായിരുന്നു. മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ, ജെയിംസ് ഒരു മണിക്കൂറിലധികം ‘ക്ലിനിക്കൽ മരണാവസ്ഥ’യിൽ തുടർന്നു.
ഗർഭകാലം മുതൽത്തന്നെ മാതാപിതാക്കളായ ബോണിയും ട്രാവിസ് എങ്‌സ്ട്രോമും അവരുടെ കുഞ്ഞിനെ ഫുൾട്ടൺ ഷീനിന്റെ സംരക്ഷണത്തിന് ഏൽപിച്ചിരുന്നു. എല്ലാ മെഡിക്കൽ സാധ്യതകളും അവസാനിച്ചുവെന്ന് ഡോക്ടർമാർ തീരുമാനിച്ച നിമിഷത്തിലാണ്, വിശദീകരിക്കാൻ കഴിയാത്ത രീതിയിൽ ജെയിംസിന്റെ ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങിയത്. അദ്ഭുതകരമായ ഈ രോഗശാന്തിയാണ് സഭ ഔദ്യോഗികമായി അംഗീകരിച്ചത്. അതുതന്നെയാണ് ആർച്ച്ബിഷപ്പ് ഷീനിന്റെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് വഴിയൊരുക്കിയ അദ്ഭുതത്തിനു കാരണമായി മാറിയതും.
“എനിക്ക് ‘അദ്ഭുതശിശു’ ആകാൻ ഇഷ്ടമാണ്. ഷീനിന്റെ വിശുദ്ധ പദവിയിലേക്കുള്ള യാത്രയിൽ ഒരു ചെറിയ പങ്കെങ്കിലും വഹിക്കാനായത് എനിക്ക് വളരെ സ്പെഷ്യൽ ആണ്” – ജെയിംസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
മധ്യസ്ഥനും സംരക്ഷകനുമായ ഫുൾട്ടൺ ഷീൻ
‘സംരക്ഷകൻ’ എന്ന പദം ആർച്ച്ബിഷപ്പ് ഷീനിന് വളരെ ചേരുന്ന പദമാണെന്ന് ജെയിംസിന്റെ അമ്മ ബോണി പറയുന്നു. അവരുടെ കുടുംബജീവിതത്തിൽ അദ്ദേഹം ഇന്ന് ഒരു അടുത്ത സുഹൃത്തിനെപ്പോലെയാണ്. വാഷിംഗ്ടണിലെ അവരുടെ വീട്ടിലെ സ്വീകരണമുറിയിൽ നിറയെ ഷീനിന്റെ പുസ്തകങ്ങളാണ്. ‘ദി സെവൻ ലാസ്റ്റ് വേർഡ്‌സ്’ പോലുള്ള കൃതികൾ അവരുടെ ദൈനംദിന ആത്മീയജീവിതത്തിന്റെ ഭാഗമാണ്.
“ജെയിംസ് ജനിച്ച നിമിഷം മുതൽ തന്നെ, അവന്റെ ജീവിതത്തിലുടനീളം ഷീൻ കൂടെയുണ്ടാകണമെന്ന് ഞാൻ പ്രാർഥിച്ചിരുന്നു. ദൈവത്തെ കൂടുതൽ സ്നേഹിക്കാനല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്ത ഒരാളായി ഞാൻ ഇന്നും അദ്ദേഹത്തെ കാണുന്നു” – ബോണി പറയുന്നു.
വിശ്വാസത്തിന്റെ അധ്യാപകൻ
പിയോറിയയിലെ സെന്റ് മേരി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിലെ ആർച്ച്ബിഷപ്പ് ഷീനിന്റെ ശവകുടീരം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ രചനകൾ വായിക്കുകയും കുട്ടികളുമായി വിശ്വാസ സംഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നത് എങ്‌സ്ട്രോം കുടുംബത്തിന്റെ പതിവാണ്. ഷീൻ തന്റെ ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ഒരു വിശുദ്ധ മണിക്കൂർ (Holy Hour) ആചരിച്ചിരുന്നുവെന്നത് കുടുംബത്തിൽ പലപ്പോഴും ചർച്ചയാകുന്നു.
ഒരു ദിവസം ബോണി തന്റെ മകൾ തെരേസയോടു ചോദിച്ചു: “ഒരു ഹോളി അവർ എത്ര മിനിറ്റാണ്?”
“അറുപത് മിനിറ്റ്” – തെരേസ മറുപടി പറഞ്ഞു.
“ജെയിംസ് 61 മിനിറ്റിനു ശേഷം ജീവിതത്തിലേക്ക് തിരികെവന്നു” – ബോണി പറഞ്ഞു. “അത് അദ്ഭുതകരമായ ഒരു യാദൃശ്ചികതയല്ലേ?”
അസാധാരണമായ കഥയുള്ള ഒരു സാധാരണ കൗമാരക്കാരൻ
ഒട്ടേറെ മെഡിക്കൽ പരിശോധനകൾക്കും ശസ്ത്രക്രിയകൾക്കും ജെയിംസ് വിധേയനായിട്ടുണ്ടെങ്കിലും ഇന്ന് അവൻ ഒരു സാധാരണ കൗമാരക്കാരനാണ്. വാഷിംഗ്ടൺ ഹൈസ്കൂളിൽ പഠിക്കുന്ന അവൻ ബാസ്‌കറ്റ്ബോൾ കളിക്കാനും നീന്താനും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും ഇഷ്ടപ്പെടുന്നു.
കാലാവസ്ഥാശാസ്ത്രമാണ് അവന്റെ പാഷൻ. WMBD-TV യിലെ ചീഫ് മെറ്റീരിയോളജിസ്റ്റ് ക്രിസ് യേറ്റ്സുമായുള്ള കൂടിക്കാഴ്ച അവനെ സ്റ്റുഡിയോ സന്ദർശനത്തിലേക്കും നയിച്ചു. മഞ്ഞ് വീഴുമ്പോൾ അയൽവാസികളുടെ നടപ്പാത വൃത്തിയാക്കാൻ കോരികയുമായി ഇറങ്ങുന്നവനാണ് ജെയിംസ്. “അവന് കഠിനാധ്വാനം ചെയ്യാൻ ഇഷ്ടമാണ്” – അമ്മ പറയുന്നു.
2019 ൽ താൽക്കാലികമായി നിർത്തിവച്ച വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം
ജെയിംസിന്റെ രോഗശാന്തിയെക്കുറിച്ചുള്ള രൂപതാ അന്വേഷണ ട്രൈബ്യൂണൽ 2011 ൽ ആരംഭിക്കുകയും 2014 ൽ വത്തിക്കാൻ മെഡിക്കൽ-ദൈവശാസ്ത്ര ഉപദേഷ്ടാക്കൾ അദ്ഭുതം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. 2019 ജൂലൈ ആറിന് ഫ്രാൻസിസ് മാർപാപ്പ ഈ അദ്ഭുതത്തിന് ഔദ്യോഗിക അംഗീകാരം നൽകി. ഡിസംബർ 21 ന് പിയോറിയയിൽ വാഴ്ത്തപ്പെട്ട പദവി ചടങ്ങ് നടത്താനായിരുന്നു പദ്ധതി. എന്നാൽ കൂടുതൽ പഠനം ആവശ്യപ്പെട്ടതിനെത്തുടർന്ന് നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
“അത് വേദനാജനകമായിരുന്നു. എന്നാൽ, ദൈവത്തിന് മറ്റൊരു പദ്ധതിയുണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചു” – ബോണി ഓർക്കുന്നു.
ഇപ്പോൾ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം വത്തിക്കാൻ അംഗീകരിച്ചതോടെ എന്താണ് മുന്നിൽ കാത്തിരിക്കുന്നതെഎന്ന ആകാംക്ഷയിലാണ് എങ്‌സ്ട്രോം കുടുംബം.




